'പരീക്ഷ കഴിഞ്ഞിട്ട് മതി വിവാഹം'; പട്ടുസാരിക്ക് മുകളില്‍ കോട്ട് ധരിച്ച് യുവതി ക്ലാസിലേക്ക് | Video

വിവാഹദിനവും പരീക്ഷയും ഒരുമിച്ച് വന്നാല്‍ എന്ത് ചെയ്യും? രണ്ടും ഒഴിവാക്കാന്‍ പറ്റില്ല. അങ്ങനെയാണ് വിവാഹത്തിന് തൊട്ടുമുമ്പ് ശ്രീലക്ഷ്മി അനില്‍ എന്ന വധു പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് എത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
വിവാഹ വസ്ത്രമായ പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂ ചൂടി ക്ലാസിലെത്തിയ ശ്രീലക്ഷ്മിയെ കണ്ട് സഹപാഠികള്‍ ആദ്യം അമ്പരന്നു. പിന്നാലെ ലാബ് കോട്ട് ധരിച്ച് വധു പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് തയ്യാറായി. തിരുവനന്തപുരം നാലാഞ്ചിറയിലെ നവജീവന്‍ കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി.
ഗ്രൂസ് ഗേള്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ 24 ലക്ഷം ആളുകള്‍ വീഡിയോ കണ്ടു. പരീക്ഷയ്ക്ക് മുന്‍ഗണന നല്‍കിയ വധുവിനെ അഭിനന്ദിച്ച് നിരവധി പേര്‍ ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. വിവാഹജീവിതത്തിന് ശേഷം കരിയര്‍ അവസാനിപ്പിക്കുന്ന സ്ത്രീകള്‍ക്ക് ശ്രീലക്ഷ്മി മാതൃകയാണെന്നും ചിലര്‍ കുറിച്ചു.
Content Highlights: bride attends practical exam wearing wedding saree with lab coat