'റൊമാന്റിക് ഡാൻസിന് അമ്മ വിക്ടോറിയയാണ് വേദിയിലെത്തിയത്‌, വധു നിക്കോള കരഞ്ഞുകൊണ്ട് അവിടെനിന്ന് പോയി'

ബ്രൂക്ക്‌ലിന്‍ ബെക്കാമും നിക്കോളയും/  ഡേവിഡ് ബെക്കാമും വിക്ടോറിയയും | Photo: instagram/ brroklyn/victoria
ബ്രൂക്ക്‌ലിന്‍ ബെക്കാമും നിക്കോളയും/ ഡേവിഡ് ബെക്കാമും വിക്ടോറിയയും | Photo: instagram/ brroklyn/victoria

കുറച്ച് ദിവസങ്ങൾക്കുമുമ്പ് ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ ബെക്കാം എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൻ ബ്രൂക്ക്‌ലിൻ രംഗത്തെത്തിയിരുന്നു. തന്റെ ഭാര്യ നിക്കോള പെൽറ്റ്‌സിനെ ബെക്കാം കുടുംബം പലപ്പോഴും അവഗണിച്ചിട്ടുണ്ടെന്നും വിവാഹദിവസം പോലും അവഗണന നേരിട്ടുവെന്നും ബ്രൂക്ക്‌ലിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. വിവാഹദിവസം നിക്കോളയുമായുള്ള തന്റെ ആദ്യ റൊമാന്റിക് ഡാൻസ് വിക്ടോറിയ 'ഹൈജാക്ക്' ചെയ്‌തെന്നും അന്ന് ആകെ അപമാനിതനായതുപോലെയാണ് തനിക്ക് തോന്നിയതെന്നും ബ്രൂക്ക്‌ലിൻ വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് നിക്കോളയ്ക്കായി ഗൗൺ ഒരുക്കാൻ പറ്റില്ലെന്ന് വിക്ടോറിയ പറയുകയും ഒടുവിൽ വിവാഹഗൗൺ കണ്ടെത്താൻ നിക്കോള ഒരുപാട് ബുദ്ധിമുട്ടിയെന്നും കുറിപ്പിലുണ്ടായിരുന്നു.

ഇപ്പോഴിതാ ബ്രൂക്ക്‌ലിന്റെ ആരോപണങ്ങൾ ശരിവെയ്ക്കുന്ന രീതിയിൽ പ്രതികരിച്ചിരിക്കുകയാണ് വിവാഹത്തിൽ പങ്കെടുത്ത ഡിജെ ഫാറ്റ് ടോണി. വിവാഹവേളയിലെ വിക്ടോറിയയുടെ പ്രവൃത്തി നിക്കോളയെ ഒരുപാട് വേദനിപ്പിച്ചുവെന്നും ആ സാഹചര്യം പല അതിഥികൾക്കും അസ്വസ്ഥതയുണ്ടാക്കിയെന്നും അദ്ദേഹം ഐടിവിയിലെ 'ദിസ് മോർണിംഗ്' എന്ന പരിപാടിയിൽ വ്യക്തമാക്കി. 'മാർക്ക് ആന്റണിയുടെ പ്രകടനത്തിനുശേഷം അദ്ദേഹം ബ്രൂക്ക്‌ലിനെ വേദിയിലേക്ക് വിളിച്ചു. അടുത്ത നിമിഷം എല്ലാവരും പ്രതീക്ഷിച്ചത് നിക്കോളയും വേദിയിലെത്തി ബ്രൂക്ക്‌ലിനൊപ്പം നൃത്തം ചെയ്യുമെന്നാണ്. എന്നാൽ സംഭവിച്ചത് അതായിരുന്നില്ല. മുറിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീ വേദിയിലേക്ക് വരണമെന്ന് പറഞ്ഞ മാർക്ക് ആന്റണി പിന്നീട് വിളിച്ച് വിക്ടോറിയയെയാണ്.

ഒട്ടും ആലോചിക്കാതെ അവർ വേദിയിലെത്തി. ഇതോടെ ബ്രൂക്ക്‌ലിന്റെ മുഖം ആകെ മാറി. അദ്ദേഹം തകർന്നുപോയി. വധു നിക്കോള കരഞ്ഞുകൊണ്ട് ആ മുറി വിട്ടുപോയി. ബ്രൂക്ക്‌ലിന് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. വിക്ടോറിയയ്‌ക്കൊപ്പം ബ്രൂക്ക്‌ലിൻ റൊമാന്റിക് നൃത്തം ചെയ്തു. ആ സാഹചര്യം അവിടെ കൂടിയിരുന്നവരിൽപോലും അസ്വസ്ഥതയുണ്ടാക്കി.'-ഫാറ്റ് ടോണി വ്യക്തമാക്കുന്നു.

Content Highlights: dj fat tony first guest to recount beckham wedding row drama