ഓടിക്കളിച്ചുനടന്ന പെൺകുട്ടി പെട്ടെന്ന് വീൽചെയറിലായി, ജീവിതത്തോട് പൊരുതിയ രേവതി ഇനി കോളേജിനെ നയിക്കും

പത്തനംതിട്ട: ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് രേവതിക്ക് ആദ്യമായി കാലിടറിയത്. നടക്കാനുള്ള ബുദ്ധിമുട്ട് പതിയെപ്പതിയെ കൂടി. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് ചെന്നപ്പോഴാണ് സ്പൈനൽ മസ്കുലാർ അട്രോഫി (ടൈപ്പ് 3) രോഗമാണെന്നറിയുന്നത്.
പത്താംക്ലാസ് മുതൽ മുഴുവൻ സമയവും വീൽച്ചെയറിലായി ജീവിതം. കാലം മുന്നോട്ടോടിയെങ്കിലും, രേവതിക്ക് കാലുറച്ചുനിൽക്കാനായില്ല. എന്നാൽ, ഉൾക്കരുത്തിൽ ജീവിതത്തോട് പൊരുതിയ രേവതി ഇന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ ചെയർപേഴ്സൺ.
ഇലവുംതിട്ട നെടിയകാല തോപ്പിൽ കിഴക്കേതിൽ രവി-ജിജി ദമ്പതിമാരുടെ ഏകമകളാണ്, ബി.സി.എ. രണ്ടാംവർഷ വിദ്യാർഥിനി ആർ.വി.രേവതി. തന്റെ സ്വപ്നങ്ങൾക്ക് ശാരീരികവെല്ലുവിളി തടസ്സമാകരുതെന്ന ബോധ്യത്തിലാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എസ്.എഫ്.ഐ. സ്ഥാനാർഥിയായിരുന്നു. മത്സരിക്കാൻ താത്പര്യമുണ്ടോയെന്ന് സുഹൃത്ത് ക്രിസൺ കെ.തോമസ് ചോദിച്ചപ്പോൾത്തന്നെ രേവതി സമ്മതം മൂളി.
രണ്ടുവർഷത്തിനിടെ ആദ്യമായി കോളേജ് മുഴുവനും ചുറ്റിക്കണ്ടത് കഴിഞ്ഞദിവസമാണെന്ന് രേവതി പറയുന്നു. പ്രചാരണത്തിന്റെ ഭാഗമായായിരുന്നു അത്.
കോളേജിൽ അഡ്മിഷനെടുത്തതിന് പിന്നാലെ രേവതിക്കുവേണ്ടി എല്ലായിടത്തും റാംപ് സൗകര്യം ഒരുക്കി. സ്വപ്നങ്ങൾക്ക് തടസ്സമാകാതിരിക്കാൻ കോളേജധികൃതരും സുഹൃത്തുക്കളും ഒപ്പം നിന്നു. പഠനത്തിൽ എപ്പോഴും രേവതി മുന്നിലാണെന്ന് വകുപ്പ് അധ്യക്ഷ മഞ്ജു ജി. നായർ പറഞ്ഞു.
ദിവസവും രാവിലെ അച്ഛനും അമ്മയും ചേർന്നാണ് രേവതിയെ കോളേജിലെത്തിക്കുന്നത്. തിരികെപ്പോകുന്നതും അങ്ങനെതന്നെ. മകൾ കോളേജ് ചെയർപേഴ്സണായതിൽ അഭിമാനമുണ്ടെന്ന് അമ്മ പറഞ്ഞു.
Content Highlights: College election catholicate college sfi chairperson revathy