നാലാളുകൂടിയാല്‍ ബിസിനസാണ് ചര്‍ച്ച; പറയാന്‍ എളുപ്പം,ഇറങ്ങിനോക്കിയാലറിയാം ബുദ്ധിമുട്ട്, വൈറല്‍ പോസ്റ്

സുഹൃത്തുക്കള്‍ കൂടിയിടത്തൊക്കെ ബിസിനസാണിപ്പോള് മിക്കവാറും പ്രധാന ചര്‍ച്ച. കമ്പനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന ജോലിയൊക്കെ നിര്‍ത്തി സ്വന്തമായിട്ട് സംരംഭങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ചാണ് പലരുടെയും ആലോചന. ഇത്തരം ചില ആലോചനകളിലൂടെ ചില ബിസിനസുകള്‍ വളര്‍ച്ച പ്രാപിക്കുകയും വന്‍ വിജയം കൊയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചിലത് ചര്‍ച്ചയില്‍ മാത്രമേ ഉണ്ടാവൂ. പ്രായോഗികതലത്തിലെത്താറില്ല. ചര്‍ച്ചയില്‍ ഗംഭീര വാഗ്വിലാസങ്ങള്‍ നടത്തിയവരൊക്കെ പിറ്റേന്ന് കമ്പനി ജോലിക്ക് തന്നെ പോവും.
ഏതായിരുന്നാലും സംരംഭ സംസ്കാരം (Startup Culture) എന്നത് കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യയില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിരിക്കുകയാണ്. നമ്മുടെ തൊഴില്‍ രംഗത്ത് വ്യാപകമായ മാറ്റമാണ് സ്റ്റാര്‍ട്ടപ്പ് സംസ്കാരം കൊണ്ടുവന്നത്. ചിലരെല്ലാം ബിസിനസുകള്‍ നടത്തി ജീവിതം കരുപ്പിടിപ്പിച്ചു. ചിലര്‍ക്ക് ഉള്ള സമ്പാദ്യംകൂടി പോയി. സ്റ്റാര്‍ട്ടപ്പ് റൊമാന്‍സ് അത്രകണ്ട് പ്രോത്സാഹിപ്പിക്കരുതെന്ന മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് എഡെല്‍വെയ്സ് മ്യൂച്വല്‍ ഫണ്ട് സി.ഇ.ഒ. രാധിക ഗുപ്ത. ഈ കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ചില കഠിനമായ യാഥാര്‍ഥ്യങ്ങളെ മുന്‍നിര്‍ത്തിയാണ് രാധിക ഗുപ്തയുടെ പോസ്റ്റ്.
'സംരംഭ റൊമാന്‍സ് വര്ധിച്ചിരിക്കുകയാണിന്ന്. ദിവസം മുഴുവന്‍ ആശയങ്ങള്‍ സംസാരിച്ച്, അതിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനുമായുള്ള സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പറഞ്ഞ്, സാമൂഹികമാധ്യമങ്ങളില്‍ അതേക്കുറിച്ച് പ്രചാരണങ്ങള്‍ നടത്തി, സഹാപാഠികളോടൊത്ത് കുടിച്ച്, കോ-വര്‍ക്കിങ് സംവിധാനം ഉപേക്ഷിച്ച് കുറച്ചുകൂടി സുന്ദരമായ ജോലിയാണ് അത് മുന്നോട്ടുവയ്ക്കുന്നത്'-രാധിക ഗുപ്ത എഴുതി.
സ്റ്റാര്‍ട്ടപ്പ് റിയാലിറ്റി വളരെപ്പെട്ടെന്ന് ഹിറ്റാകും. പക്ഷേ, അതിന്റ നിര്‍വഹണം, പരിമിതമായ ബജറ്റ്, അതിലും പരിമിതമായ തൊഴില്‍ സാഹചര്യങ്ങള്‍, തിരസ്കരണം, ജോലി നിയമനത്തിലും നിലനിര്ത്തലിലുമുള്ള വെല്ലുവിളികള്‍, ഏതുവിധേനയും വരുമാനമുണ്ടാക്കുക എന്നതുണ്ടാക്കുന്ന സമ്മര്‍ദം, ദീര്‍ഘകാലത്തെ അനിശ്ചിതത്വം എന്നിവ കൂടിയാണ് ഇതെന്ന് രാധിക ഗുപ്ത പറഞ്ഞുവെയ്ക്കുന്നു.
സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലര്‍ പിന്തുണച്ചും മറ്റു ചിലര്‍ എതിര്‍ത്തും കമന്റുകള്‍ ചെയ്തു. ജോലി സമയപരിധിയോ എന്ത് കിട്ടുമെന്ന കാര്യത്തില്‍ ഉറപ്പോ ഇല്ലെന്നാണ് ഒരു കമന്റ്. വിജയകഥകള്‍ മാത്രമാണ് ജനം കേള്‍ക്കുന്നത്. നൂറെണ്ണത്തില്‍ അഞ്ചെണ്ണം വിജയിക്കുമ്പോള്‍ 95 എണ്ണം പരാജയപ്പെടുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നിറം നല്കി പ്രചരിപ്പിക്കുന്നതൊന്നും അത്ര നിറമുള്ളവയല്ലെന്നും കമന്റുകള്‍ നീളുന്നു. ഫണ്ടിങ് റൗണ്ട് നടത്തി സംരംഭം തുടങ്ങുന്നത് നല്ലതാണെന്നും കമന്റുകളുണ്ട്.
Content Highlights: edelweisss radhika gupta bursts startup romance viral post