'അച്ഛന് മറ്റൊരു കുടുംബമുണ്ടെന്നറിഞ്ഞത് 4-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍,അത് തെറ്റായി തോന്നിയിട്ടില്ല'

ഇഷ ഡിയോള്‍, ധര്‍മേന്ദ്ര | Photo: Instagram
ഇഷ ഡിയോള്‍, ധര്‍മേന്ദ്ര | Photo: Instagram

നിരവധി ആരാധകരുള്ള ബോളിവുഡ് താരദമ്പതിമാരാണ് ധര്‍മേന്ദ്രയും ഹേമ മാലിനിയും. ഇരുവരുടേയും രണ്ടാമത്തെ ദാമ്പത്യബന്ധമാണെങ്കിലും പ്രശ്‌നങ്ങളേതുമില്ലാതെ ദീര്‍ഘകാലമായി പങ്കാളികളായി കഴിയുകയാണിവര്‍. ധര്‍മേന്ദ്രയ്ക്ക് ആദ്യബന്ധത്തില്‍ നാല് മക്കളാണുള്ളത്. സിനിമാതാരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ കൂടാതെ വിജീത, അജീത എന്നിവരും. ആദ്യവിവാഹബന്ധം തുടരവേയാണ് ഹേമ മാലിനിയുമായുള്ള ബന്ധം ധര്‍മേന്ദ്ര ആരംഭിച്ചത്. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. സിനിമാതാരമായ ഇഷ ഡിയോളും അഹാന ഡിയോളും. 

താന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് അച്ഛന്‍ ധര്‍മേന്ദ്രയ്ക്ക് മറ്റൊരു കുടുംബമുണ്ടെന്നുള്ള കാര്യം അറിഞ്ഞതെന്ന് പറയുകയാണ് മകള്‍ ഇഷ ഡിയോള്‍. ഹേമ മാലിനി: ബിയോണ്ട് ദ ഡ്രീം ഗേള്‍ എന്ന  ഹേമ മാലിനിയുടെ ആത്മകഥയിലാണ് ഇതിനെക്കുറിച്ച് ഇഷയുടെ പരാമര്‍ശം. നിനക്ക് രണ്ട് അമ്മമാരുണ്ടല്ലേ എന്ന സഹപാഠിയുടെ ചോദ്യമായിരുന്നു അതിന് കാരണമായതെന്നും ഇഷ പറയുന്നു. ആ ചോദ്യം തന്നെ ഞെട്ടിച്ചതായും തനിക്ക് ഒരമ്മയേ ഉള്ളൂവെന്ന് ആ കുട്ടിയ്ക്ക് മറുപടി നല്‍കിയതായും ഇഷ കൂട്ടിച്ചേര്‍ക്കുന്നു. അന്ന് വീട്ടിലെത്തിയ ഉടനെ അമ്മയോട് ഇക്കാര്യം പറഞ്ഞതായും ആ നിമിഷത്തിലാണ് അമ്മ തന്നോട് അച്ഛന് മറ്റൊരു കുടുംബമുണ്ടെന്നുള്ള കാര്യം തുറന്നു പറഞ്ഞതെന്നും ഇഷ വ്യക്തമാക്കി. 

അതോടൊപ്പം തന്നെ അമ്മ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതായും അമ്മയുമായുള്ള ബന്ധം വിട്ടശേഷം ആ വ്യക്തി മറ്റൊരു വിവാഹത്തില്‍ പ്രവേശിച്ചതായും താന്‍ മനസ്സിലാക്കിയെന്നും എന്നാല്‍ അക്കാര്യങ്ങളില്‍ തനിക്ക് വിഷമമോ നീരസമോ ഉണ്ടായില്ലെന്നും ഇഷ പറയുന്നു. ബന്ധം ഒഴിയുന്നതോ പുനര്‍വിവാഹം ചെയ്യുന്നതോ തെറ്റല്ലെന്നുള്ള ചിന്ത തന്നിലുണ്ടാക്കിയതിന് പിന്നില്‍ മാതാപിതാക്കളുടെ സംതൃപ്തമായ ദാമ്പത്യജീവിതമാണെന്നും ഇഷ പറയുന്നുണ്ട്. 

ധര്‍മേന്ദ്ര എല്ലാ ദിവസവും ഭക്ഷണം കഴിയ്ക്കാന്‍ തങ്ങളുടെ വീട്ടിലെത്തിയിരുന്നതായും എന്നാല്‍ അവിടെ തങ്ങുന്നത് കുറവായിരുന്നുവെന്നും ഇഷ ഓര്‍മിക്കുന്നുണ്ട്. എപ്പോഴെങ്കിലും അദ്ദേഹം മടങ്ങാതെയുണ്ടെങ്കില്‍ അത് തനിക്കും അഹാനയ്ക്കും അത്ഭുതമായിരുന്നുവെന്നും സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച സമയത്ത് അവരുടെ മാതാപിതാക്കള്‍ ഇരുവരേയും അവിടെ ഒരുമിച്ച് കണ്ടുതുടങ്ങിയതോടെയാണ് ആ അമ്പരപ്പ് ഒഴിഞ്ഞതെന്നും ഇഷ കൂട്ടിച്ചേര്‍ത്തു.  

ധര്‍മേന്ദ്രയുമായുള്ള ബന്ധം ആരംഭിച്ച ശേഷം  ധര്‍മേന്ദ്രയുടെ ഭാര്യ പ്രകാശ് കൗറിനെ കാണാനോ അവരുടെ ജീവിതത്തില്‍ ഇടപെടാനോ ഒരിക്കലും ശ്രമിച്ചിരുന്നില്ലെന്ന് ഹേമ മാലിനി പുസ്തകത്തില്‍ പറയുന്നു. പ്രകാശ് കൗറുമായി കണ്ടുമുട്ടാനിടയുള്ള സന്ദര്‍ഭങ്ങള്‍ കഴിവതും ഒഴിവാക്കിയിരുന്നതായും അവര്‍ പറയുകയുണ്ടായി. 


 

Content Highlights: Esha Deol was in Class 4 when Hema Malini told her that Dharmendra had another family