'അച്ഛനും അമ്മയും എന്റെ ഹൃദയം തകർത്തു, ഞാൻ മദ്യത്തിന് അടിപ്പെട്ടു'; ധുരന്ധർ ഗായിക ജാസ്മിൻ പറയുന്നു

സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം ധുരന്ധറിലെ ഗാനങ്ങളും അതുപോലെ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഗായിക ജാസ്മിൻ സാൻഡ്‍ലസ്. ഈ സന്തോഷത്തിനിടയിലും തന്റെ ജീവിതത്തിൽ സംഭവിച്ച ചില മോശം കാര്യങ്ങളും അനുഭവങ്ങളും തുറന്നുപറയുകയാണ് അവർ. മാതാപിതാക്കളിൽ നിന്നും തനിക്ക് തിക്താനുഭവങ്ങളുണ്ടായെന്നും താൻ അമിതമായി മദ്യപിക്കുമായിരുന്നുവെന്നും ജാസ്മിൻ പറയുന്നു. രൺവീർ അലഹബാദിയയുടെ യുറ്റ്യൂബ് ചാനലിൽ അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിലാണ് ജാസ്മിൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
'ഞാൻ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. ജീവിതത്തിൽ വിവിധഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. അതൊരിക്കലും സുഖകരമായ യാത്രയായിരുന്നില്ല. ജീവിതം മുന്നോട്ടുപോകുകയാണ്. മാതാപിതാക്കൾക്ക് അത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ കുട്ടികൾക്കും അത് പ്രധാനം തന്നെയാണ്. മാർഗനിർദേശവും പരിപോഷിപ്പിക്കലുമാണ് അവർക്ക് വേണ്ടത്. എന്തുകൊണ്ടാണ് മാതാപിതാക്കൾ കുട്ടികളോട് ഇത്ര കർക്കശക്കാരാകുന്നത്?'-ജാസ്മിൻ പറഞ്ഞു.
'ജീവിതത്തിന്റെ കഠിനമായ ഘട്ടങ്ങളിൽ നിങ്ങൾക്ക് വേണ്ടത് പിന്തുണയാണ്. ആ രണ്ടോ മൂന്നോ വർഷം, മദ്യപിച്ചിരുന്ന കാലത്ത് ഞാൻ ചെയ്ത ചില കാര്യങ്ങളിൽ എനിക്ക് ഇപ്പോൾ പശ്ചാത്താപമുണ്ട്. ഒരുപാട് കാര്യങ്ങൾ കുന്നുകൂടിക്കിടന്നു. ഒരുവശത്ത് ഞാൻ പ്രശസ്തയായി, എന്നാൽ എന്റെ കുടംബബന്ധങ്ങൾ തകർന്നടിഞ്ഞു. എന്റെ പിതാവ് മരിച്ചു. ഞാൻ ജീവിതവിജയം നേടി. വേണ്ടതിലും എത്രയോ അധികം ഞാൻ മദ്യപിച്ചു. അതിൽ ഞാനിപ്പോൾ പശ്ചാത്തപിക്കുന്നു. എന്നാൽ ആ സമയത്ത് എനിക്കത് പ്രധാനമായിരുന്നു.'-ജാസ്മിൻ തുടർന്നു.
'കുട്ടിക്കാലത്ത് മാതാപിതാക്കളിൽ നിന്ന് എനിക്ക് ഹൃദയഭേദകമായ അനുഭവങ്ങളുണ്ടായി. അറിയാതെയാണെങ്കിലും അവർ എന്റെ മനസിനെ പലതവണ പിച്ചിച്ചീന്തി. അതിനാൽ തന്നെ എനിക്ക് അതിന്റെ നീരസമുണ്ട്. എനിക്ക് അവരെ ഇഷ്ടമാണ്. പക്ഷേ ഒരു കുട്ടിയുടെ ഹൃദയം തകരുമ്പോൾ അത് എക്കാലവും അങ്ങനെ തന്നെ നിലനിൽക്കും. നിങ്ങൾക്ക് ഓടിപ്പോകാൻ മറ്റൊരു സുരക്ഷിതമായ ഇടമില്ലെങ്കിൽ കാണുന്ന എല്ലാത്തിലും നിങ്ങൾ ഭ്രാന്തമായി ഒരു വീടിനെ തേടും. എന്റെ ജീവിതം മുഴുവൻ ഞാനത് ചെയ്തു.' -ജാസ്മിൻ പറഞ്ഞു.
Content Highlights: Bollywood singer Jasmine Sandlas, known for her hits in the movie Dhurandhar, opened up about her traumatic past on Ranveer Allahbadia’s podcast. She revealed how strict parenting and a broken family dynamic led her to severe alcohol addiction. Despite her professional success, she struggled with the loss of her father and emotional scars from childhood that took years to heal.