15 കിലോമീറ്ററിന് 1200 രൂപ! ബെംഗളൂരുവിൽ മഴ പെയ്താൽ ഓട്ടോച്ചാർജ് തോന്നുംപോലെ; ചർച്ചയായി വീഡിയോ

വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ sanya
വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ sanya

ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവർമാർ അമിത ചാർജ് ഈടാക്കുന്നതിനെതിരെ വീഡിയോയുമായി യുവതി. 15 കിലോമീറ്റർ യാത്ര ചെയ്യാൻ തന്റെ സുഹൃത്ത് 1200 രൂപ നൽകേണ്ടി വന്നുവെന്ന് കണ്ടന്റ് ക്രിയേറ്ററായ സന്യ സിങ്ങ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. മഴക്കാലമായതിനാൽ ഓട്ടോച്ചാർജ് കൂടിയതെന്നും സുഹൃത്ത് വീട്ടിലെത്താൻ മൂന്ന് മണിക്കൂറെടുത്തുവെന്നും സന്യ വ്യക്തമാക്കുന്നു.

'ബെംഗളൂരുവിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല. ഇന്നലെ എന്റെ സുഹൃത്ത് ഒരു ഓട്ടോ ഡ്രൈവർക്ക് 15 കിലോമീറ്റർ യാത്രയ്ക്ക് 1200 രൂപ നൽകി. ആ തുകയ്ക്ക് നിങ്ങൾക്ക് രണ്ടു തവണ വീട്ടുപകരണങ്ങൾ വാങ്ങാം. മഴക്കാലമായതിനാലാണ് ഇത്രയും ചാർജ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ബെംഗളൂരുവിലെ മഴയോട് എനിക്ക് ഇഷ്ടം തോന്നാറില്ല. കോളേജിൽ അഡ്മിഷൻ നേടുന്നതിനേക്കാൾ പ്രയാസമാണ് ഇവിടെ ഒരു റൈഡ് ബുക്ക് ചെയ്യാൻ. നമ്മുടെ കരിയർ ഉയർന്നാലും ഇല്ലെങ്കിലും ഓട്ടോ ഡ്രൈവർമാർക്ക് വലിയ നേട്ടങ്ങളുണ്ടാകും.

സുഹൃത്ത് വീട്ടിലെത്താൻ മൂന്ന് മണിക്കൂറാണെടുത്തത്. ഓട്ടോ ഡ്രൈവർ വഴിയിൽ ഇറക്കി വിടാതിരിക്കാൻ അവൾക്ക് 1200 രൂപ കൊടുക്കേണ്ടി വന്നു. മഴക്കാലത്ത് ട്രാഫികും ഓട്ടോ നിരക്കും കൂടുതലാണ്. ആരോട് പരാതി പറയാനാണ്.'-യുവതി വീഡിയോയിൽ പറഞ്ഞു.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരണവുമായി എത്തിയത്. മഴക്കാലത്ത് ബെംഗളൂരുവിൽ യാത്ര ചെയ്യുന്നത് സമ്മർദമുണ്ടാക്കുന്നതും ചെലവേറിയതും സമയമെടുക്കുന്നതുമാണെന്ന് നിരവധി ഉപയോക്താക്കൾ സമ്മതിച്ചു. തിരക്കുള്ള സമയങ്ങളിൽ ഓട്ടോകളോ കാറുകളോ ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ സമാനമായ വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്ന് പലരും പറഞ്ഞു.

Content Highlights: A viral Instagram video highlights a Rs 1,200 charge for a 15km auto ride in Bengaluru., Heavy rain and severe traffic congestion are identified as primary drivers for surge pricing.