മോദിയുടെ ബോസ് മോഡ് വീഡിയോയ്ക്ക് അകമ്പടിയായി റാപ്പ് സംഗീതം; അമളി പറ്റിയെന്ന് വിമർശകർ

2026 ഓഗസ്റ്റ് നാലിനാണ് ഭാരതീയ ജനതാ പാർട്ടി എക്‌സിലെ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ഹ്രസ്വ വീഡിയോ പങ്കുവെച്ചത്. 'Think big. Lead bold. Put India first. That's PM Modi. Boss Mode, 24x7' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഈ മ്യൂസിക് റീൽ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
പ്രധാനമന്ത്രിയുടെ കരുത്തുറ്റ ഇമേജ് കാണിക്കാൻ അതിവേഗത്തിലുള്ള ഒരു വെസ്റ്റേൺ റാപ്പ് സംഗീതമാണ് ബാക്ക്ഗ്രൗണ്ടിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ആ വീഡിയോയിലെ പാട്ടിന്റെ ഉള്ളടക്കവും വരികളും ശ്രദ്ധിച്ചതോടെ ബി.ജെ.പിയുടെ സോഷ്യൽ മീഡിയ ഐ.ടി സെല്ലിന് പറ്റിയ വൻ അമളി വെളിച്ചത്തായി. റീലിന് താഴെ വന്ന ട്വീറ്റിലൂടെയാണ് കാര്യം ചർച്ചയായി മാറിയത്.
തന്റെ ഒ.സി.ഡി (Obsessive-Compulsive Disorder) അസുഖത്തെക്കുറിച്ചും, മനസ്സിന്റെ ഏകാന്തതയെക്കുറിച്ചും, പ്രശസ്തി കൊണ്ടുവരുന്ന വൻ മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും തുറന്നുപറയുന്ന ഒരു റാപ്പറുടെ പാട്ട് പ്രധാനമന്ത്രിയുടെ പശ്ചാത്തല സംഗീതമായി ബി.ജെ.പി എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നാണ് ചോദ്യമുയർന്നത്. ഈ ചോദ്യം ഏറ്റെടുത്ത് ആയിരക്കണക്കിന് ആളുകൾ രംഗത്തെത്തിയതോടെ ബി.ജെ.പിയുടെ ഔദ്യോഗിക ഹാൻഡിൽ ട്രോളുകൾ കൊണ്ട് നിറഞ്ഞു. പോസിറ്റീവ് പ്രചാരണത്തിന് പകരം ഈ വീഡിയോ ട്രോൾ മെറ്റീരിയലായി മാറിയെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.
Think big. 🎯
Lead bold. 💪
Put India first. 🇮🇳
𝐓𝐡𝐚𝐭’𝐬 𝐏𝐌 𝐌𝐨𝐝𝐢. 𝐁𝐨𝐬𝐬 𝐌𝐨𝐝𝐞, 𝟐𝟒×𝟕. 😎 pic.twitter.com/mYBtOSYndk— BJP (@BJP4India) August 4, 2026
അമേരിക്കൻ റാപ്പറായ എൻ.എഫിന്റെ(നാഥൻ ജോൺ ഫ്യൂവർസ്റ്റീൻ) 2019-ൽ പുറത്തിറക്കിയ ആൽബത്തിലെ ഹിറ്റ് ട്രാക്കാണ് ദി സെർച്ച്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും കലാകാരൻ നേരിട്ട കടുത്ത മാനസിക അസ്വസ്ഥതകൾ, ഭയം, ഉത്കണ്ഠ എന്നിവയൊക്കെയാണ് ഈ പാട്ടിന്റെ പ്രധാന പ്രമേയം. ്പ്രധാനമന്ത്രിയുടെ 'ബോസ്സ് മോഡ്' ചിത്രീകരിക്കാൻ ലഹരി, രോഗാവസ്ഥ, മാനസിക തകർച്ച എന്നിവയെക്കുറിച്ച് പറയുന്ന വരികൾ ഉപയോഗിച്ചത് ഐ.ടി സെല്ലിന് പറ്റിയ വലിയ അപാകതയായി വിമർശനമുയർന്നു. എൻ എഫ് ഒരു അമേരിക്കൻ ക്രിസ്ത്യൻ റാപ്പറാണ്.. എമിനെമിനോട് ഉപമിക്കുന്ന തരം ശൈലിയാണ് അദ്ദേഹം പിൻതുടരുന്നത്. ഹിപ്പ്-ഹോപ്പ് ലോകത്ത് അശ്ലീല വാക്കുകളോ സ്ത്രീകളെ മോശമായി കാണിക്കുന്ന ശൈലിയോ ഉപയോഗിക്കാത്ത ചുരുക്കം ചില റാപ്പർമാരിൽ ഒരാളാണ് എൻ എഫ് എന്നതാണ് മറ്റൊരു പ്രത്യേകത. ട്രെൻഡിംഗ് പാട്ടുകളുടെ താളം മാത്രം കേട്ട് അതിന്റെ വരികളുടെ ആഴമോ അർത്ഥമോ മനസ്സിലാക്കാതെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന ഇത്തരം വലിയ അബദ്ധങ്ങൾക്ക് തെളിവാണ് ഈ സംഭവമെന്ന് വിമർശനമുണ്ട്.
Content Highlights: BJP official handle posted a 'Boss Mode' video of PM Modi on August 4, 2026., The background track used was NF's song 'The Search', which discusses mental health and OCD., Critics mocked the IT cell for failing to research the lyrics before using the track for a promotional video., The incident highlights the risks of using trending audio without understanding the underlying themes., The video became a target for widespread social media trolling.