ഏകാന്തത മാറ്റാൻ കൂട്ടുതേടി കാൻസർ രോഗി; വൈറലായി ഫുഡ് ഡെലിവറി ഏജന്റുമാരുടെ മറുപടി

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

രോഗശയ്യയിലെ ഏകാന്തതയിൽ ഒന്ന് മിണ്ടാനോ അടുത്തിരിക്കാനോ ആരുമില്ലാതാകുമ്പോൾ മനുഷ്യൻ എത്രത്തോളം നിസ്സഹായനാകുമെന്ന് ചൈനയിലെ 24-കാരിയായ ലി എന്ന പെൺകുട്ടി ലോകത്തിന് കാണിച്ചുതന്നു. അപൂർവമായ രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ലി, തന്റെ ഏകാന്തത മാറ്റാൻ തുണയാകണമെന്ന് ആവശ്യപ്പെട്ട് ഒരു ഫുഡ് ഡെലിവറി ആപ്പിലൂടെ നൽകിയ സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണ് നനയ്ക്കുകയാണ്. ചൈനീസ് മാധ്യമസ്ഥാപനമായ സൌത്ത് ചൈന മോർണിങ് പോസ്റ്റാണ് ലിയെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്. 

നാലാം ഘട്ട കീമോതെറാപ്പിക്ക് ശേഷം ആശുപത്രി കിടക്കയിൽ ഒറ്റപ്പെട്ടുപോയ നിമിഷത്തിലാണ് ലി അസാധാരണമായ 'ഓർഡർ' നൽകിയത്. ഭക്ഷണത്തിന് വേണ്ടിയായിരുന്നില്ല അത്. പകരം, ‘രണ്ട് മണിക്കൂർ നേരം എന്റെ കിടക്കയ്ക്കരികിൽ ഒന്ന് വന്നിരിക്കാമോ?’ എന്ന ഹൃദയഭേദകമായ അഭ്യർത്ഥനയായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്.

ചികിത്സാച്ചെലവിനുള്ള പണം കണ്ടെത്താൻ പിതാവ് ദൂരെ ഒരുസ്ഥലത്ത് ജോലി ചെയ്യുകയായിരുന്നു. സഹോദരൻ ഇന്റേൺഷിപ്പ് തിരക്കുകളിലും. സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥയിലാണ് ലി ഫുഡ് ഡെലിവറി ആപ്പിനെ ആശ്രയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 

ലില്ലിയുടെ അഭ്യർത്ഥന സ്വീകരിച്ച് ആദ്യം എത്തിയ ഡെലിവറി ബോയ് രണ്ട് മണിക്കൂർ അവൾക്കൊപ്പം ചിലവഴിച്ചു. പിന്നീട് ഇദ്ദേഹം വിവരം മറ്റ് ഡെലിവറി പങ്കാളികളുടെ ഗ്രൂപ്പിൽ പങ്കുവെച്ചതോടെ സഹായഹസ്തവുമായി നിരവധി പേർ മുന്നോട്ടുവന്നു. തങ്ങളുടെ ജോലിക്ക് ശേഷമുള്ള ഒഴിവുസമയങ്ങളിൽ ഡെലിവറി ബോയ്സ് ലിയെ സന്ദർശിക്കാൻ എത്തിത്തുടങ്ങി. വെറും കൈയോടെയല്ല, അവൾക്ക് പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളും കളിപ്പാട്ടങ്ങളും പുസ്തകങ്ങളുമായാണ് അവർ എത്തിയത്.

ഗുവാങ്ഡോങ് പ്രവിശ്യയിലെ ഫോഷാനിൽ തുടങ്ങിയ കാരുണ്യപ്രവാഹം അധികം വൈകാതെ ചൈനയുടെ മറ്റ് ഭാഗങ്ങളിലേക്കും പടർന്നു. മൂന്ന് മണിക്കൂർ യാത്ര ചെയ്ത് മറ്റൊരിടത്തുനിന്നും ഒരു ഡെലിവറി ബോയ് ലിയെ കാണാനെത്തി. 60 വയസ്സുള്ള ഒരു കാൻസർ അതിജീവിതയും പൂക്കളുമായി ലിയെ സന്ദർശിച്ചു.

‘ഇത്രയധികം ആളുകൾ എന്നെ പ്രോത്സാഹിപ്പിക്കാൻ എത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല’- ലി പറഞ്ഞു. ഏപ്രിൽ 20-ഓടെ ആശുപത്രി വിട്ട ലി ഇപ്പോൾ അടുത്തഘട്ട ചികിത്സയ്ക്കായുള്ള തയ്യാറെടുപ്പിലാണ്.

Content Highlights: A 24-year-old cancer patient named Li requested companionship via a food delivery app., The request was made during her fourth round of chemotherapy while alone in the hospital.