ജീവനക്കാരിയെ കൈവിടാനാകില്ല; മണിപ്പൂരി കുടുംബത്തെ കേരളത്തിലെത്തിച്ച് ജോലി നല്‍കി ഷെഫ് പിള്ള

സുരേഷ് പിള്ള/ സുസ്മിത കുടുംബത്തോടൊപ്പം | Photo: Facebook/ Chef Suresh Pillai
സുരേഷ് പിള്ള/ സുസ്മിത കുടുംബത്തോടൊപ്പം | Photo: Facebook/ Chef Suresh Pillai

മറ്റുള്ളവരുടെ സന്തോഷത്തിന് നമ്മള്‍ കാരണമാകുമ്പോഴാണ് ജീവിതത്തില്‍ എന്തെങ്കിലും ചെയ്തുവെന്ന് നമുക്ക് തോന്നുക. അതു നമുക്ക് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. അത്തരത്തില്‍ താന്‍ കാരണം ഒരു കുടുംബം പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ഷെഫ് സുരേഷ് പിള്ള. 

ഷെഫ് പിള്ളയുടെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ കുടുംബം മണിപ്പുരിലെ സംഘര്‍ഷത്തിനിടെ ഒറ്റപ്പെട്ടുപോയിരുന്നു. അവരെ കേരളത്തിലെത്തിച്ച് അവര്‍ക്ക് കൊച്ചിയിലെ റെസ്റ്റോറന്റ് ഷെഫ് പിള്ളയില്‍ ജോലി നല്‍കുകയും ചെയ്തുവെന്ന് ഷെഫ് പിള്ള ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സുസ്മിത എന്ന് പേരുള്ള ജീവനക്കാരിയുടെ അമ്മയ്ക്കും സഹോദരിക്കുമാണ് പുതിയ ജീവിതം ലഭിച്ചത്. 

പോസ്റ്റിന്റെ പൂര്‍ണ രൂപം

ചില ചിരികള്‍ക്ക് എന്ത് ഭംഗിയാണ്... ചുറ്റുമുള്ളവരുടെ ഹൃദയം നിറയ്ക്കുന്ന ചിരികള്‍..
ഈ ഫോട്ടോയില്‍ കാണുന്നവരുടെ മനസ്സ് നിറഞ്ഞ ചിരിക്ക് ഒരു വലിയ കഥ പറയാനുണ്ട്.
ഇത് RCP കൊച്ചിയിലെ സര്‍വീസ് ടീമായ സുസ്മിതയും അവരുടെ കുടുംബവുമാണ്. കഴിഞ്ഞ ഏഴ് മാസങ്ങളായി സുസ്മിത RCP യുടെ ഭാഗമാണ്. മൂന്ന് തവണ 'Best Employee' അവാര്‍ഡ് സ്വന്തമാക്കിയ മിടുക്കി. സ്വദേശം മണിപ്പൂര്‍.
മുഖത്ത്, സദാ ഒരു പുഞ്ചിരി സൂക്ഷിക്കുന്ന, ഊര്‍ജ്ജസ്വലതയോടെ തന്റെ ജോലികള്‍ ഒക്കെയും ചെയ്തുതീര്‍ക്കുന്ന പെണ്‍കുട്ടി. എന്നാല്‍ കുറച്ചുദിവസങ്ങള്‍ മുന്‍പ് ആ ചിരിക്ക് മങ്ങലേറ്റതായി തോന്നിയപ്പോഴാണ് RCP കൊച്ചിയിലെ ജനറല്‍ മാനേജര്‍ ചാള്‍സ്, സുസ്മിതയോട് വിവരം തിരക്കിയത്.
'എന്റെ അമ്മയും അനുജത്തിയും വീട്ടില്‍ ഒറ്റയ്ക്കാണ്. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല.'
മണിപ്പൂരിലെ അശാന്തി നിറഞ്ഞ അന്തരീക്ഷത്തില്‍ വീട്ടില്‍ ഒറ്റപ്പെട്ടുപോയ തന്റെ അമ്മയെയും സഹോദരിയെയും കുറിച്ചോര്‍ത്തുള്ള സുസ്മിതയുടെ ദുഃഖം നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമായിരുന്നു. സുസ്മിതയുടെ വരുമാനത്തിലായിരുന്നു ആ കുടുംബം ജീവിച്ചുപോന്നത്.
ചാള്‍സ് ഈ വിവരം എന്നെ അറിയിച്ചു. സുസ്മിതയുടെ കുടുംബത്തെ ഇവിടെ എത്തിക്കുക എന്നതായിരുന്നു ഞങ്ങള്‍ കണ്ടെത്തിയ പോംവഴി. അങ്ങനെ, അധികം വൈകാതെ ഇരുവരെയും കൊച്ചിയില്‍ എത്തിക്കുകയും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. അവര്‍ക്ക് മണിപ്പൂരി അല്ലാതെ മറ്റൊരു ഭാഷയും വശമില്ലായിരുന്നു. എങ്കിലും വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ അവര്‍ തയ്യാറായില്ല.
ഇരുവരും RCP-യില്‍ എത്തി. സുസ്മിതയുടെ അമ്മ ഇമ്പേച്ച ദേവി ഹെല്‍പ്പിങ് അസിസ്റ്റന്റ് ആയും സഹോദരി സര്‍ഫി ദേവി, ഷെഫ് ട്രെയിനിയായും RCP യുടെ ഭാഗമായി. വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ തങ്ങളുടെ ജോലികളെല്ലാം അവര്‍ പഠിച്ചെടുത്തു.  ഇപ്പോള്‍ ഭാഷയൊന്നും അവര്‍ക്കൊരു തടസ്സമേയല്ല.
ഇന്ന് RCP എന്ന കുടുംബത്തില്‍ ഏറെ സന്തോഷത്തോടെ അവര്‍ ജീവിക്കുന്നു. അവര്‍ ആഗ്രഹിക്കുന്നിടത്തോളം കാലം RCP യുടെ ഭാഗമായി തുടരാമെന്ന് ഞാന്‍ ഉറപ്പ് കൊടുത്തു. ആ നിമിഷം അവരുടെ മുഖത്ത് വിരിഞ്ഞ ചിരിക്ക് അപ്പുറം മറ്റെന്ത് വേണം ??
ചില ചിരികള്‍ അങ്ങനെയാണ് ....കണ്ടുനില്‍ക്കുന്നവരുടെ ഉള്ള് നിറയും.
ആ പുഞ്ചിരിക്ക് നമ്മള്‍ കാരണക്കാരായിത്തീര്‍ന്നാല്‍ അതിലും വലിയ സന്തോഷം മറ്റൊന്നുമില്ല. 
നിങ്ങളിന്ന് ആരെയാണ് ഒരു പുഞ്ചിരി കൊണ്ടെങ്കിലും സന്തോഷിപ്പിക്കാന്‍ പോകുന്നത്..?

Content Highlights: chef suresh pillai shares experience of rescuing manipuri staff members family