'ഒടുവില്‍ ഫോട്ടോഷൂട്ടിനുള്ള ധൈര്യവും സമയവും ഞാന്‍ സംഭരിച്ചു';കളര്‍ഫുള്‍ ചിത്രവുമായി ഖദീജ റഹ്‌മാന്‍

ഖദീജ റഹ്‌മാന്‍/ ഖദീജ റഹ്‌മാന്റെ ഫോട്ടോഷൂട്ടില്‍ നിന്ന്‌ | Photo: instagram/ khatija rahman
ഖദീജ റഹ്‌മാന്‍/ ഖദീജ റഹ്‌മാന്റെ ഫോട്ടോഷൂട്ടില്‍ നിന്ന്‌ | Photo: instagram/ khatija rahman

ജീവിതത്തിലെ ആദ്യത്തെ സോളോ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായികയും സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്റെ മകളുമായ ഖദീജ റഹ്‌മാന്‍. അവിശ്വസനീയവും മറക്കാനാവത്ത അനുഭവമായിരുന്നു ഫോട്ടോഷൂട്ടെന്നും ഒരു വര്‍ഷമെടുത്താണ് ഫോട്ടോഷൂട്ടിനുള്ള ധൈര്യം സംഭരിച്ചതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ഖദീജ പറയുന്നു. ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചുവപ്പും മഞ്ഞയും പച്ചയും നിറങ്ങള്‍ ചേര്‍ന്ന് കളര്‍ഫുള്‍ ആയിരുന്നു ഫോട്ടോഷൂട്ട്. ചുവപ്പ് പൂക്കള്‍ തുന്നിപ്പിടിപ്പിച്ച മഞ്ഞയും പച്ചയും ഓറഞ്ചും നിറങ്ങള്‍ കലര്‍ന്ന ഹിജാബാണ് ഫോട്ടോഷൂട്ടില്‍ ഖദീജ ധരിച്ചത്. ഇതിനൊപ്പം ഇതേ നിറങ്ങളിലുള്ള മുത്തുകള്‍ കോര്‍ത്തുണ്ടാക്കിയ മാലയും അണിഞ്ഞിട്ടുണ്ട്. ചുവപ്പ് മാസ്‌ക്കും ഇതിനൊപ്പം ധരിച്ചു. 

കോസ്റ്റിയൂം പോലെ കളര്‍ഫുളാണ് മേക്കപ്പും. നെറ്റിയിലും കണ്‍പോളകളിലും  ഇതേ നിറങ്ങള്‍കൊണ്ടുള്ള ചെറിയ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. കണ്‍മഷി എഴുതി കണ്ണുകള്‍ കൂടുതല്‍ സുന്ദരമാക്കി. കണ്ണിന് ചുറ്റും ചുവപ്പ് നിറത്തിലുള്ള ചായവും തേച്ചിട്ടുണ്ട്. 

'ആലോചനകള്‍ നിറഞ്ഞ ഒരു കാലത്തിലൂടെയാണ് കഴിഞ്ഞു കുറച്ചു നാളുകളായി കടന്നുപോകുന്നത്. എന്റെ ചില ആല്‍ബങ്ങള്‍ പുറത്തിറങ്ങാനിരിക്കുകയാണ്. അതിനിടെ ഒരു ഇടവേള അനിവാര്യമാണെന്ന് തോന്നി. അങ്ങനെയാണ് ഈ ഫോട്ടോഷൂട്ടിലെത്തിയത്. ആത്മപരിശോധനകള്‍ക്ക് ശേഷം ഒരു വര്‍ഷത്തിനിപ്പുറം ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനുള്ള ധൈര്യവും സമയവും ഞാന്‍ സംഭരിച്ചു. അങ്ങനെയാണ് പ്രകൃതി എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയത്. ഈ ചിത്രങ്ങള്‍ എന്റെ വ്യക്തിത്വത്തേയും സ്ത്രീത്വത്തേയും പുനര്‍നിര്‍വചിക്കുന്ന ഒരു യാത്രയെ അടയാളപ്പെടുത്തുന്നു. മറ്റൊന്നും ആലോചിക്കാതെയാണ് ഈ നിറങ്ങള്‍ ഞാന്‍ തിരഞ്ഞെടുത്തതും അണിഞ്ഞതും. ഈ ഫോട്ടോഷൂട്ടിന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി'-ഖദീജ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

എ.ആര്‍. റഹ്‌മാന്റെയും സൈറാബാനുവിന്റെയും മൂത്തമകളായ ഖദീജ, 2010-ല്‍ പുറത്തിറങ്ങിയ രജനി ചിത്രം 'എന്തിരനി'ലെ 'പുതിയ മനിതന്‍' എന്ന ഗാനം ആലപിച്ചാണ് അരങ്ങേറിയത്. 2020-ല്‍ 'ഫരിശ്‌തോന്‍' എന്ന ആല്‍ബത്തിലൂടെ അവര്‍ ശ്രദ്ധിക്കപ്പെട്ടു. എ.ആര്‍ റഹ്‌മാന്‍ തന്നെ സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ആല്‍ബമായിരുന്നു അത്. 'മിന്‍മിനി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തും ഖദീജ തുടക്കം കുറിച്ചു. ബോളിവുഡ് ചിത്രം മിമിയിലെ 'റോക്ക് എ ബൈ ബൈ' എന്ന ഗാനവും തമിഴ് ചിത്രം പൊന്നിയിന്‍ സെല്‍വന്‍-2 ലെ 'ചിന്നഞ്ചിരു നിലവേ' എന്ന ഗാനവും ആലപിച്ചതും ഖദീജയാണ്. 

Content Highlights: ar rahmans daughter khatija rahman shares new solo photoshoot