എന്റെ ജീവിതപങ്കാളി സിലിസ് പാതി ഇന്ത്യക്കാരി, ഒരു മകന്റെ പേരില്‍ ശേഖര്‍ എന്നുണ്ട് -ഇലോണ്‍ മസ്‌ക്

തന്റെ ജീവിതപങ്കാളിയായ ഷിവോണ്‍ സിലിസ് പാതി ഇന്ത്യക്കാരിയാണെന്ന് ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. നിഖില്‍ കാമത്തിന്റെ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കവെയാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്. സിലിസുമായുള്ള തന്റെ മക്കളില്‍ ഒരാളുടെ പേര് (മധ്യനാമം) ശേഖര്‍ എന്നാണെന്നും മസ്‌ക് വ്യക്തമാക്കി. ഇന്ത്യന്‍-അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ സുബ്രഹ്‌മണ്യന്‍ ചന്ദ്രശേഖറാണ് ഈ പേരിന് പ്രചോദനമെന്നും ശതകോടീശ്വരന്‍ വെളിപ്പെടുത്തി.
സിലിസ് എവിടെയാണ് വളര്‍ന്നതെന്ന് നിഖില്‍ കാമത്ത് ചോദിച്ചപ്പോള്‍ മസ്‌ക് അവരുടെ കുടുംബപരമായ ചില വിവരങ്ങളും വെളിപ്പെടുത്തി. 'അവള്‍ കാനഡയിലാണ് വളര്‍ന്നത്. കുഞ്ഞായിരിക്കുമ്പോള്‍ ദത്തുനല്‍കുകയായിരുന്നു. അവളുടെ അച്ഛന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയോ മറ്റോ ആയിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്'- മസ്‌ക് പറഞ്ഞു.
2017-ലാണ് സിലിസ് മസ്‌കിന്റെ എഐ കമ്പനിയായ ന്യൂറാലിങ്കില്‍ ചേര്‍ന്നത്. നിലവില്‍ ഓപറേഷന്‍സ് ആന്‍ഡ് സ്‌പെഷ്യല്‍ പ്രോജക്ട്‌സ് ഡയറക്ടറാണ്. യേല്‍ സര്‍വകലാശാലയില്‍ നിന്ന് ഇക്കണോമിക്‌സിലും ഫിലോസഫിയിലും അവര്‍ ബിരുദം നേടിയിട്ടുണ്ട്. മസ്‌കിനും സിലിസിനും നാല് മക്കളാണുള്ളത്. ഇരട്ടകളായ സ്‌ട്രൈഡര്‍, അസൂര്‍, മകള്‍ ആര്‍ക്കാഡിയ, മകന്‍ സെല്‍ഡന്‍ ലൈകര്‍ഗസ്.
Content Highlights: elon musks partner is half indian sons middle name is sekhar