'വീട്ടുജോലിക്കാരും തൊഴിലാളികളും സോഫയില്‍ ഇരിക്കുന്നു'; വിവാദമായി റെസിഡന്റ്സ് അസോസിയേഷന്റെ നോട്ടീസ്

ജോലിക്കാര്‍ റിസപ്ഷനിലെ സോഫയിലിരിക്കുന്നതും പൊതുസ്ഥലമുപയോഗിക്കുന്നതും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തിലെ റെസിഡന്റസ് അസോസിയേഷന് പുറപ്പെടുവിച്ച നോട്ടീസ് സാമൂഹിക മാധ്യമങ്ങളില്‍ 'വൈറല്‍'. തൊഴിലാളികളെയും ഫ്ളാറ്റുകളിലെ ജോലിക്കാരെയും രണ്ടാംതരക്കാരായി കാണുന്ന റെസിഡന്റ്സ് അസോസിയേഷനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വിബിന് ബാബുരാജ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് നോട്ടീസിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഏത് പാര്‍പ്പിട സമുച്ചയമാണിതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
പാര്‍പ്പിട സമുച്ചയത്തിലെ പൊതുവായ ഇടങ്ങളില്‍ എപ്പോഴും ജോലിക്കാരെ കാണുന്നത് അസ്വസ്ഥതയുണ്ടാക്കുന്നെന്നും സ്വീകരണ ഹാളിലെ സോഫയില്‍ അവര്‍ ഇരിക്കുന്നതുകൊണ്ട് ഭൂരിഭാഗം താമസക്കാരും ഈ സോഫകളില്‍ ഇരിക്കാറില്ലെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
സാധാരണക്കാരെയും പാവപ്പെട്ടവരെയും രണ്ടാം തരക്കാരായി കാണുന്നവര്‍ ലോകംമാറിയ കാര്യമറിഞ്ഞിട്ടില്ലെന്നതുള്പ്പെടെയുള്ള ട്വീറ്റുകളാണ് ട്വിറ്ററില്‍ നിറയുന്നത്. ഈ ജോലിക്കാര്‍ പാകംചെയ്യുന്ന ഭക്ഷണംകഴിക്കാന്‍ ബുദ്ധിമുട്ടില്ലേയെന്നതുള്പ്പെടെയുള്ള ചോദ്യങ്ങളും ഉയര്‍ന്നു.
ട്വിറ്ററിന് പിന്നാലെ മറ്റ് സാമൂഹികമാധ്യമങ്ങളിലും നോട്ടീസ് വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം, ഏതാണ് നോട്ടീസ് പുറപ്പെടുവിച്ച പാര്‍പ്പിട സമുച്ചയമെന്ന് വെളിപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Content Highlights: bengaluru society faces backlash over recent notice