വനിതാ ഓട്ടോഡ്രൈവറുടെ മാസവരുമാനം 45,000 രൂപ; 'ഹൃദയം നിറച്ച യാത്രാനുഭവം', കുറിപ്പുമായി യുവതി, വൈറൽ

#Lifestyle Desk
ഇലക്ട്രിക് ഓട്ടോറിക്ഷ - പ്രതീകാത്മക ചിത്രം, വൈറലായ വനിതാ ഓട്ടോറിക്ഷാ ഡ്രൈവർ | Photos: Mathrubhumi, x.com/sneha_prabhu
ഇലക്ട്രിക് ഓട്ടോറിക്ഷ - പ്രതീകാത്മക ചിത്രം, വൈറലായ വനിതാ ഓട്ടോറിക്ഷാ ഡ്രൈവർ | Photos: Mathrubhumi, x.com/sneha_prabhu

ഒരു വനിതാ ഓട്ടോറിക്ഷാ ഡ്രൈവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്‌നേഹ പ്രഭു എന്ന യുവതി ഇവരെക്കുറിച്ച് സാമൂഹികമാധ്യമമായ എക്‌സിൽ കുറിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് വനിതാ ഡ്രൈവർ വൈറൽ താരമായത്. അതേസമയം ഇവരുടെ പേരോ, മുഖമോ ഒന്നും സ്‌നേഹ പങ്കുവെച്ചിട്ടില്ല. ഓട്ടോറിക്ഷ ഓടിക്കുന്ന വനിതാ ഡ്രൈവറുടെ പിന്നിൽനിന്നുള്ള ചിത്രം മാത്രമാണ് പോസ്റ്റിനൊപ്പമുള്ളത്.

ബെംഗളൂരുവിൽ വെച്ചാണ് സ്‌നേഹ വനിതാ ഡ്രൈവറുടെ ഓട്ടോറിക്ഷയിൽ കയറിയത്. ഓട്ടോയാത്രയ്ക്കിടെ താൻ ഡ്രൈവറായ യുവതിയുമായി സംസാരിച്ചുവെന്ന് സ്‌നേഹ പറയുന്നു. ഓട്ടോറിക്ഷ ബുക്ക് ചെയ്തപ്പോൾ വനിതാ ഡ്രൈവറാണെന്ന് കണ്ട് തന്റെ സുഹൃത്തുക്കൾ തന്നേക്കാൾ ആവേശംകൊണ്ടുവെന്നും സ്‌നേഹ പറഞ്ഞു. നമ്മ യാത്രി എന്ന ബുക്കിങ് ആപ്പ് വഴിയാണ് സ്‌നേഹയും സുഹൃത്തുക്കളും ഓട്ടോറിക്ഷ വിളിച്ചത്.

Also Read: മുംബൈയിലെ ഓട്ടോ ഡ്രൈവർ മാസം സമ്പാദിക്കുന്നത് 8 ലക്ഷം രൂപയോളം, അതും ഓട്ടം പോവാതെ

ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കാനാണ് കൂടുതൽ എളുപ്പമെന്ന് ഡ്രൈവർ സ്‌നേഹയോട് പറഞ്ഞു. വായ്പയെടുത്താണ് ഓട്ടോറിക്ഷ വാങ്ങിയത്. രണ്ടരലക്ഷം രൂപ ഇതിനകം തിരിച്ചടച്ചുവെന്നും യുവതി പറഞ്ഞു.

തന്റെ വരുമാനത്തെ കുറിച്ചും യുവതി സ്‌നേഹയോട് തുറന്നുസംസാരിച്ചു. മാസം 45,000 രൂപ വരെ താൻ സമ്പാദിക്കാറുണ്ടെന്നാണ് അവർ പറയുന്നത്. ചിലപ്പോൾ അതിൽ കൂടുതലും ലഭിക്കും. കോറമംഗലയിലുടനീളം 300-ഓളം വനിതാ ഓട്ടോറിക്ഷാ ഡ്രൈവർമാർ ഉണ്ടെന്നും എല്ലാവരും ഒരു ഗ്രൂപ്പ് വഴി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു. തന്നെ ആരും പരിഹസിച്ചിട്ടില്ലെന്നും ഭൂരിഭാഗം പേരും പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും യുവതി കൂട്ടിച്ചേർത്തു.

