ഇംഗ്ലണ്ടിൽ 78 കോടിയുടെ വീട്, ചെസിൽ കോടികളുടെ നിക്ഷേപം; കളത്തിന് പുറത്തെ ഹാളണ്ട്

എര്‍ലിങ് ഹാളണ്ട്/ സ്‌പെയിനിലെ മാളിക | Photo: instagram/ haaland/ x
എര്‍ലിങ് ഹാളണ്ട്/ സ്‌പെയിനിലെ മാളിക | Photo: instagram/ haaland/ x

ഈ ലോകകപ്പ് നോർവേയ്ക്കും സ്‌ട്രൈക്കർ എർലിങ് ഹാളണ്ടിനും സ്വപ്‌നക്കുതിപ്പാണ് സമ്മാനിച്ചത്. 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം നോർവെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തി. അവിടെ ഇംഗ്ലണ്ടിന് മുന്നിൽ തോറ്റെങ്കിലും തലയയുർത്തിപ്പിടിച്ചാണ് മടക്കം. ആ വിജയങ്ങളിൽ ഹാളണ്ടിന്റെ പങ്ക് നിർണായകമായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളാണ് താരം നേടിയത്. ഇതോടെ ഫുട്‌ബോൾ ആരാധകർക്കിടയിൽ മാത്രമല്ല, സോഷ്യൽ മീഡിയിയലും ഹാളണ്ട് താരമായി. നോർവേ സ്‌ട്രൈക്കറുടെ ലൈഫ്‌സ്റ്റൈലും മറ്റ് ബിസിനസുകളും ഫിറ്റ്‌നസും ഡയറ്റുമെല്ലാം ആളുകൾ അന്വേഷിച്ചുതുടങ്ങി.

ഫോബ്‌സിന്റെ കണക്ക് അനുസരിച്ച് ഏകദേശം 570 കോടി രൂപയാണ് ഹാളണ്ട് ഗ്രൗണ്ടിൽ നിന്ന് സമ്പാദിക്കുന്നത്. പില്ലേജ് എന്ന പേരിൽ ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്മെന്റ് കമ്പനിയിലൂടെ ബിസിനസിലും ഹാളണ്ട് തന്റേതായ മേൽവിലാസമുണ്ടാക്കിയിട്ടുണ്ട്്. ഹാളണ്ടിന്റെ ഏറ്റവുമൊടുവിലത്തെ ബിസിനസ് ഇടപെടലാണ് നോർവെ ചെസിൽ നടത്തിയ ഏഞ്ചൽ നിക്ഷേപം (തുടക്കകാല സംരംഭങ്ങളെ സഹായിക്കുന്ന വ്യക്തിഗത നിക്ഷേപം). ഏറെക്കുറെ ഇതേ സമയത്ത് തന്നെ നോർവീജിയൻ ബിസിനസുകാരനായ മോർട്ടൻ ബോർഗിനൊപ്പം ചെസ് മേറ്റ്സ് എന്ന പേരിൽ ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്ന ഒരു കമ്പനിയും ഹാളണ്ട് രൂപീകരിച്ചിരുന്നു. ടോട്ടൽ ചെസ് ചാമ്പ്യൻഷിപ്പ് എന്ന പേരിലുള്ള അതിന്റെ പുതിയ ടൂർ ഫോർമാറ്റിൽ 2.7 മില്യൺ ഡോളറെങ്കിലും സമ്മാനത്തുക വരും. 'ചെസ് ഏകാഗ്രത കൂട്ടുന്നു, ഫുട്ബോളുമായി സാമ്യതകൾ അതിനുണ്ട്, പെട്ടെന്നു ചിന്തിക്കണം, ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കണം.'-ഹാളണ്ട് പറയുന്നു.

നെക്ക്കി (KKNEKKI) എന്ന ഹെയർടൈ ഉത്പാദിപ്പിക്കുന്ന ബോൺ ഡെപ് എന്ന നോർവീജിയൻ കമ്പനിയിലും ഹാളണ്ടിന് പങ്കാളിത്തം ഉണ്ട്. ഈ ഹെയർടൈയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ഹാളണ്ട്. കളിക്കിടയിൽ തന്റെ വെളുത്തു നീണ്ട മുടിയിൽ ഹെയർടൈ കെട്ടിവെക്കുന്നത് ബ്രാൻഡിന്റെ ഹാളണ്ട് ഇൻസ്പയേർഡ് കളക്ഷന്റെ വിൽപന കൂട്ടാനിടയാക്കിയിട്ടുണ്ട്. ഇതുകൂടാതെ താരത്തിന് ഹൈപറൈസ് എന്ന റിക്കവറി ടെക്ക് കമ്പനിയിലും സ്‌കാൻഡിനേവിയൻ ലഗേജ് ബ്രാൻഡായ ഡിബിയിലും ഓഹരിയുണ്ട്

