'സ്‌നേഹത്തിന്റെ ഭാഷ'; മകളുടെ ഒന്നാം പിറന്നാളിന് സ്വന്തം കൈ കൊണ്ട് കേക്കുണ്ടാക്കി ദീപികാ പദുക്കോണ്‍

ബോളിവുഡിലെ താരദമ്പതികളായ ദീപികാ പദുക്കോണിന്റേയും രണ്‍വീര്‍ സിങ്ങിന്റേയും മകളാണ് ദുവാ പദുക്കോണ്‍ സിങ്. കഴിഞ്ഞദിവസമാണ് കുഞ്ഞുദുവയ്ക്ക് ഒരുവയസ് തികഞ്ഞത്. ജന്മദിനത്തിന് ശേഷം ഇപ്പോള്‍ പിറന്നാള്‍ കേക്കിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ദീപിക ഇപ്പോള്‍. ദീപികാ പദുക്കോണ്‍ തന്നെയാണ് തന്റെ പൊന്നോമനയുടെ പിറന്നാള്‍ ദിനത്തില്‍ കേക്ക് ബെയ്ക്ക് ചെയ്‌തെടുത്തത് എന്നത് കേക്കിനെ സ്‌പെഷ്യലാക്കി.
'എന്റെ സ്‌നേഹത്തിന്റെ ഭാഷ. എന്റെ മകളുടെ ഒന്നാം പിറന്നാളാഘോഷത്തിനായി കേക്ക് ബെയ്ക്ക് ചെയ്യുകയാണ്.' -താനുണ്ടാക്കിയ കേക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ദീപികാ പദുക്കോണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഡാര്‍ക്ക് ചോക്കലേറ്റ് കേക്കാണ് ദീപിക ഉണ്ടാക്കിയത് എന്നാണ് സൂചന. കേക്കിന് മുകളിലായി സ്വര്‍ണനിറത്തിലുള്ള ഒരു മെഴുകുതിരിയുണ്ടായിരുന്നു. ഒരു കഷ്ണം മുറിച്ച നിലയിലുള്ള കേക്കിന്റെ ചിത്രമാണ് ദീപിക പോസ്റ്റ് ചെയ്തത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ എട്ടിനാണ് ദീപികാ പദുക്കോണിന്റേയും രണ്‍വീര്‍ സിങ്ങിന്റേയും ജീവിതത്തിലേക്ക് ദുവ കടന്നുവന്നത്. മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലാണ് ദുവ പിറന്നത്. തങ്ങളുടെ മകളുടെ ചിത്രം ഇതുവരെ രണ്‍വീറും ദീപികയും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അടുത്തിടെ ദുവയുടെ ചിത്രം അബദ്ധവശാല്‍ പുറത്തായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Content Highlights: Deepika Padukone Bakes Cake For Daughter Dua's First Birthday