‘ഇത് ഫാക്ടറിയല്ല, ജീവിതരീതി’- എട്ട് മണിക്കൂർ ജോലി സമയത്തിൽ പ്രതികരിച്ച് റാണാ ദഗ്ഗുബട്ടിയും ദുൽഖറും

#Lifestyle desk
റാണാ ദഗ്ഗുബട്ടി, കാന്ത സിനിമയുടെ പോസ്റ്ററിൽ നിന്ന്
റാണാ ദഗ്ഗുബട്ടി, കാന്ത സിനിമയുടെ പോസ്റ്ററിൽ നിന്ന്

ഒരു ദിവസം എട്ട് മണിക്കൂർ ജോലി എന്ന ആവശ്യം ദീപിക പദുക്കോൺ മുന്നോട്ട് വെച്ചതിനു പിന്നാലെ സിനിമാ ലോകത്ത് സമയക്രമത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ ഇത്തരത്തിലുള്ള തൊഴിൽ സമയം സിനിമാ മേഖലയിൽ പ്രായോഗികമാണോ എന്നതിനെക്കുറിച്ച് നടന്മാരായ റാണാ ദഗ്ഗുബട്ടി, ദുൽഖർ സൽമാൻ, നിർമ്മാതാവ് അർച്ചന കലപതി എന്നിവർ പ്രതികരിച്ചിരിക്കുകയാണ്. ഹോളിവൂഡ് റിപ്പോർട്ടറിനു നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഫാക്ടറിയല്ലെന്ന് റാണാ ദഗ്ഗുബാട്ടി

സിനിമാ നിർമ്മാണത്തിൽ ഇത്തരത്തിലൊരു ജോലി സമയം നിശ്ചയിക്കുന്നത് അസാധ്യമാണെന്നാണ് റാണാ ദഗ്ഗുബാട്ടി അഭിപ്രായപ്പെട്ടത്. 

"ഇതൊരു ജോലിയല്ല, ജീവിതരീതിയാണ്. ഇതിൽ തുടരണോ വേണ്ടയോ എന്ന് നിങ്ങൾ തിരഞ്ഞെടുക്കണം. ഓരോ സിനിമയും വ്യത്യസ്ത ആവശ്യങ്ങൾ മുന്നോട്ട് വയ്ക്കും. ഇതൊരു ഫാക്ടറിയല്ല. എട്ട് മണിക്കൂർ ഇരുന്നതുകൊണ്ട് ഏറ്റവും മികച്ച രംഗം പുറത്തുവരണമെന്നില്ല. ഉയർന്ന പദവിയിലുള്ളവർ ക്രിയാത്മകമായ പ്രക്രിയയിലാണെന്ന് മനസ്സിലാക്കിയില്ലെങ്കിൽ താഴേത്തട്ടിലേക്കും എത്തില്ല. ഇതിനെ ഒരു വ്യവസായ നിലവാരമായി നിർവചിക്കുന്നത് പ്രയാസമാണ്"- അദ്ദേഹം പറഞ്ഞു.

'ചെലവ് കുറയ്ക്കാൻ അധിക ഷൂട്ടിങ് സമയം അനിവാര്യം'-ദുൽഖർ സൽമാൻ

ഒരു ദിവസം കൂടുതൽ മണിക്കൂർ ജോലി ചെയ്യുന്നത് അധികമായി ഒരു ദിവസം ഷൂട്ട് ചെയ്യുന്നതിനേക്കാൾ ചെലവ് കുറയ്ക്കുന്നുവെന്ന് ദുൽഖർ സൽമാൻ ചൂണ്ടിക്കാട്ടി. മലയാള സിനിമയിൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കൂടുതൽ മണിക്കൂർ ജോലി ചെയ്യുക എന്നതാണ് പൊതുവെയുള്ള രീതിയെന്നും ദുൽഖർ പറഞ്ഞു.

"മലയാളം സിനിമയിലാണെങ്കിൽ നിങ്ങൾ ജോലി ചെയ്തുകൊണ്ടേയിരിക്കണം. എപ്പോഴാണ് തീരുക എന്ന് പറയാൻ പറ്റില്ല’- ദുൽഖർ പറഞ്ഞു. 2018-ൽ തൻ്റെ ആദ്യ തെലുങ്ക് ചിത്രം (മഹാനടി) ചെയ്തപ്പോഴാണ് തനിക്ക് ആറ് മണിക്ക് വീട്ടിൽ പോകാൻ കഴിഞ്ഞതെന്ന് അദ്ദേഹം ഓർക്കുന്നു. ഇത് തമിഴിലെ ഷൂട്ടിങ് രീതിയിൽ നിന്നും വളരെ വ്യത്യസ്തമാണെന്നും അവിടെ 'സെക്കൻഡ് സൺഡേ' അവധിയാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു. 

നിർമ്മാതാവിൻ്റെ കാഴ്ചപ്പാട്

സിനിമയിൽ 9-5 എന്ന സമയക്രമം "സാധ്യമല്ല" എന്ന് നിർമ്മാതാവായ അർച്ചന കളപതിയും അഭിപ്രായപ്പെട്ടു. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ റിലീസ് തീയതികൾ പാലിക്കാൻ നിർമ്മാതാക്കളെയും സംവിധായകരെയും നിർബന്ധിക്കുന്നത് വ്യവസായത്തിൽ കൂടുതൽ അച്ചടക്കം കൊണ്ടുവരുന്നുണ്ട് എന്നതിനെ അവർ സ്വാഗതം ചെയ്തു.

വലിയ ബജറ്റിലുള്ള സിനിമകൾക്ക് പലിശച്ചെലവ് വളരെ ഉയർന്നതാണ്. ഇത് കാരണം നിർമ്മാതാക്കൾ അവധി ദിവസങ്ങളിൽ പോലും ഷൂട്ടിങ് നടത്താൻ നിർബന്ധിതരാകുന്നെന്നും അവർ പറഞ്ഞു.

സ്പിരിറ്റ്, കൽക്കി 2898 എഡി എന്നീ ചിത്രങ്ങളിൽ നിന്ന് ദീപിക പിന്മാറിയത് എട്ട് മണിക്കൂർ ജോലി സമയത്തെ ചൊല്ലിയുള്ള സംസാരങ്ങൾ കാരണമാണെന്നാണ് റിപ്പോർട്ടുകൾ.  

Content Highlights: Explore the debate on Deepika Padukone`s 8-hour workday demand in cinema.