സ്റ്റാർട്ടപ്പുകൾക്കും ബ്രാൻഡ് ഇൻവെസ്റ്റ്മെന്റുകൾക്കും പുറമെ ഹാളണ്ടിന് യൂറോപ്യൻ റിയൽ എസ്റ്റേറ്റിൽ വിപുലമായ പോർട്ട്‌ഫോളിയോയുണ്ട്. ഹോളിവുഡിൽ ഒരു കരിയറും കാത്തിരിക്കുന്നു. ഈ വർഷമവസാനം പുറത്തിറങ്ങുന്ന വൈക്വീൻസ് എന്ന അനിമേറ്റഡ് ചിത്രത്തിൽ തന്റെ തന്നെ അനിമേറ്റഡ് പതിപ്പായ ഒരു വൈക്കിങ് യോദ്ധാവിന് ഹാളണ്ട് ശബ്ദം കൊടുക്കുന്നുണ്ട്. കരാട്ടെ കിഡ്, ഏജന്റ് കോഡി ബാങ്ക്സ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ഹരാൾഡ് സ്വാർട്ട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഹാളണ്ടിന്റെ ഭൂസ്വത്തുക്കളിൽ പ്രധാനപ്പെട്ടതാണ് സ്പെയിനിലെ മാർബെലയിലുള്ള ഏഴ് മില്യൺ ഡോളറിന്റെ കൊട്ടാരം. ഇതുകൂടാതെ നോർവെയിലെ ഓസ്ലോയിലുള്ള 3.5 മില്യൺ ഡോളറിന്റെ അപാർട്ട്മെന്റ്, ഇംഗ്ലണ്ടിലെ ചെഷെയറിലുള്ള 8.21 മില്യൺ ഡോളറിന്റെ 10 ബെഡ്റൂം വീട് എന്നിവ ഉൾപ്പെടുന്നു. ഹാളണ്ടിന്റെ ഹെർമിസ് ബിർക്കിൻ ബാഗുകളുടെ ശേഖരം വൈറൽ ആയിരുന്നു. താരത്തിന് റോൾസ് റോയ്സ്, ഫെരാരി, മെഴ്സിഡസ് ബെൻസ്, ഔഡി തുടങ്ങി അത്യാഢംബരകാറുകളുടെ ശേഖരവുമുണ്ട്.

ആറടി നാലിഞ്ച് ഉയരത്തിൽ വേഗത്തിൽ കുതിക്കാൻ സാധിക്കുന്ന ഹാളണ്ട് ഗോൾമുഖത്തെ് ദയയില്ലാത്ത ഫിനിഷറാണ്. കൃത്യതയാർന്ന സ്‌കോറിങ് മികവ് കൊണ്ട് ടെർമിനേറ്റർ എന്ന് വിളിപ്പേരുള്ള താരം നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ ആണ്. താരത്തിന്റെ പിതാവ് ആൽഫീ ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ മുൻതാരമാണ്. 2019ൽ റെഡ്ബുൾ സാൽസ്ബർഗിലൂടെയാണ് ഹാളണ്ട് ശ്രദ്ധേയനാകുന്നത്. 2020 ൽ ബൊറുസിയ ഡോർട്ട്മുണ്ടിലേക്ക് ചേക്കേറിയ താരം 2022 ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തി. അവിടെ നിന്ന് രണ്ട് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗും ഒരു തവണ ചാമ്പ്.ൻസ് ലീഗും നേടി. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളടിച്ചതിന്റെ റെക്കോർഡും യൂറോപ്യൻ ഗോൾഡൻ ഷൂവും ഹാളണ്ട് സ്വന്തമാക്കി. 25 വയസിനുള്ളിൽ തന്നെ ക്ലബിനും രാജ്യത്തിനും വേണ്ടി മുന്നൂറിലധികം ഗോളുകൾ നേടിയ ഹാളണ്ട് സ്വപ്‌നതുല്ല്യമായ കുതിപ്പാണ് ഈ ലോകകപ്പിൽ നടത്തിയത്.

Content Highlights: Haaland's 570 crore earnings from professional football., Diverse investment portfolio including ChessMates, Kknekki, and recovery tech., Extensive real estate holdings in Spain, Norway, and England., Upcoming voice acting debut in the 2026 animated film 'Vikings'., Elite goal-scoring record with over 300 career goals.