ആർട്ടമിസ് വിക്ഷേപണത്തിന്റെ ദൃശ്യംപങ്കുവെച്ച് യുവതി, പകർത്തിയത് വിമാനത്തിൽനിന്ന്; കമന്റുമായി NASA

മനുഷ്യനെ വീണ്ടും ചന്ദ്രനിൽ ഇറക്കാനുള്ള നാസയുടെ ദൗത്യത്തിന്റെ മുന്നോടിയായുള്ള ആർട്ടമിസ് 2 കഴിഞ്ഞദിവസമാണ് വിക്ഷേപിച്ചത്. ബഹിരാകാശത്തിലൂടെ ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിക്കുന്ന ആർട്ടമിസിൽ നിന്നുള്ള ഭൂമിയുടെ ചിത്രങ്ങൾ നാസ നേരത്തേ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, ആർട്ടമിസ് 2 ദൗത്യത്തിന്റെ വിക്ഷേപണത്തിന്റെ വിമാനത്തിൽനിന്ന് ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ന്യൂജേഴ്‌സിയിൽ നിന്നുള്ള കിം എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. 30,000 അടി ഉയരത്തിൽ നിന്നാണ് കിം ഉൾപ്പെടെയുള്ള വിമാനയാത്രക്കാർ അത്യപൂർവമായ യാത്രക്ക് സാക്ഷ്യം വഹിച്ചത്. ജീവിതത്തിൽ ഒരിക്കൽ മാത്രമുണ്ടാകുന്ന വിമാനയാത്രാനുഭവമാണ് ഇന്നുണ്ടായത് എന്നാണ് യുവതി വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. വിക്ഷേപണത്തിന്റെ ഏറ്റവും മികച്ച കാഴ്ചയാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ വൈറലായി. ഇതിനകം 3.8 കോടി പേർ വീഡിയോ കണ്ടു. സാക്ഷാൽ നാസയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പോലും കിമ്മിന്റെ വീഡിയോയ്ക്ക് കമന്റ് ലഭിച്ചു. രസകരമായ കമന്റാണ് നാസ പങ്കുവെച്ചത്. 'ഇതിനെയാണ് ഞങ്ങൾ ഫസ്റ്റ് ക്ലാസ് വ്യൂ എന്ന് വിളിക്കുന്നത്' എന്നാണ് നാസ കുറിച്ചത്. വേറേയും ആയിരക്കണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
അതേസമയം ആർട്ടമിസ് 2 പേടകം ചന്ദ്രനിലേക്കുള്ള യാത്ര 'ഔദ്യോഗികമായി' ആരംഭിച്ചു. ഒരുദിവസം ഭൂമിയെ ഭ്രമണം ചെയ്തശേഷമാണ് പേടകം സഞ്ചാരപഥം മാറ്റിയത്. നാസയുടെ ബഹിരാകാശയാത്രികരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കനേഡിയൻ സ്‌പേസ് ഏജൻസിയിലെ ജെറമി ഹാൻസെൻ എന്നിവരാണ് പേടകത്തിലുള്ളത്.
ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 5:19-നായിരുന്നു നിർണായകമായ എൻജിൻ ജ്വലനം. പേടകത്തിന്റെ പ്രധാന എൻജിൻ അഞ്ചു മിനിറ്റും 50 സെക്കൻഡും ജ്വലിപ്പിച്ച് 'ട്രാൻസ്ലൂണാർ ഇൻജക്ഷൻ' (TLI) എന്ന സുപ്രധാന പ്രക്രിയ പൂർത്തിയാക്കി. 6,000 പൗണ്ട് വരെ ത്രസ്റ്റ് (thrust) ഉല്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എൻജിൻ പേടകത്തെ ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽനിന്ന് പുറത്തുകടക്കാൻ സഹായിച്ചു. ജ്വലനസമയത്ത് 58,000 പൗണ്ട് ഭാരമുണ്ടായിരുന്ന പേടകം ആയിരത്തോളം പൗണ്ട് ഇന്ധനമാണ് ഉപയോഗിച്ചത്.
Content Highlights: New Jersey native Kim captured the historic Artemis II launch while flying at 30,000 feet. The breathtaking footage went viral with over 38 million views, prompting an official response from NASA, which dubbed it the "ultimate first-class view."