ഭാഗ്യം തുണച്ചു; ജീവനക്കാരന് കമ്പനിയില്‍ നിന്ന് 365 ദിവസം ശമ്പളത്തോട് കൂടിയ അവധി!

ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ലീവ് കിട്ടാന്‍ പലപ്പോഴും നമ്മള് ബുദ്ധിമുട്ടാറുണ്ട്. കൂടുതല്‍ ദിവസം ലീവ് വേണമെങ്കില്‍ പിന്നെ പറയുകയും വേണ്ട. കൃത്യമായ കാരണം ബോധിപ്പിച്ചാല്‍ മാത്രമേ അവധി അനുവദിക്കുകയുള്ളു. എന്നാല്‍ ചൈനയിലെ ഒരു യുവാവിന് കമ്പനിയില്‍ നിന്ന് 365 ദിവസം ശമ്പളത്തോട് കൂടിയ അവധി കിട്ടി. കമ്പനിയുടെ വാര്‍ഷിക പരിപാടിയോട് അനുബന്ധിച്ച് നടത്തിയ ലക്കി ഡ്രോയിലാണ് യുവാവിനെത്തേടി ഈ ഭാഗ്യമെത്തിയത്.
ഗ്വാങ്ഡോങ്ങിലെ ഷെന്‍ഷെനില്‍ കഴിഞ്ഞ ഞായറാഴ്ച്ചയാണ് കമ്പനിയുടെ ഓരോ വര്‍ഷവും നടത്താറുള്ള ഡിന്നര്‍ പരിപാടി നടന്നത്. പതിവുപോലെ ലക്കി ഡ്രോ നടത്തിയപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടത് ഇയാളുടെ പേരായിരുന്നു. 365 ദിവസം ശമ്പളത്തോട് കൂടിയ അവധി എന്ന് എഴുതിയ ചെക്കും പിടിച്ച് നില്ക്കുന്ന യുവാവിന്റെ വീഡിയോ ചൈനീസ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വൈറലാണ്.
എന്നാല്‍ ഇതു കണ്ട് കമ്പനിയുടെ മുതലാളിയും ഞെട്ടിപ്പോയി എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സാധാരണയായി ഒന്നോ രണ്ടോ ദിവസങ്ങളില്‍ ഇത്തരത്തില്‍ ലീവ് ലഭിക്കാറുണ്ട്. എന്നാല്‍ 365 ദിവസത്തെ ലീവിന്റെ കാര്യം ലക്കി ഡ്രോയില്‍ ഉള്‍പ്പെടുത്തിയത് 'ബോസ്' അറിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മൂന്നുവര്‍ഷത്തിന് ശേഷമാണ് കമ്പനി ഓരോ വര്‍ഷവും നടത്തുന്ന ഡിന്നര്‍ പരിപാടി നടക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. തൊഴിലാളികളുടെ മാനസിക സമ്മര്‍ദ്ദം അകറ്റാനും കൂടുതല്‍ പോസിറ്റീവ് ഫലം ലഭിക്കാനും വേണ്ടിയാണ് ഇത്തരത്തില്‍ ലക്കി ഡ്രോ കമ്പനി സംഘടിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ആ കമ്പനിയില്‍ ജോലി ഒഴിവുണ്ടോ എന്നാണ് അധികപേര്‍ക്കും അറിയേണ്ടത്.
Content Highlights: chinese man wins 365 days of paid leave at companys lucky draw