സിഗ്നലിലും മറ്റും ഓട്ടോറിക്ഷ നിർത്തുമ്പോൾ ചെറുപ്പക്കാർ തന്നോട് വന്ന് സംസാരിക്കുന്നതാണ് ജോലിക്കിടയിലെ പ്രിയപ്പെട്ട നിമിഷങ്ങളെന്നാണ് യുവതി പറയുന്നത്. പെൺകുട്ടികൾ സന്തോഷത്തോടെ കൈവീശി, പുഞ്ചിരിയോടെയും അഭിമാനത്തോടെയുമാണ് സംസാരിക്കാറെന്ന് യുവതി പുഞ്ചിരിയോടെ സ്‌നേഹയോട് പറഞ്ഞു.

Don’t Miss: 'കാർ വാങ്ങാനുള്ള പണമില്ല, അങ്ങനെ ഓട്ടോ ഓടിക്കാൻ തീരുമാനിച്ചു'; ഹൃദയം കീഴടക്കി പെൺകുട്ടി | VIDEO

ഇലക്ട്രിക് ഓട്ടോറിക്ഷയായതിനാൽ സബ്‌സിഡിയോ വായ്പയിൽ പലിശയിളവോ ഒന്നും ഇവർക്ക് ലഭിച്ചിട്ടില്ലെന്നാണ് സ്‌നേഹ പറയുന്നത്. സ്ത്രീകളെ പിന്തുണയ്ക്കാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ എന്നാണ് തന്റെ ആഗ്രഹം. എന്തായാലും ഈ വനിതാ ഓട്ടോറിക്ഷാ ഡ്രൈവർ സന്തോഷവതിയും ആത്മവിശ്വാസമുള്ളവളാണെന്ന് പറഞ്ഞാണ് സ്‌നേഹ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഈ ഓട്ടോറിക്ഷായാത്ര തന്റെ മനസ് നിറച്ചുവെന്നും ചിലപ്പോൾ ബെംഗളൂരു ശരിയായ വഴിയേ സഞ്ചരിക്കുന്നുവെന്നും സ്‌നേഹ കൂട്ടിച്ചേർത്തു.

Also Read: രണ്ടര കിലോമീറ്റർ ദൂരം, മീറ്ററിൽ 39 രൂപ, ബുക്കിങ് ആപ്പിൽ 172; ഓട്ടോയാത്രയുടെ അനുഭവം പങ്കുവെച്ച് യുവതി

നിരവധി പേരാണ് സ്‌നേഹയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. 'ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ സാധാരണമാകണം. സമ്പദ്‌വ്യവസ്ഥയിൽ ഇടപെടുന്ന കൂടുതൽ സ്ത്രീകൾ സമൂഹത്തിലുണ്ടാകണം.' എന്ന് ഒരാൾ കുറിച്ചു. 'രാജ്യത്ത് വനിതാ ഓട്ടോറിക്ഷാ, ടാക്‌സി ഡ്രൈവർമാരുടെ എണ്ണം പതുക്കെയെങ്കിലും വർധിക്കുന്നത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് സഹായിക്കും' എന്ന് മറ്റൊരാൾ കമന്റിട്ടു.

Content Highlights: An inspiring story of a female auto-rickshaw driver in Bengaluru has gone viral after a passenger, Sneha Prabhu, shared her heart-filling experience on X (formerly Twitter). The driver, who operates an electric auto-rickshaw through the 'Namma Yatri' app, revealed that she earns around ₹45,000 per month. Having independently repaid a significant portion of her vehicle loan, she is part of a 300-strong community of woman drivers in Koramangala, showcasing a powerful example of financial independence and women empowerment in urban India.