'ഞാന്‍ എന്താണ് മോശമായി പറഞ്ഞിട്ടുള്ളത്,ഇതെല്ലാം രഞ്ജുഷയുടെ വീട്ടുകാരും കാണുന്നുണ്ടെന്ന് ഓര്‍ക്കണം'

ബീന ആന്റണി/ രഞ്ജുഷ മേനോന്‍ | Photo: instagram/ beena antony/ renjusha menon
ബീന ആന്റണി/ രഞ്ജുഷ മേനോന്‍ | Photo: instagram/ beena antony/ renjusha menon

നടി രഞ്ജുഷ മേനോന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് പലരും തെറ്റായരീതിയ വ്യാഖ്യാനിച്ചുവെന്ന് നടി ബീന ആന്റണി. തന്റേയും രഞ്ജുഷയുടേയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള തലക്കെട്ടുകള്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളും നല്‍കിയെന്നും ബീന പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

താരോത്സവം ചെയ്യുന്ന സമയത്ത് മുതല്‍ രഞ്ജുഷയെ അറിയാമെന്നും അവരുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും ബീന ആന്റണി വീഡിയോയില്‍ പറയുന്നു. രഞ്ജുഷയുടെ ആദ്യ വിവാഹത്തില്‍ പങ്കെടുത്തിരുന്നുവെന്നും അവരുമായി ആത്മബന്ധമുണ്ടായിരുന്നെന്നും ബീന കൂട്ടിച്ചേര്‍ക്കുന്നു.

'കഴിഞ്ഞ കുറച്ച് കാലങ്ങളായി സീരിയല്‍ മേഖലയില്‍ തുടര്‍ച്ചയായി ദുരന്തങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അപര്‍ണയുടേയും രഞ്ജുഷയുടേയും മരണം അവര്‍ സ്വയം തിരഞ്ഞെടുത്തതാണ്. ആദിത്യന്‍ സാറിന്റെ മരണം വലിയ ഷോക്കിങ്ങായിരുന്നു. അതുപോലെ തന്നെ ഡോ.പ്രിയങ്കയുടെ മരണവും വളരെയധികം വേദനിപ്പിച്ചു. എന്നെ സംബന്ധിച്ച് ഇത്തരം മരണവാര്‍ത്തകള്‍ വേദനയുണ്ടാക്കാറുണ്ട്. എസ്പിബി സാറിന്റെ മരണവാര്‍ത്ത അറിഞ്ഞശേഷം രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത തരത്തില്‍ സങ്കടത്തിലായിരുന്നു.' വീഡിയോയില്‍ ബീന ആന്റണി പറയുന്നു.

സീരിയലില്‍ അഭിനയിക്കുന്ന മുഴുവന്‍ ആളുകളുടേയും ജീവിതപശ്ചാത്തലം നമുക്ക് അറിയാന്‍ പറ്റില്ലെന്നും ലൊക്കേഷനില്‍ കാണുമ്പോള്‍ എല്ലാവരും സന്തോഷത്തിലായിരിക്കുമെന്നും ബീന പറയുന്നു. 'എന്റെ പ്രശ്‌നങ്ങള്‍ ആത്മമിത്രങ്ങള്‍ക്ക് മാത്രമേ അറിയൂ. രഞ്ജുഷയോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക്‌പോലും അവള്‍ എന്തിനാണ് ഇത് ചെയ്തതെന്ന് അറിയില്ല. പറഞ്ഞുകേള്‍ക്കുന്നത് മാത്രമേ നമുക്ക് അറിയൂ.' ബീന പറയുന്നു.

'ഓരോ യൂട്യൂബ് വീഡിയോയുടെ തമ്പ്‌നെയില്‍ കാണുമ്പോള്‍ സങ്കടം തോന്നും. ഞാന്‍ രഞ്ജുഷയ്‌ക്കെതിരെ എന്തൊക്കെയോ ചെയ്തു എന്ന തരത്തിലാണ് ഈ തമ്പ്‌നെയിലുകള്‍. രഞ്ജുഷയുടെ ജീവതത്തില്‍ സംഭവിച്ചതെന്ത്, ഗുരുതര ആരോപണങ്ങളുമായി ബീന ആന്റണി എന്നൊക്കെ പലയിടത്തും തമ്പ്‌നെയില്‍ കണ്ടു. ദയവ് ചെയ്ത് ഇങ്ങനെയുള്ളത് കൊടുത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. അവളുടെ വീട്ടുകാരും ഇതൊക്കെ കാണുന്നതല്ലേ. അവര്‍ വിചാരിക്കില്ലേ ബീന ആന്റണി തങ്ങളുടെ മകളെ കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നതെന്ന്.' ബീന കൂട്ടിച്ചേര്‍ക്കുന്നു.

മരിച്ച വീട്ടിലും സീരിയല്‍ അഭിനയം എന്ന തരത്തില്‍ വന്ന കമന്റുകളേയും ബീന ആന്റണി വിമര്‍ശിച്ചു. സീരിയല്‍ അഭിനയിക്കുന്നവര്‍ക്കും ഹൃദയമുണ്ടെന്നും അവരുടെ സഹപ്രവര്‍ത്തകര്‍ മരിച്ചാല്‍ കരയുമെന്നും അതിനെ സീരിയല്‍ അഭിനയം എന്ന് പറഞ്ഞ് പരിസഹിക്കരുതെന്നും ബീന ആന്റണി പറയുന്നു. 

നേരത്തെ രഞ്ജുഷയെ കുറിച്ച് ബീന ആന്റണി മറ്റൊരു കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പത്ത് വയസ് പോലും തികയാത്ത കുഞ്ഞിനെ ഒറ്റക്കാക്കി പോയ രഞ്ജുഷയെ കുറിച്ചായിരുന്നു ബീനയുടെ പോസ്റ്റ്. 'മരിക്കുന്നതും ജീവിക്കുന്നതും ഒക്കെ നിന്റെ ഇഷ്ടം. പക്ഷേ  നീ ജന്മം കൊടുത്തൊരു കുഞ്ഞുണ്ട്. അത് എന്ത് പിഴച്ചു. ഒന്നും പറയാന്‍ ഞാനില്ല. നിന്റെ കുഞ്ഞിനെ നീ സുരക്ഷിതമാക്കിയല്ലോ. ഇനി നിനക്ക് മരണം തിരഞ്ഞെടുക്കാം. പത്ത് വയസ് പോലും തികയാത്ത ആ കുഞ്ഞ് ഇനി സുഖമായി ജീവിച്ചോളും.' എന്നായിരുന്നു ബീന ആന്റണി കുറിച്ചത്.  

Content Highlights: beena antony shares a video on instagram addressing the misinterpretation of ranjushas death