'സ്വന്തം കഴിവുകൊണ്ടാണ് അവള്‍ ഇതുവരെ എത്തിയത്'; മകളെ അഭിനന്ദിച്ച് അര്‍ജുന്‍ രാംപാൽ

അച്ഛന്‍ എന്ന നിലയില്‍ ജീവിതത്തിലെ അഭിമാന നിമിഷത്തിലാണ് ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാല്‍ ഇപ്പോഴുള്ളത്. മകള്‍ മയ്‌റ രാംപാല്‍ ആദ്യമായി റാംപില്‍ ചുവടുവെച്ചിരിക്കുന്നു. മുംബൈയില്‍ നടന്ന ഡിയോര്‍ ഫാഷന്‍ ഷോയിലായിരുന്നു മയ്‌റയുടെ അരങ്ങേറ്റം.
പിങ്ക് നിറത്തിലുള്ള ഗൗണിലായിരുന്നു മയ്‌റയുടെ ആദ്യ റാംപ് വാക്ക്. ഇതിന്റെ ചിത്രം അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഒരു മനോഹരമായ ഒരു കുറിപ്പും എഴുതിയിട്ടുണ്ട്. സ്വന്തം കഴിവുകൊണ്ടാണ് അവള്‍ ഇതുവരെ എത്തിയതെന്നും പ്രയാസകരമായ മത്സരങ്ങളിലൂടെയാണ് മകള്‍ കടന്നുപോയതെന്നും കുറിപ്പില്‍ അര്‍ജുന്‍ പറയുന്നു. ഒരു അച്ഛന്‍ എന്ന നിലയില്‍ ഏറെ അഭിമാനമുണ്ടെന്നും മകള്‍ക്ക് കൂടുതല്‍ വിജയങ്ങള്‍ ആശംസിക്കുന്നുവെന്നും താരം കുറിച്ചു.
പ്രീതി സിന്റ, സുനില്‍ ഷെട്ടി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ മയ്‌റയെ അഭിനന്ദിച്ച് ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അര്‍ജുന്റെ കാമുകി ഗബ്രിയേല ഡെമെട്രിയാഡ്‌സും അഭിനന്ദനങ്ങള്‍ നേര്‍ന്നു.
മോഡലായ മെഹര്‍ ജെസിയയാണ് മയ്‌റ രാംപാലിന്റെ അമ്മ. മെഹറിനും അര്‍ജുനും മഹിക എന്ന് പേരുള്ള ഒരു മകള്‍ കൂടിയുണ്ട്. മെഹറുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അര്‍ജുന്‍ ഗബ്രിയേലയെ പ്രണയിക്കുന്നത്. അര്‍ജുനും ഗബ്രിയേലയ്ക്കും ആരിക് രാംപാല്‍ എന്നൊരു മകനുണ്ട്.
Content Highlights: arjun rampal pens heartfelt note for daughter myra as she walks her first ramp walk