ശ്മശാനത്തില്‍ നേര്‍ച്ചയായി വെച്ച പാനീയം എടുത്തുകുടിച്ച് വിനോദ സഞ്ചാരി; ചർ ച്ചയായി വീഡിയോ

ലോക്കി ജോണ്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ lochie__jones
ലോക്കി ജോണ്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ lochie__jones

ജപ്പാനിലെ ശ്മശാനത്തില്‍ നേര്‍ച്ചയായി സമര്‍പ്പിച്ച പാനീയം കുടിച്ച ഓസ്‌ട്രേലിയന്‍ വിനോദസഞ്ചാരിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ലോക്കി ജോണ്‍സ് എന്ന ടൂറിസ്റ്റാണ് ഒരു ശവകുടീരത്തിന് മുന്നില്‍ സമര്‍പ്പിച്ച കാന്‍ എടുത്ത് അതിലെ പാനീയം കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

ജപ്പാനില്‍ സാധാരണയായി പൂര്‍വികര്‍ക്ക് സമര്‍പ്പിക്കുന്ന ഒരു സമ്മാനമായ ആ പാനീയം തുറക്കണമോ എന്ന് തീരുമാനിക്കാന്‍ അയാള്‍ ഒരു നാണയം ടോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് അയാള്‍ ശവകുടീരത്തിന് മുന്നില്‍ നിന്ന് ഏമ്പക്കം വിടുകയും ചെയ്യുന്നുണ്ട്. 

കഴിഞ്ഞ മാസം പോസ്റ്റ് ചെയ്ത ഈ വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പ്രശസ്തി തേടുന്ന വിദേശികള്‍ നാട്ടുകാരെ പ്രകോപിപ്പിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇതെന്നും ഏതൊരു രാജ്യത്തും പുണ്യസ്ഥലമായിട്ടാണ് ശ്മശാനങ്ങള്‍ കണക്കാക്കുന്നതെന്നും ആളുകള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു. അയാളെ ഇനി ഒരിക്കലും ജപ്പാനില്‍ പ്രവേശിപ്പിക്കരുതെന്നും ചിലര്‍ രോഷത്തോടെ പ്രതികരിച്ചു.

ഇതിന് പിന്നാലെ ചൊവ്വാഴ്ച ജപ്പാനിലെ ഓസ്ട്രേലിയന്‍ എംബസി ടൂറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജപ്പാന്‍ സന്ദര്‍ശിക്കുമ്പോള്‍ ഉചിതമായ പെരുമാറ്റം ഉറപ്പാക്കണമെന്ന് എംബസി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഈ വീഡിയോയെക്കുറിച്ച് നേരിട്ട് പരാമര്‍ശം നടത്തിയിട്ടില്ല. 'ഓസ്ട്രേലിയയില്‍ നിന്നുള്ള യാത്രക്കാര്‍ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും മാനിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജപ്പാനിലെ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു' എന്നും അവര്‍ കുറിച്ചു. 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മറ്റൊരു വീഡിയോയിലൂടെ ലോക്കി ജോണ്‍സ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. 2.4 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള ഫിഡിയാസ് എന്ന യൂട്യൂബര്‍ 2023-ല്‍ താനും മറ്റ് മൂന്ന് പേരും ജപ്പാനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തതിരുന്നു. ഇത് വിവാദമായതോടെ അദ്ദേഹവും മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. 

ഒരു മാസം മുന്‍പ് ജോണി സൊമാലി എന്നറിയപ്പെടുന്ന ഒരു യുഎസ് ലൈവ്‌സ്ട്രീമറെ നിര്‍മ്മാണ സ്ഥലത്ത് അതിക്രമിച്ചു കടന്നതിന് ജാപ്പനീസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫ്യുജി പര്‍വതത്തിന് സമീപമുള്ള നഗരത്തിലും വിനോദസഞ്ചാരികളുടെ വലിയ തിരക്ക്മൂലം നാട്ടുകാര്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. 


 

Content Highlights: australian tourist drinks burial site offering as japan fumes