'ഒരു തരി പൊന്നില്ലാതെ, ആചാരങ്ങളില്ലാതെ എന്റെ തക്കു വിവാഹിതയായി, മകളെയോര്‍ത്ത് അഭിമാനം'

ഷൈന രാധാകൃഷ്ണന്‍/ ദേവദത്ത് ഷാാജയും ഷൈന രാധാകൃഷ്ണനും | Photo: Facebook/Shyna R Krishna/ Devadath Shaji
ഷൈന രാധാകൃഷ്ണന്‍/ ദേവദത്ത് ഷാാജയും ഷൈന രാധാകൃഷ്ണനും | Photo: Facebook/Shyna R Krishna/ Devadath Shaji

കഴിഞ്ഞ ദിവസമാണ് ഭീഷ്മപര്‍വ്വം സിനിമയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയും നടി റൈനയുടെ ഇരട്ട സഹോദരി ഷൈന രാധാകൃഷ്ണനും വിവാഹിതരായത്. പാലക്കാട് ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം വളരെ ലളിതമായാണ് നടന്നത്.

ഇതിന് പിന്നാലെ ഷൈനയുടേയും റൈനയുടേയും അമ്മ സുനന്ദ അപ്പുക്കുട്ടന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ആചാരങ്ങളില്ലാതെ, ഒരു തരി പൊന്നണിയാതെയാണ് തന്റെ മകള്‍ വിവാഹിതയായതെന്നും അതില്‍ തനിക്ക് അഭിമാനം മാത്രമേയുള്ളുവെന്നും കുറിപ്പില്‍ സുനന്ദ പറയുന്നു. 

മറ്റുള്ളവര്‍ എന്ത് പറയും എന്ന തന്റെ ആശങ്കയ്ക്ക് അവര്‍ എന്തും പറഞ്ഞോട്ടെ എന്ന് ഉറച്ച സ്വരത്തില്‍ മറുപടി നല്‍കിയ ഷൈനയുടേയും ദേവദത്തിന്റേയും തീരുമാനം പ്രശംസയര്‍ഹിക്കുന്നുവെന്നും വിവാഹം ചെലവുകളില്ലാതെ കഴിഞ്ഞല്ലോ എന്ന് പരിഹസിക്കുന്നവരോട് ഇത് തന്റെ മകളുടെ ആദര്‍ശമാണ് എന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും സുനന്ദ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ദേവദത്ത് ഷാജിയും വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 'കഥ മാറ്റിയെഴുതും പൊന്‍തൂവല്‍' എന്ന ക്യാപ്ഷനോടെയാണ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം ദേവ്ദത്ത് പോസ്റ്റ് ചെയ്തത്. 

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായ ദേവദത്ത് ഭീഷ്മപര്‍വത്തിനായി അമല്‍ നീരദിനൊപ്പം ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിട്ടുണ്ട്. ഫാലിമി, കുടുക്ക്, ബി 32 മുതല്‍ 44 വരെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് റൈന. ഇരട്ടസഹോദരിയുടെ വിവാഹത്തിന് സാക്ഷിയായി ഒപ്പിടുന്ന ചിത്രം റൈന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ആജീവനാന്ത സാക്ഷി' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
 

Content Highlights: bheeshma parvam writer devadath shaji married to shyna