സണ്‍റൈസ്, ചൈന റെഡ്, മിസ് വേള്‍ഡ്, സ്‌കൂറ...; ഇത് കടലാസ് പൂക്കളുടെ കാലം

കോട്ടയം: ഒരുകാലത്ത് മലയാളിയുടെ വേലിപ്പടര്‍പ്പുകളില്‍ പൂത്തുലഞ്ഞ കടലാസ് പൂക്കളെന്ന ബൊഗൈന്‍വില്ല ഇന്ന് പൂന്തോട്ടങ്ങളിലെ പുതിയ ട്രെന്‍ഡാണ്. പഴമയുടെ ഓര്‍മപ്പൂക്കള്‍പോലെ ചില വേലിപ്പടര്‍പ്പുകളില്‍ മാത്രം പൂത്തുലഞ്ഞ ബോഗൈന്‍വില്ല ചട്ടിയിലേറി ഇപ്പോള്‍ കൂടുതല്‍ വര്‍ണാഭമായിരിക്കുന്നു.
നഴ്‌സറികളില്‍ ചൂടപ്പംപോലെ പലതരം ബൊഗൈന്‍വില്ലകള്‍ വിറ്റുപോകുന്നു. അനായാസമുള്ള പരിചരണം ചെടികളെ കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നു.
എന്നാല്‍ അത്ര തരങ്ങള്‍ നഴ്‌സറികളില്‍നിന്ന് വാങ്ങാന്‍ പറ്റാത്ത കാലത്ത് ബൊഗൈന്‍വില്ലയോടൊപ്പം കൂട്ടുകൂടിയ ഒരു കുടുംബമുണ്ട് കോട്ടയം കുമാരനല്ലൂരില്‍. ദേവീഭവനില്‍ സുമതിക്കുട്ടിയമ്മയും മൂന്ന് പെണ്‍മക്കളും. 37 െകാല്ലംമുന്പ് മൂത്തമകള്‍ ശൈലജയ്ക്ക് സുഹൃത്ത് മോളി നല്‍കിയ ഒറ്റക്കമ്പ് ബൊഗൈന്‍വില്ലയില്‍നിന്നാണ് കുടുംബം പൂക്കളുടെ വലിയ ആരാധകരായത്. ഇപ്പോള്‍ അമ്മയുടെയും മൂന്ന് പെണ്‍മക്കളുടെയും വീട്ടില്‍ ഒഴിയാതെ ചെടിയുണ്ട്.
''അന്ന് ഇത്രയും ചെടികളോ തരങ്ങളോ കിട്ടാനില്ല. മഴക്കാലം ഒഴിച്ച് വര്‍ഷത്തില്‍ പകുതിദിവസവും പൂവിടുമെന്നതാണ് മെച്ചം. ഡിസംബര്‍ മാസത്തോടെയാണ് ഇവ പൂവിടാന്‍ തുടങ്ങുന്നത്. മേയ് വരെ പൂക്കള്‍ ഉറപ്പ്. അല്‍പം ശ്രദ്ധകൊടുത്താല്‍ മാത്രം മതി.'' കുമാരനല്ലൂര്‍ ശിവശൈലത്തില്‍ ശൈലജ രാജേന്ദ്രന്‍ പറയുന്നു. ശൈലജയുടെ സഹോദരിമാരായ കുമാരനല്ലൂര്‍ ഭദ്രദീപത്തില്‍ ശ്രീലത രാജേന്ദ്രന്റെയും തപസ്യയില്‍ സുജാ രാജശേഖരന്റെയും വീട്ടിലും ഈ വസന്തം ഒഴിയാതെയുണ്ട്.
ഒരേ ചെടിയില്‍ വിവിധ നിറത്തിലുള്ള പൂക്കള്‍ വിടരുന്ന ഇനങ്ങള്‍ക്കുവരെ ഇന്ന് വിപണിയിലുണ്ട്. 100 രൂപ മുതല്‍ 2000 രൂപവരെ വില. ഗ്രാഫ്റ്റുചെയ്ത് ഒരു ചെടിയില്‍ പലതരം പൂക്കളുള്ളതിന് വില 10,000 വരെയാണ്. എളുപ്പത്തിലുള്ള പരിചരണം, ലഭ്യത, വര്‍ഷം മുഴുവന്‍ പൂക്കാനുള്ള കഴിവ് എന്നിവ ബൊഗൈന്‍വില്ലയെ ഏറ്റവും പ്രിയപ്പെട്ട ചെടികളിലൊന്നാക്കുന്നു.
മുമ്പ് പിങ്ക്, വെള്ള തുടങ്ങിയ പൂക്കളായിരുന്നു കൂടുതലെങ്കില്‍ ഇന്ന് ഫ്‌ളയിം റെഡ്, മിസ് വേള്‍ഡ്, സണ്‍റൈസ്, അഡന്ന, മഹാറാണി, സ്‌കൂറ, ചൈന റെഡ്, തുടങ്ങിയ ഇനങ്ങള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. ''വര്‍ഷത്തില്‍ ഒരിക്കല്‍ ചട്ടിയിലെ മണ്ണ് പൂര്‍ണമായും മാറ്റണം. മഴയ്ക്ക് മുമ്പ് കൊമ്പ് ഒതുക്കണം. കൃത്യമായി വളംചെയ്യണം. എന്നും വെള്ളം ഒഴിക്കണം''ശൈലജ പറയുന്നു.
പുതിയകാലത്തും കടലാസ് വസന്തം വിടര്‍ന്നുലയുന്ന കാഴ്ച പലയിടത്തും കാണാം. ഒരിക്കല്‍ വേലിപ്പടര്‍പ്പുകളില്‍ പൂത്തുലഞ്ഞ ബോഗൈന്‍വില്ലയ്ക്ക് ഇപ്പോള്‍ വിദേശ ടച്ചും. കോട്ടയം പൂവത്തുംമൂട് പാലത്തിനുസമീപം വീടിനുമുന്‍പില്‍ പൂത്തുനില്‍ക്കുന്ന ബോഗൈന്‍വില്ല പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുന്ന യുവാക്കള്‍ ഫോട്ടോ. ജി. ശിവപ്രസാദ്
Content Highlights: bougainvillea is a hit with home gardens in kerala