യഥാർഥ കടുവയെ പരസ്യത്തിനായി ഉപയോഗിച്ചു; ലക്ഷ്വറി ബ്രാൻഡിനെതിരെ വിമർശനം
Photos: instagram.com/gucci/
ലക്ഷ്വറി ഫാഷൻ ഹൗസായ ഗൂചിക്കെതിരെ വിമർശനം ഉയരുന്നു. പരസ്യചിത്രത്തിനായി യഥാർഥ കടുവയെ ഉപയോഗിച്ചതാണ് ഗുചിയെ പ്രതിരോധത്തിൽ ആക്കിയിരിക്കുന്നത്. മൃഗസ്നേഹികൾ ഉൾപ്പെടെ ഗൂചിയുടെ പരസ്യത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തി.
Gucci is sending the wrong message by promoting tigers as pets and luxury items when they are wild animals who belong in the wild. We urge Gucci to stop using wild animals in their campaigns and issue a statement that tigers belong in the wild. https://t.co/r7JAHgWtfH
ഈ മാസമാദ്യമാണ് ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ ഗൂചി ടൈഗർ കളക്ഷൻ എന്ന പേരിൽ വസ്ത്രശേഖരം പുറത്തിറക്കിയത്. ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന ചൈനീസ് ടൈഗർ ഇയറിനോട് അനുബന്ധിച്ചാണ് പുതിയ കളക്ഷനും പുറത്തുവിട്ടത്. ഇതിനായി തയ്യാറാക്കിയ പരസ്യത്തിലാണ് യഥാർഥ കടുവയെയും ഉൾക്കൊള്ളിച്ചത്.
മോഡലുകൾക്ക് സമീപം യഥാർഥ കടുവകളെയും ഉൾക്കൊള്ളിച്ചാണ് പരസ്യം തയ്യാറാക്കിയത്. ചിത്രീകരണത്തിനിടയിൽ മൃഗങ്ങളെ ഉപദ്രവിച്ചിട്ടില്ലെന്ന് അമേരിക്കൻ ഹ്യൂമൻ സൊസൈറ്റി നിരീക്ഷിച്ചതാണെന്നും ഗൂചിയുടെ ഇൻസ്റ്റഗ്രാം പേജിൽ നൽകിയിരുന്നു. എന്നാൽ, മൃഗസംരക്ഷണ പ്രവർത്തകരും ഉപഭോക്താക്കളും ബ്രാൻഡിനെതിരെ ഒരുപോലെ രംഗത്തെത്തി.
മാർക്കറ്റിങ്ങിനു വേണ്ടി വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത് അഭികാമ്യമല്ലെന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടിയത്. ഗൂചിയുടെ പുതിയ കളക്ഷൻ നന്നായിട്ടുണ്ടെന്നും എന്നാൽ, കടുവയെ ഉൾക്കൊള്ളിച്ചത് മോശമായെന്നും ചിലർ കമന്റ് ചെയ്തു. കടുവ അരുമമൃഗമല്ലെന്ന് മനസ്സിലാക്കൂ എന്ന് ഗൂചിയെ ഉപദേശിച്ചവരുമുണ്ട്.
നിരവധി മൃഗസംരക്ഷണ സംഘടനകളും ഗൂചിക്കെതിരെ പ്രതിഷേധവുമായെത്തി. പരസ്യങ്ങളിൽ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത് നിർത്താൻ ഗൂചിയോട് ആവശ്യപ്പെടൂ എന്ന് PETA(The People for the Ethical Treatment of Animals) തങ്ങളുടെ അനുയായികളോട് ആവശ്യപ്പെടുകയും ചെയ്തു.
അമേരിക്കയിലെ ലോക മൃഗസംരക്ഷണ സംഘടനയും പ്രതിഷേധം പ്രകടിപ്പിച്ചു. കടുവകളെപ്പോലെയുള്ള വന്യമൃഗങ്ങളെ അരുമകളാക്കി ചിത്രീകരിച്ച് ഗൂചി തെറ്റായ സന്ദേശം നൽകുകയാണെന്ന് സംഘടന അഭിപ്രായപ്പെട്ടു.
പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി ബ്രാൻഡ് രംഗത്തെത്തുകയും ചെയ്തു. ഗൂചിയുടെ നയങ്ങൾക്കനുസൃതമായി പ്രത്യേക സുരക്ഷിത അന്തരീക്ഷത്തിലാണ് കടുവകളെ ചിത്രീകരിച്ചതെന്നും പിന്നീട് ക്യാംപയിനിൽ കൂട്ടിച്ചേർക്കുകയായിരുന്നു എന്നുമാണ് വിശദീകരണം.
Content Highlights: gucci under fire for using real tigers in ad campaign