ആദ്യ വിവാഹബന്ധം 55 മണിക്കൂര്‍,രണ്ടാമത്തേതും പരാജയം; മൂന്നാം വിവാഹബന്ധവും വേര്‍പെടുത്തി ബ്രിട്ട്‌നി

ബ്രിട്ട്‌നി സ്പിയേഴ്‌സും സാം അസ്ഖാരിയും | Photo: Instagram/ Britney Spears
ബ്രിട്ട്‌നി സ്പിയേഴ്‌സും സാം അസ്ഖാരിയും | Photo: Instagram/ Britney Spears

പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സും നടനും മോഡലുമായ സാം അസ്ഖാരിയും വിവാഹമോചിതരായി. ഇരുവരും സോഷ്യല്‍ മീഡിയ പോസ്റ്റ് വഴിയാണ് വേര്‍പിരിയുന്ന വാര്‍ത്ത അറിയിച്ചത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരും വിവാഹിതരായത്.

ഒരാളുമായുള്ള ആറു വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നെന്നും പിരിയാനുള്ള കാരണം വ്യക്തിപരമായ കാര്യമാണെന്നും അത് വിശദീകരിക്കാനല്ല ഈ പോസ്റ്റ് പങ്കുവെച്ചതെന്നും ബ്രിട്ട്‌നി കുറിപ്പില്‍ പറയുന്നു. സുഹൃത്തുക്കളില്‍ നിന്നും ആരാധകരില്‍ നിന്നും ആശ്വാസ വാക്കുകള്‍ മെസ്സേജുകളുടെ രൂപത്തില്‍ വന്നുവെന്നും അത് തന്റെ സങ്കടം കുറച്ചുവെന്നും ബ്രിട്ട്‌നി വ്യക്തമാക്കുന്നു.

വിവാഹ മോചനം എന്നത് ഒരുമിച്ചെടുത്ത തീരുമാനമാണെന്നും സ്വകാര്യതയെ മാനിക്കണമെന്നും ആവശ്യമില്ലാത്ത പ്രചാരണങ്ങള്‍ നടത്തരുതെന്നും സാം അസ്ഖാരി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. ബ്രിട്ട്‌നിയുടെ സന്തോഷം മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ സാമും വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. 

ബ്രിട്ട്‌നിയുടെ മൂന്നാം വിവാഹമാണിത്. ബ്രിട്ട്‌നിയേക്കാള്‍ 12 വയസ്സ് ഇളയതാണ് സാം. 2004-ല്‍ ജേസണ്‍ അലക്‌സാണ്ടറുമായിട്ടായിരുന്നു ആദ്യ വിവാഹം. എന്നാല്‍ വെറും 55 മണിക്കൂറിനുള്ളില്‍ ആ ബന്ധം വേര്‍പിരിഞ്ഞു. അതേ വര്‍ഷംതന്നെ ഗായകന്‍ കെവിന്‍ ഫെഡറലിനെ ബ്രിട്ട്‌നി വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. മൂന്നു വര്‍ഷത്തിന് ശേഷം 2007-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീടാണ് സാമുമായി പ്രണയത്തിലാകുന്നത്. 

സാമുമായുള്ള ബ്രിട്ട്‌നിയുടെ വിവാഹം അലങ്കോലമാക്കാന്‍ ആദ്യ ഭര്‍ത്താവ് ജേസണ്‍ ശ്രമിച്ചിരുന്നു. കാലിഫോര്‍ണിയയിലെ വിവാഹവേദിയിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ ബഹളംവെയ്ക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയും പോലീസെത്തി ബലം പ്രയോഗിച്ച് ജേസണെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. 

13 വര്‍ഷങ്ങള്‍ നീണ്ട രക്ഷാകര്‍തൃ ഭരണത്തില്‍ നിന്ന് 2021 ഒക്ടോബറിലാണ്  ബ്രിട്നി സ്പിയേഴ്സ് മോചനം നേടിയത്. 2008 മുതല്‍ ബ്രിട്നിയുടെ സ്വത്ത് കൈകാര്യം ചെയ്തിരുന്നത് പിതാവ് ജാമി സ്പിയേഴ്സ് ആയിരുന്നു. മകള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് താന്‍ രക്ഷാകര്‍തൃത്വം ഏറ്റെടുത്തു എന്നായിരുന്നു ജാമിയുടെ വാദം. 

എന്നാല്‍ കാമുകനില്‍ നിന്ന് താന്‍ ഗര്‍ഭിണി ആകാതിരിക്കാനായി പിതാവ് മരുന്നുകള്‍ കഴിപ്പിച്ചിരുന്നുവെന്നും ബ്രിട്നി ആരോപിച്ചിരുന്നു. തുടര്‍ന്ന് തന്റേയും തന്റെ സ്വത്തുക്കളുടേയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗായിക കോടതിയെ സമീപിക്കുകയായിരുന്നു. താരത്തിന് അനുകൂലമായി കോടതി വിധിയും വന്നു.

Content Highlights: britney spears opens up about separation from sam asghari in new Insta post