കുഞ്ഞിന്റെ അച്ഛന്‍ മസ്‌ക് ആണെന്ന ഇന്‍ഫ്‌ളുവന്‍സറുടെ വാദം; മൗനം വെടിഞ്ഞ് ഇലോണ്‍ മസ്ക്

അഞ്ച് മാസം പ്രായമായ തന്റെ കുഞ്ഞിന്റെ അച്ഛന്‍ ഇലോണ്‍ മസ്‌ക് ആണെന്ന് അവകാശപ്പെട്ട് ഇന്‍ഫ്‌ളുവന്‍സറായ ആഷ്‌ലി സെന്റ് ക്ലെയര്‍ രംഗത്തുവന്ന സംഭവത്തില്‍ നിശബ്ദത വെടിഞ്ഞ് മസ്‌ക്. അഞ്ച് വര്‍ഷമായി മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കാന്‍ ആഷ്ലിക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഒരാള്‍ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് മസ്‌ക് കമന്‍റ് പങ്കുവെച്ചത്. 'വോ' (Whoa) എന്നായിരുന്നു കമന്‍റ്. ആശ്ചര്യം പ്രകടിപ്പിക്കുന്നതിനും, പറയുന്നകാര്യങ്ങള്‍ നിര്‍ത്താമോ എന്ന ഉദ്ദേശത്തോടെയുമാണ് സാധാരണ Whoa എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മസ്‌ക് ഏത് അര്‍ത്ഥത്തിലാണ് ഇത് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച ആഷ്‌ലിയുടെ അവകാശവാദത്തോട് മസ്‌ക് പ്രതികരിച്ചില്ല.
ഇലോണ്‍ മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്ന് അവകാശവാദവുമായി വെള്ളിയാഴ്ചയാണ് എഴുത്തുകാരിയും ഇന്‍ഫ്‌ലുവന്‍സറുമായ ആഷ്ലി സെന്റ് ക്ലെയര്‍ രംഗത്തെത്തിയത്. അഞ്ച് മാസം മുമ്പ് മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്നാണ് ആഷ്‌ലി പറയുന്നത്. എക്‌സിലൂടെ അവര്‍ ഇക്കാര്യം പുറത്തുവിട്ടത്.
ഞങ്ങളുടെ കുഞ്ഞിനെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ വളരാന്‍ അനുവദിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മാധ്യമങ്ങള്‍ കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ആവശ്യപ്പെടുന്നു', ആഷ്ലി സെന്റ് ക്ലെയര്‍ എക്‌സില്‍ കുറിച്ചു.
2002 മുതല്‍ മസ്‌കിന് 12 കുട്ടികള്‍ ജനിച്ചിട്ടുണ്ട്. മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌കില്‍ ജനിച്ച ആദ്യത്തെ കുഞ്ഞ് ശൈശവകാലത്ത് തന്നെ മരണപ്പെട്ടിരുന്നു. 2008 ആയപ്പോഴേക്കും ജസ്റ്റിന് ഐവിഎഫിലൂടെ അഞ്ച് കുട്ടികള്‍ ജനിച്ചിരുന്നു. പിന്നീടാണ് ബ്രീട്ടീഷ് നടി തലൂലാ റിലേയുമായി മസ്‌ക് ബന്ധത്തിലാവുന്നത്. ഇവരെ രണ്ട് തവണ വിവാഹം ചെയ്യുകയും രണ്ട് തവണയും വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ ഈ ബന്ധത്തില്‍ മസ്‌കിന് കുട്ടികളില്ല.
2020 നും 2022 നും ഇടയില്‍ ഗായിക ഗ്രിംസില്‍ മൂന്ന് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. ഈ കുട്ടികളുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട് ഇരുവരും നിയമപോരാട്ടത്തിലാണ്. 2021 ല്‍ സ്വന്തം കമ്പനിയായ ന്യൂറാലിങ്കിലെ ഉദ്യോഗസ്ഥയായ ഷിവോന്‍ സില്ലിസില്‍ ഇരട്ടകുട്ടികളും മസ്‌കിന് ജനിച്ചു. 2024 ലാണ് ഇരുവര്‍ക്കും മൂന്നാമതൊരു കുഞ്ഞുകൂടി ജനിച്ചത്.
Content Highlights: Influencer Ashley Claire claims Elon Musk is the father of her 5-month-old baby