'ദീപികയുടെ പല്ലില്‍ കുരുങ്ങിയ ഞണ്ടിറച്ചിയാണ് ഞങ്ങളുടെ പ്രണയത്തിന് തുടക്കമിട്ടത്'; രണ്‍വീര്‍ പറയുന്നു

അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇറ്റലിയില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായത്. 2013-ല്‍ പുറത്തിറങ്ങിയ ഗോലിയോണ്‍ കി രാസലീല രാംലീല എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു ഇരുവരുടേയും പ്രണയത്തിന്റെ തുടക്കം. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ രണ്‍വീറിന്റെ നായികയായാണ് ദീപിക പ്രത്യക്ഷപ്പെട്ടത്.
അന്ന് ദീപികയോട് പ്രണയം തോന്നിയ നിമിഷത്തെ കുറിച്ച് രണ്‍വീര്‍ 'കോഫി വിത്ത് കരണ്‍' ഷോയില്‍ മനസ് തുറന്നു. ഒരു ഞണ്ടാണ് തങ്ങളുടെ പ്രണയത്തിന് തുടക്കമിട്ടതെന്ന് രണ്‍വീര്‍ പറയുന്നു.
'സിനിമയില്‍ എന്റെ നായികയായി കരീന കപൂറിനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഷൂട്ടിങ്ങിന് ഒരാഴ്ച്ച മുമ്പ് അവര്‍ പിന്മാറി. ഇനി ആരെ നായികയാക്കും എന്നതായി ചര്‍ച്ചാവിഷയം. ദീപിക നായികയായി വരണമെന്ന് ഞാന്‍ പറഞ്ഞു. ആ സമയത്ത് ഞാന്‍ അവരുടെ 'കോക്ക്‌ടെയ്ല്‍' കണ്ടിരുന്നു. ദീപികയോട് സംസാരിച്ചപ്പോള്‍ അവര്‍ നായികയാകാന്‍ സമ്മതിച്ചു. ബന്‍സാലിയുടെ വര്‍സോവയിലെ വീട്ടിലായിരുന്നു സ്‌ക്രിപ്റ്റ് വായിക്കാന്‍ എല്ലാവരും ഒത്തുകൂടിയത്.
വായനക്ക് ശേഷം എല്ലാവരും ഭക്ഷണം കഴിക്കാന്‍ ഇരുന്നു. രുചികരമായ ഭക്ഷണമാണ് ബന്‍സാലി ഒരുക്കിയിരുന്നത്. ഞണ്ടിറച്ചിയുമുണ്ടായിരുന്നു. ഇത് കഴിക്കുന്നിതിനടിയില്‍ ഒരു കഷ്ണം ദീപികയുടെ പല്ലില്‍ കുരുങ്ങി. അവര്‍ ചിരിച്ചപ്പോള്‍ ഞാന്‍ അതുകണ്ടു. ഇക്കാര്യം അവരോട് പറഞ്ഞു. അവര്‍ക്ക് അത് നാണക്കേടാകുമോ എന്നായിരുന്നു എന്റെ ഭയം. എന്നാല്‍ തന്റെ വായ തുറന്ന് എന്നോട് അത് എടുത്തുകൊടുക്കാനാണ് ദീപിക ആവശ്യപ്പെട്ടത്. ഞാന്‍ അത് കൈകൊണ്ട് നീക്കിക്കൊടുത്തു. കൈ ഇലക്ട്രിക് സോക്കറ്റില്‍ വെക്കുന്നത് പോലെയായിരുന്നു അത്. 440 വോള്‍ട്ടില്‍ പ്രകമ്പനം എനിക്ക് അനുഭവപ്പെട്ടു. ഇപ്പോഴും ആ തരിപ്പ് എന്നില്‍ അവശേഷിക്കുന്നുണ്ട്.' അഭിമുഖത്തില്‍ രണ്‍വീര്‍ പറയുന്നു.
Content Highlights: deepika padukone and ranveer singh love story