‘വധഭീഷണിയുൾപ്പെടെ ദിവസവും 500 ഫോൺകോളുകൾവരെ വന്നു’, 'കിസ് ക്യാം' വിവാദത്തിൽ പ്രതികരിച്ച് ക്രിസ്റ്റിൻ

#Lifestyle desk

കോൾഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെയുണ്ടായ ‘കിസ് കാം’ സംഭവത്തിൽ പ്രതികരിച്ച് അസ്‌ട്രോണമർ കമ്പനിയുടെ മുൻ എച്ച്ആർ ക്രിസ്റ്റിൻ കബോട്ട്. വലിയ കോളിളക്കങ്ങൾക്ക് വഴിതെളിച്ച സംഭവത്തിൽ ആദ്യമായാണ് ക്രിസ്റ്റിൻ പ്രതികരിക്കുന്നത്. 

അന്നത്തെ ആ നിമിഷം മോശം തീരുമാനമായിരുന്നുവെന്നും എന്നാൽ ഒരു തെറ്റല്ല ജീവിതത്തെ നിർണയിക്കുന്നതെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റിൻ തുറന്നുപറഞ്ഞു. സംഭവത്തെ തുടർന്ന് കുറ്റാരോപിതയായി ജീവിക്കേണ്ടി വന്നതിനെ കുറിച്ചും ക്രിസ്റ്റിൻ അഭിമുഖത്തിൽ പറയുന്നുണ്ട്. 

സംഗീത പരിപാടിക്കിടെ സ്റ്റേഡിയത്തിലെ 'കിസ് ക്യാമറ' അപ്രതീക്ഷിതമായി ക്രിസ്റ്റിനെയും കമ്പനി സിഇഒ ആൻഡി ബൈറണിനെയും ഒപ്പിയെടുക്കുകയായിരുന്നു. സ്റ്റേഡിയത്തിലെ 60,000 പേർക്കിടയിൽ ആരും കാണില്ലെന്ന് കരുതിയ തങ്ങൾ പെട്ടെന്ന് വലിയ ജംബോട്രോൺ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഞെട്ടലായിരുന്നു ആദ്യമെന്ന് ക്രിസ്റ്റിൻ ഓർക്കുന്നുണ്ട്.  

സംഭവത്തെത്തുടർന്ന് ക്രിസ്റ്റിന് തന്റെ ജോലി രാജിവയ്ക്കേണ്ടി വരികയും പിന്നാലെ വിവാഹമോചിതയാവുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ കടുത്ത അധിക്ഷേപമാണ് അവർ നേരിട്ടത്. ഒരു സ്ത്രീ എന്ന നിലയിൽ താനാണ് കൂടുതൽ ആക്രമണങ്ങൾ നേരിട്ടതെന്നും തന്റെ വർഷങ്ങളായുള്ള കഠിനാധ്വാനം ഒരൊറ്റ സംഭവം കൊണ്ട് ആളുകൾ വിസ്മരിച്ചുവെന്നും അവർ പറയുന്നു. വധഭീഷണിയുൾപ്പെടെ ദിവസവും 500 ഫോൺ കോളുകൾവരെ വന്നിരുന്നുവെന്നും ക്രിസ്റ്റിൻ വെളിപ്പെടുത്തുന്നുണ്ട്. 

അന്ന് ക്രിസ്റ്റിനും ആൻഡി ബൈറണും തങ്ങളുടെ പങ്കാളികളിൽ നിന്ന് പിരിഞ്ഞു താമസിക്കുകയായിരുന്നു. അന്നുണ്ടായത് ആദ്യത്തെ ചുംബനമായിരുന്നുവെന്നും ആൻഡിയോടു തനിക്ക് ഇഷ്ടമുണ്ടായിരുന്നുവെന്നും 53-കാരിയായ ക്രിസ്റ്റിൻ പറഞ്ഞു. അന്നുണ്ടായതിൻ്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും കെട്ടിപ്പടുത്ത കരിയർ തന്നെ ത്യജിക്കേണ്ടി വന്നെന്നും അവർ പറയുന്നു.

വിവാദത്തെത്തുടർന്ന് ആൻഡി ബൈറണും കമ്പനിയിൽ നിന്ന് രാജിവെച്ചിരുന്നു. ജീവിതത്തിലുണ്ടാകുന്ന ഒരുതെറ്റ് ഒരാളുടെ ജീവിതത്തെ പൂർണ്ണമായി നിർവചിക്കുന്നില്ലെന്ന് തന്റെ മക്കളെ പഠിപ്പിക്കാൻ ഈ അനുഭവം സഹായിക്കുമെന്ന് അഭിമുഖത്തിൽ ക്രിസ്റ്റിൻ പറയുന്നുണ്ട്.

ജുലൈയിൽ യുഎസിലെ ബോസ്റ്റണിൽ നടന്ന കോൾഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെയായിരുന്നു ആൻഡി ബൈറണും സഹപ്രവർത്തക ക്രിസ്റ്റിൻ കാബോട്ടും നൃത്തംചെയ്തുകൊണ്ട് പരിപാടി ആസ്വദിക്കുന്നത് ലൈവ് ക്യാമറയിൽ പതിഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ഇരുവരും പിടിവിട്ട് ഓടിയൊളിക്കുന്ന ദൃശ്യവും സാമൂഹികമാധ്യമങ്ങളിൽ വൈറലായി. സാമൂഹിക മാധ്യമമായ ടിക്ക് ടോക്കിൽ ഈ വീഡിയോ 100 മില്യൺ കാഴ്ചക്കാരാണ് കണ്ടത്. 

Content Highlights: Christine Cabot, who was filmed in a viral Coldplay kiss cam incident, breaks her silence on the event, her job loss, and the public backlash.