അഖിലേന്ത്യാ തലത്തിലെ ഏറ്റവും മികച്ച ആര്‍മി എന്‍.സി.സി. കേഡറ്റ്; സാഭിമാനം മന്യ

മന്യ എം. കുമാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി മന്യ എം. കുമാറിന് മെഡലും ബാറ്റണും കൈമാറുന്നു
മന്യ എം. കുമാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി മന്യ എം. കുമാറിന് മെഡലും ബാറ്റണും കൈമാറുന്നു

കൊച്ചി: സ്‌കൂളില്‍ പഠിക്കുമ്പോള്‍ നേവിയുടെ സീ കേഡറ്റ് കോറില്‍ അംഗം. കോളേജിലെത്തിയപ്പോള്‍ ആര്‍മി എന്‍.സി.സി.യില്‍ അംഗം. സൈനിക മേഖലയോടുള്ള ഇഷ്ടം കൂടെക്കൂട്ടിയ മന്യക്ക് ഒടുവില്‍ മറ്റൊരു സന്തോഷവും. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അഖിലേന്ത്യാ തലത്തിലെ ഏറ്റവും മികച്ച ആര്‍മി എന്‍.സി.സി. കേഡറ്റായി മന്യ തിരഞ്ഞെടുക്കപ്പെട്ടു. പാലാരിവട്ടം സ്വദേശിയായ മന്യ എം. കുമാര്‍ ഇപ്പോള്‍ ഡല്‍ഹി സര്‍വകലാശാലയിലെ മിറാന്‍ഡ ഹൗസ് കോളേജില്‍ ഫിസിക്‌സ് ഓണേഴ്‌സ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. കൊച്ചിയിലെ നേവല്‍ബേസ് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് ടു പഠനത്തിനു ശേഷമാണ് മന്യ ഡല്‍ഹിയില്‍ ഉന്നത പഠനത്തിനായി പോയത്.

തൃപ്പൂണിത്തുറ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. മനോജ് കുമാറിന്റേയും ധന്യ മേനോന്റേയും മകളായ മന്യ ഡല്‍ഹിയിലെ രാജ്പഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡിലും പങ്കെടുത്തു. ഏക സഹോദരന്‍ മനു എം. കുമാര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാനായതിന്റെ ത്രില്ലിലാണ് മന്യ. ''വലിയ അഭിമാനത്തോടും സന്തോഷത്തോടും കൂടിയാണ് ഞാന്‍ പ്രധാനമന്ത്രിയില്‍നിന്നു മെഡല്‍ ഏറ്റുവാങ്ങിയത്. പരേഡില്‍ പങ്കെടുക്കുമ്പോള്‍ ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. റിപ്പബ്ലിക് ദിനത്തിനു കുറച്ചു ദിവസം മുമ്പ് പ്രധാനമന്ത്രിയുടെ ഭവനം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നു. അവിടെ വെച്ച് പ്രധാനമന്ത്രിയെ കണ്ടിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ അടുത്തുകാണാന്‍ പറ്റിയില്ല. എന്നാല്‍ മെഡല്‍ദാന ചടങ്ങില്‍ പ്രധാനമന്ത്രി തൊട്ടുമുന്നിലെത്തി''  മന്യ പറഞ്ഞു.

അഖിലേന്ത്യാ തലത്തിലെ മികച്ച കേഡറ്റിനായുള്ള ക്യാമ്പും മത്സരങ്ങളും മൂന്നര മാസത്തോളമുണ്ടായിരുന്നു. ''ഡല്‍ഹി ഡയറക്ടറേറ്റില്‍ നിന്നാണ് ഞാന്‍ പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ജനുവരി മൂന്നു മുതല്‍ 28 വരെയായിരുന്നു ഫൈനല്‍ റൗണ്ട് ക്യാമ്പ് നടന്നത്. ക്യാമ്പില്‍ മികച്ച കേഡറ്റുകള്‍ക്കായുള്ള മത്സരങ്ങള്‍ ഒന്നിലധികം തലങ്ങളിലുണ്ടായിരുന്നു''  മന്യ പറഞ്ഞു.

അമേരിക്കയിലെ അരിസോണയില്‍ നടന്ന അന്താരാഷ്ട്ര സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് മേളയിലും ജപ്പാനിലെ ടോക്യോയില്‍ നടന്ന യൂത്ത് എക്‌സ്‌ചേഞ്ച് ശാസ്ത്രമേളയിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള മന്യ ഒട്ടേറെ ദേശീയ ശാസ്ത്രമേളകളിലും പങ്കെടുത്തിട്ടുണ്ട്. ഭരതനാട്യവും കരാട്ടെയും പഠിച്ചിട്ടുള്ള മന്യ ദേശീയ കായിക മേളയില്‍ അത്‌ലറ്റിക്‌സിലും പങ്കെടുത്തു. കൊച്ചി നേവല്‍ബേസിലെ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ സീ കേഡറ്റ് കോറില്‍ അംഗമാകാന്‍ കഴിഞ്ഞതാണ് സൈനിക മേഖലയോടുള്ള ഇഷ്ടം കൂട്ടിയതെന്നു മന്യ പറഞ്ഞു. ''ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ സീ കേഡറ്റ് കോറില്‍ അംഗമായത്. ഇന്ത്യന്‍ നാവികസേനയെപ്പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞത് അവിടെ വെച്ചാണ്. അതോടൊപ്പം ബോട്ട് പുള്ളിങ്, സെയ്‌ലിങ്, നീന്തല്‍ എന്നിവയിലും പരിശീലനം കിട്ടി. ഒമ്പതാം ക്ലാസില്‍ എത്തിയപ്പോള്‍ എന്‍.സി.സി.യില്‍ ചേര്‍ന്നു''  മന്യ പറഞ്ഞു. ഡല്‍ഹിയില്‍നിന്ന് വീഡിയോ കോളിലുള്ള സംസാരത്തിനൊടുവില്‍ മന്യ ഒരാഗ്രഹം കൂടി പറഞ്ഞു: ''സിവില്‍ സര്‍വീസാണ് എന്റെ ഏറ്റവും വലിയ മോഹം. ഡല്‍ഹിയിലെ ബിരുദ പഠനത്തിനൊപ്പം സിവില്‍ സര്‍വീസ് പരീക്ഷയ്ക്കും പരിശീലനം നേടണം''.

Content Highlights: best Army NCC Cadet in All India level Manya M Kumar

Content Highlights: