മുൻഭാര്യയ്ക്ക് 3560 കോടി ഡോളർ നൽകി; വിവാഹത്തിന് മുമ്പ് 22000 കോടിയുടെ സ്വത്ത് സുരക്ഷിതമാക്കാൻ ജെഫ്

ലോറൻ സാഞ്ചെസും ജെഫ് ബെസോസും | Photos: ADP, instagram
ലോറൻ സാഞ്ചെസും ജെഫ് ബെസോസും | Photos: ADP, instagram

ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ജെഫ് ബെസോസ് മാധ്യമപ്രവര്‍ത്തകയും പൈലറ്റുമായ ലോറന്‍ സാഞ്ചെസുമായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള വിവാഹം ഇറ്റലിയിലെ വെനീസില്‍ വെച്ച് ജൂണില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. 

വിവാഹത്തിന് മുന്നോടിയായി തന്റെ 22000 കോടി ഡോളറിന്റെ സ്വത്ത് 'സുരക്ഷിത'മാക്കാനൊരുങ്ങുകയാണ് ജെഫ് ബെസോസ്. ആദ്യഭാര്യ മക്കെന്‍സി സ്‌കോട്ടുമായുള്ള വിവാഹമോചനത്തോടനുബന്ധിച്ച് 3,560 കോടി ഡോളറാണ് ജെഫ് ബെസോസ് ജീവനാംശമായി നല്‍കിയത്. ഈ പശ്ചാത്തലത്തിലാണ് രണ്ടാം വിവാഹത്തിന് മുമ്പായി തന്റെ സ്വത്തുക്കള്‍ സുരക്ഷിതമാക്കാന്‍ ജെഫ് തീരുമാനിച്ചതെന്നാണ് വിവരം. 

വിവാഹത്തിന് മുമ്പ് വധൂവരന്മാര്‍ ഒപ്പുവെയ്ക്കുന്ന പ്രീനപ്ഷല്‍ എഗ്രിമെന്റ് (പ്രീനപ്) എന്ന നിയമപരമായ കരാറിലൂടെയാണ് ആമസോണ്‍ ഉടമ തന്റെ 22000 കോടി ഡോളറിന്റെ സ്വത്ത് സുരക്ഷിതമാക്കുന്നത്. വിവാഹത്തിന് മുമ്പ് തന്നെ വിവാഹമോചനത്തിനായുള്ള സാമ്പത്തിക വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്ത കരാറാണ് ഇത്. ആദ്യഭാര്യയ്ക്ക് വിവാഹമോചനത്തോടനുബന്ധിച്ച് തന്റെ സ്വത്തിന്റെ വലിയൊരുഭാഗം നല്‍കേണ്ടി വന്നതിനാലാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഇരുഭാഗത്തെയും അഭിഭാഷകര്‍ ചേര്‍ന്നാകും സങ്കീര്‍ണമായ പ്രീനപ് കരാര്‍ തയ്യാറാക്കുക. 

2023 മേയിലായിരുന്നു ജെഫ് ബെസോസിന്റേയും ലോറന്‍ സാഞ്ചെസിന്റേയും വിവാഹനിശ്ചയം. വിവാഹം ഈ ജൂണില്‍ നടക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹത്തിനുള്ള അതിഥികള്‍ക്ക് ക്ഷണക്കത്തുകള്‍ അയച്ചുതുടങ്ങിക്കഴിഞ്ഞു. ജെഫിന്റെ, 50 കോടി ഡോളര്‍ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്തായിരിക്കും വിവാഹം.

ജെഫ്, ലോറനെ പ്രൊപോസ് ചെയ്തതും വിവാഹനിശ്ചയ പാര്‍ട്ടി നടന്നതും ഇതേയിടത്താണ്. ഇവിടെവെച്ചുതന്നെ വിവാഹവും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സാങ്കേതിക രംഗത്തുനിന്നും സിനിമാ-വ്യാപാര മേഖലയില്‍ നിന്നുമുള്ള ഒട്ടേറെപ്പേര്‍ വിവാഹത്തില്‍ പങ്കെടുത്തേക്കും.

Content Highlights: Jeff Bezos To Secure His 220 Billion USD Fortune With Prenup Before Marrrying Lauren