ദിവസവും കഴിക്കുന്നത് അമ്പതിലധികം മരുന്നുകള്‍, മരിക്കാതിരിക്കുക ലക്ഷ്യം- ബ്രയാൻ ജോണ്‍സണ്‍

യുവത്വം നിലനിര്‍ത്താന്‍ കോടികള്‍ ചെലവിടുന്ന അമേരിക്കന്‍ ശതകോടീശ്വരനാണ് നാല്‍പത്തിയേഴുകാരനായ ബ്രയാന്‍ ജോണ്‍സണ്‍. 'മരണത്തെ വെല്ലുവിളിക്കുന്നവന്‍' എന്നറിയപ്പെടുന്ന ബ്രയാന്‍ വര്‍ഷം 16 കോടി രൂപയാണ് തന്റെ യൗവനം നിലനിര്‍ത്താനുള്ള പരീക്ഷണങ്ങള്‍ക്കായി ചെലവഴിക്കുന്നത്. കൃത്യമായ ഭക്ഷണക്രമവും കടുത്ത വ്യായാമവും പിന്തുടരുന്ന ബ്രയാന്‍ ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ദിവസേന സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ബ്രയാന്‍ ജോണ്‍സണിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്. 'ഡോണ്ട് ഡൈ: ദ മാന്‍ ഹു വാണ്ട്‌സ് ടു ലിവ് ഫോര്‍ എവര്‍ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഇതിന്റെ ട്രെയിലര്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിട്ടുണ്ട്. ട്രെയിലറില്‍ ബ്രയാന്‍ തന്റെ ജീവിതചര്യകളെ സംബന്ധിച്ച് പറയുന്നുണ്ട്.
ശാസ്ത്രത്തിന്റെ പരമാവധി സാധ്യതകളെ പ്രയോജനപ്പെടുത്തി മരിക്കാതിരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നാണ് ബ്രയാന്‍ ട്രെയിലറില്‍ പറയുന്നത്. പ്ലാസ്മ ട്രാന്‍സ്ഫ്യൂഷന്‍സ്, ഫാറ്റ് ട്രാന്‍സ്ഫര്‍ എന്നിവയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണിത്. ദിവസവും അമ്പതിലധികം മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും ബ്രയാൻ പറയുന്നു.
എന്റെ മകനോടൊപ്പം ഒന്നിലധികം ജന്മം ജീവിക്കണം. 100 വര്‍ഷം മതിയാകില്ലെന്ന് ഡോക്യുമെന്ററിയില്‍ ബ്രയാന്‍ പറയുന്നു. ബ്രയാനും മകനുമായുള്ള പ്ലാസ്മ കൈമാറ്റവും അദ്ദേഹം സ്വീകരിച്ചുവരുന്ന ജീവിതരീതികളുമെല്ലാം പ്രതിപാദിക്കുന്നതാണ് ഡോക്യുമെന്ററി.
രക്തകൈമാറ്റ ചികിത്സയിലൂടെയും വ്യായാമങ്ങളിലൂടെയും ഭക്ഷണനിയന്ത്രങ്ങളിലൂടെയുമാണ് ബ്രയാന്‍ തന്റെ നിത്യയൗവന പരീക്ഷണം നടത്തുന്നത്. മികച്ച ആരോഗ്യമുള്ള ആളുകളെ കണ്ടെത്തി വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്കുശേഷമാണ് ബ്രയാന്‍ രക്തകൈമാറ്റം നടത്തിയിരുന്നത്. ഇവര്‍ക്ക് വന്‍തുകയും നല്‍കിയിരുന്നു. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരം കൃത്യമായ വ്യായാമവും ഉറക്കവും ഉറപ്പാക്കുന്നു.
ബ്രയിന്‍ ട്രീ എന്ന പേയ്മെന്റ് സൊല്യൂഷന്‍ സ്റ്റാര്‍ട്ട് ആപ്പ് തുടങ്ങിയാണ് ബ്രയാന്‍ അമേരിക്കയില്‍ പ്രശസ്തനാകുന്നത്. 800 മില്യണ്‍ യു.എസ് ഡോളറിനാണ് ഈ കമ്പനിയെ അദ്ദേഹം പിന്നീട് വിറ്റത്. അതിന് ശേഷമാണ് നിലവിലെ കമ്പനിയായ കെര്‍ണേല്‍ ആരംഭിക്കുന്നത്. ബയോടെക് കമ്പനിയായ കെര്‍ണേലിന്റെ സി.ഇ.ഒ. പദവിയിലാണിപ്പോള്‍ ബ്രയാന്‍.
Content Highlights: Dont Die The Man Who Wants to Live Forever bryan johnson documentary trailer