ജോലിക്കിടെ 'ടിപ്പാ'യി കിട്ടിയ പണം കൊണ്ട് 10 ലക്ഷം രൂപയുടെ കാര്‍ വാങ്ങി യുവാവ് !, ശമ്പളം കൈകാര്യം ചെയ്യുന്നതിങ്ങനെ

#Lifestyle Desk
ക്രൂസ് കപ്പലിലെ ജീവനക്കാരനായ പ്രവീൺ പുതിയ കാറിനൊപ്പം | Photo: instagram.com/pravinjoshilkar_cruisevlogger
ക്രൂസ് കപ്പലിലെ ജീവനക്കാരനായ പ്രവീൺ പുതിയ കാറിനൊപ്പം | Photo: instagram.com/pravinjoshilkar_cruisevlogger

ടിപ്പായി ലഭിക്കുന്ന തുക മാത്രം ഉപയോഗിച്ച് 10 ലക്ഷം രൂപ വിലമതിക്കുന്ന കാര്‍ വാങ്ങിയ യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മുംബൈ സ്വദേശിയായ പ്രവീണ്‍ ജോഷില്‍കര്‍ എന്ന യുവാവാണ് ഇത്തരത്തില്‍ കാര്‍ വാങ്ങിയത്. ഇറ്റാലിയന്‍ ക്രൂസ് കപ്പലില്‍ ജോലി ചെയ്യുന്ന പ്രവീണ്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

താന്‍ ജോലി ചെയ്യുന്ന ക്രൂസ് കപ്പലിലെത്തുന്ന യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമെല്ലാമുള്ള അതിഥികളില്‍ നിന്ന് ലഭിച്ച ടിപ്പ് തുക ഉപയോഗിച്ചാണ് കാര്‍ വാങ്ങിയതെന്ന് അദ്ദേഹം പറയുന്നു. പുതിയ കാറിന് സമീപം നില്‍ക്കുന്ന സ്വന്തം ചിത്രത്തിനൊപ്പമാണ് ഇക്കാര്യങ്ങളെല്ലാം പ്രവീണ്‍ കുറിച്ചത്. താന്‍ പണം കൈകാര്യം ചെയ്യുന്ന രീതി എങ്ങനെയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ജീവിതച്ചെലവുകള്‍ക്കെല്ലാം ടിപ്പായി ലഭിക്കുന്ന തുക മാത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ശമ്പളമായി ലഭിക്കുന്ന തുക സമ്പാദ്യമാണെന്നും പ്രവീണ്‍ പറയുന്നു. 'എന്റെ ക്രൂസ് കപ്പലിലെ എല്ലാ യൂറോപ്യന്‍-യുഎസ് അതിഥികള്‍ക്കും ഞാന്‍ നന്ദി പറയുന്നു. നിങ്ങള്‍ നല്‍കിയ ടിപ്പ് ഉപയോഗിച്ച് 10 ലക്ഷം രൂപയുടെ കാര്‍ ഞാന്‍ വാങ്ങി.' -ഇതാണ് ചിത്രത്തിനുമേലെ അദ്ദേഹം കുറിച്ചത്.

'നിങ്ങള്‍ ക്രൂസ് കപ്പലില്‍ ജോലി ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ടിപ്പ് ഉപയോഗിച്ച് എല്ലാ സാധനങ്ങളും വാങ്ങാം. ശമ്പളം നിങ്ങളുടെ സമ്പാദ്യമാണ് സഹോദരാ...' -ഇതാണ് പ്രവീണ്‍ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഭൂരിഭാഗവും പ്രവീണിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളായിരുന്നു. 'ക്രൂസ് കപ്പലിലെ ജോലിക്ക് എനിക്കും അപേക്ഷിക്കണം' എന്നാണ് മറ്റൊരു രസികന്‍ കമന്റിട്ടത്.

Content Highlights: Cruise Ship Worker From Mumbai Purchases ₹10 Lakh Car With Tips, Saves Salary