'വിവാഹം ഗ്രീന്‍ കാര്‍ഡിന് വേണ്ടി,കുട്ടികള്‍ വെളുത്തിട്ടല്ലല്ലോ'- പരിഹാസം നേരിട്ടതിനെ കുറിച്ച് യുവതി

അതിര്‍ത്തികള്‍ കടന്നുള്ള വിവാഹങ്ങള്‍ ഇന്ന് സാധാരണമാണ്. ഒട്ടേറെ ഇന്ത്യക്കാര്‍ വിദേശികളെ വിവാഹം ചെയ്യാറുണ്ട്. ചിലര്‍ വിദേശത്ത് ജീവിതം തുടങ്ങുമ്പോള്‍ മറ്റ് ചിലര്‍ ഇന്ത്യയില്‍തന്നെ ജീവിതം തുടരുന്നു. എന്നാല്‍ ഒരു ഇന്ത്യക്കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ താന്‍ നേരിട്ട പരിഹാസങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ജെസീക്ക കുമാര്‍ എന്ന അമേരിക്കന്‍ യുവതി.
2010-ലായിരുന്നു ജെസീക്കയുടെ വിവാഹം. അതിനുശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഇന്ത്യയില്‍ കുടുംബജീവിതം തുടങ്ങുകയും ചെയ്തു. ഹിന്ദി ഭാഷ പഠിപ്പിക്കുന്ന 'ലേണ്‍ ഹിന്ദി എനിവേര്‍' എന്ന സംരഭത്തിന് തുടക്കം കുറിച്ച ജെസീക്ക ഇന്‍സ്റ്റഗ്രാമിലും ഇപ്പോള്‍ സജീവമാണ്. രണ്ട് ലക്ഷം ആളുകളാണ് അവരെ ഫോളോ ചെയ്യുന്നത്.
ഈ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് താന്‍ നേരിട്ട പരിഹാസങ്ങളെ കുറിച്ച് അവര്‍ സംസാരിച്ചത്. 'നിങ്ങളുടെ ഭര്‍ത്താവ് വിവാഹം ചെയ്തത് ഗ്രീന്‍ കാര്‍ഡിന് വേണ്ടിയാണ്, ഇരുണ്ട നിറമുള്ള ഒരാളെ വിവാഹം കഴിച്ചതില്‍ നിങ്ങളോട് സഹതാപം തോന്നുന്നു, ഇന്ത്യയിലേക്ക് താമസം മാറിയതിലൂടെ നിങ്ങളുടെ ജീവിതം നശിപ്പിച്ചു, നിങ്ങളുടെ കുട്ടികള്‍ക്ക് നിങ്ങളെപ്പോലെ വെളുത്ത നിറമില്ലാത്തത് കഷ്ടമാണ്' എന്നെല്ലാമാണ് ഇന്ത്യക്കാരെ വിവാഹം ചെയ്ത വിദേശികളോട് ആളുകള്‍ പറയുന്നതെന്ന് ജെസീക്ക വ്യക്തമാക്കുന്നു.
'ഇതില്‍ എത്രയെണ്ണം നിങ്ങള്‍ ഓണ്‍ലൈനില്‍ കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടുണ്ട്? ഇത് ഞാന്‍ ദിവസവും കാണുന്ന വര്‍ണവിവേചനത്തിന്റേയും വംശീയതയുടേയും വെളുത്ത ചര്‍മത്തിന്റേയും വെസ്റ്റേണ്‍ പാസ്പോര്‍ട്ട് ആരാധനയുടേയും സാംപിള്‍ മാത്രമാണ്' എന്ന് ജെസീക്ക വീഡിയോയ്ക്കൊപ്പം കുറിച്ചു.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് അവരെ പിന്തുണച്ച് കമന്റ് ചെയ്തത്. '2025-ലും ഇത് സംഭവിക്കുന്നു എന്നത് സങ്കടകരമാണ്' എന്നതായിരുന്നു ഒരു കമന്റ്. ആളുകള്‍ നിറത്തിന് എത്രമാത്രം ശ്രദ്ധ കൊടുക്കുന്നുണ്ട് എന്ന് ഇതില്‍നിന്ന് മനസിലാകുമെന്നും മെക്സിക്കോ, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലും ഇത്തരം ചോദ്യങ്ങളുണ്ടാകുമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: american woman lists absurd things trolls say to foreigners married to Indians