ബൊളീവിയയിലെ ആദ്യ സ്വവർഗ ദമ്പതിമാർ

Representational Image | Photo: Gettyimages
Representational Image | Photo: Gettyimages

നാല് വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ബൊളീവിയയിൽ ആദ്യമായി സ്വവർഗവിവാഹത്തിന് നിയമപരമായ അംഗീകാരം. ഫാബിയാന ജസ്റ്റിനിയാനോ, സ്‌കാർലെറ്റ് റോച്ച എന്നിവരുടെ വിവാഹമാണ് രാജ്യത്തെ ആദ്യ അംഗീകൃത സ്വവർഗവിവാഹമായി ചരിത്രത്തിലിടം പിടിച്ചത്.

2022 ഒക്ടോബറിലാണ് ഇരുവരും വിവാഹ രജിസ്ട്രേഷനായി അപേക്ഷ നൽകിയത്. തുടർന്ന് നിയമപോരാട്ടങ്ങൾക്കൊടുവിൽ 2026 മാർച്ച് മാസത്തിലാണ് അനുകൂല വിധി സമ്പാദിക്കാൻ ഇവർക്കായത്.

തീവ്ര കൺസർവേറ്റീവ് നിലപാടുകൾ പുലർത്തുന്ന ബൊളീവിയയിൽ, എൽ.ജി.ബി.ടി.ക്യു+  അവകാശ പോരാട്ടങ്ങൾക്ക് പുതിയ ഊർജം നൽകുന്നതാണ് ഈ വഴിത്തിരിവ്. വിധി പുറത്തുവന്നതിന് ശേഷം പത്തോളം മറ്റു സ്വവർഗ ദമ്പതികൾ സമാനമായ നിയമപരിരക്ഷ തേടി തങ്ങളെ സമീപിച്ചിതായി 'ഇക്വൽ ബൊളീവിയ' എന്ന സംഘടനയ്ക്ക് കീഴിൽ ദമ്പതികളെ പ്രതിനിധീകരിച്ച അഭിഭാഷകൻ മാറ്റിയോ റോഡ്രിഗോ പറയുന്നു.

സിവിൽ യൂണിയനും വിവാഹവും

2020-ൽ ഡേവിഡ്, ഗ്വിഡോ മൊണ്ടാനോ എന്നിവർ നടത്തിയ രണ്ടു വർഷത്തെ നിയമപോരാട്ടത്തെ തുടർന്നാണ് രാജ്യത്ത് സ്വവർഗ സിവിൽ യൂണിയനുകൾക്ക് ആദ്യമായി വഴിയൊരുങ്ങിയത്. തുടർന്ന് 2023-ലെ കോടതി ഉത്തരവോടെ ഇവ വ്യാപകമായി രജിസ്റ്റർ ചെയ്യാൻ തുടങ്ങി. രാജ്യത്ത് ഇതുവരെ 148 സ്വവർഗ സിവിൽ യൂണിയനുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എന്നാൽ സിവിൽ യൂണിയനുകളേക്കാൾ കൂടുതൽ നിയമപരമായ സംരക്ഷണവും അവകാശങ്ങളും പൂർണ്ണമായ വിവാഹബന്ധത്തിലൂടെ ലഭിക്കുമെന്ന് അവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

'സിവിൽ യൂണിയൻ വഴികൾ തുറന്നെങ്കിലും വിവാഹത്തിലൂടെ കൂടുതൽ വലിയ വാതിലുകളാണ് തുറക്കപ്പെടുന്നത്,' ഡേവിഡ് മൊണ്ടാനോ പ്രതികരിച്ചു. കൂടുതൽ ദമ്പതികൾക്ക് നിയമപരമായ തുല്യത നേടാൻ പുതിയ വിധി മാതൃകയാകും.