'പ്രിയൻ പ്രണയപരവശൻ, വാക്കുകളിലെല്ലാം ലിസിയോടുള്ള സ്‌നേഹം, ലിസി പുനർവിവാഹം ഭയക്കാൻ കാരണമുണ്ട്'

സംവിധായകൻ പ്രിയദർശന്റേയും നടി ലിസിയുടേയും ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് എത്തിയപ്പോൾ എടുത്തതായിരുന്നു ഈ വീഡിയോ. പിണക്കങ്ങളെല്ലാം മറന്ന് ഇരുവരും പരസ്പരം കൈകോർത്ത് പിടിച്ചാണ് വിവാഹത്തിനെത്തിയത്. ഇരുവരേയും ഒരുമിച്ചു നിർത്തി സിബി മലയിൽ ഫോട്ടോ എടുപ്പിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഈ വീഡിയോയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. വർഷങ്ങൾക്കിപ്പുറം ഇരുവരും തമ്മിലുള്ള മഞ്ഞുരുകിയെന്നും ആ പഴയ പ്രണയം വീണ്ടും മൊട്ടിട്ടുവെന്നും ആലപ്പി അഷ്‌റഫ് തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. മുത്തച്ഛൻ, അമ്മായിയപ്പൻ എന്നിങ്ങനെയുള്ള സ്ഥാനങ്ങളിലേക്ക് മാറിയപ്പോൾ പ്രിയന്റെ ചിന്താഗതിയിൽ വന്ന മാറ്റവും ലിസിയോടുള്ള അടങ്ങാത്ത അനുരാഗവുമാണ് ഈ ഒത്തുചേരലിന് പിന്നിലെന്നും അദ്ദേഹം പറയുന്നു.
പുനർവിവാഹത്തെ കുറിച്ച് ലിസിയുടെ ഉള്ളിലുള്ള ഭയത്തെ കുറിച്ച് തന്നോട് വെളിപ്പെടുത്തിയതിനെ കുറിച്ചും ആലപ്പി അഷ്‌റഫ് പറയുന്നുണ്ട്. 'വലിയ വാദപ്രതിവാദത്തേക്കാൾ എപ്പോഴും ചെറിയൊരു വിട്ടുവീഴ്ച്ച നല്ലതാണ്. ഒന്ന് ചിരിച്ചാൽ തീരുന്ന പിണക്കങ്ങളുണ്ട്. ഒന്ന് ക്ഷമിച്ചാൽ തീരുന്ന തർക്കങ്ങളുമുണ്ട്. ഒരു വാക്കിൽ ഒഴിവാക്കാവുന്ന സങ്കടങ്ങളുമുണ്ട്. വാശികൊണ്ട് ആരും എവിടേയും വിജയിക്കുന്നില്ല. ഓരോ മനസിനേയും വേദനിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. സംവിധായകൻ പ്രിയദർശനും ലിസിയും തമ്മിലുള്ള പിണക്കങ്ങൾ പൂർണമായി മാറിയോ അതോ കടമ്പകൾ ഇനിയും ഏറെയുണ്ടോ എന്നതിനെ കുറിച്ചൊക്കെ ആകട്ടെ ഈ എപ്പിസോഡ്.
ഞാൻ ചാനൽ തുടങ്ങിയതിനുശേഷം ചില ഞെട്ടിക്കുന്ന സത്യങ്ങളും വെളിപ്പെടുത്തലുകളും സിനിമയിലെ ചില അപ്രിയ സത്യങ്ങളും അങ്ങനെ ആരും അധികം അറിയാത്തതും കേൾക്കാത്തതുമായ സംഭവങ്ങളും നിങ്ങളുമായി പങ്കുവെച്ചിട്ടുണ്ട്. ഞാൻ സ്വന്തമായി മെനഞ്ഞെടുത്ത് റീച്ച് കൂട്ടാൻ പറഞ്ഞിട്ടുള്ളതല്ല ഇതൊന്നും. ചില കാര്യങ്ങളൊക്കെ പറയുമ്പോൾ ഇത് സത്യമാണോ എന്ന് ചിലരെങ്കിലും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഞാൻ ആരുടേയെങ്കിലും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതെല്ലാം അവരുമായി ചർച്ച ചെയ്ത ശേഷം മാത്രമാണ്.
കീർത്തി സുരേഷ് അന്യ മതസ്ഥനെ വിവാഹം കഴിക്കുമെന്ന കാര്യം അവരുടെ വിവാഹത്തിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഞാൻ പറഞ്ഞിരുന്നു. അന്ന് പലർക്കും ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. അത് പിന്നീട് സത്യമാവുകയും ചെയ്തു. എന്നോട് ഇക്കാര്യം നേരത്തെ കീർത്തിയുടെ പിതാവായ സുരേഷ് കുമാർ പറഞ്ഞിട്ടുണ്ട്. അതാണ് ഞാൻ അത്രയും ആധികാരികമായി പറഞ്ഞത്. അതുപോലെ ലിസിയും പ്രിയദർശനും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തിയെങ്കിലും അവർ തമ്മിലുള്ള ശത്രുതയുടേയും വൈരാഗ്യത്തിന്റേയും മഞ്ഞുരുകി തുടങ്ങിയെന്നും അവർ ഒന്നാകാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ടെന്നും ഞാൻ വെളിപ്പെടുത്തിയിരുന്നു. അത് പലരും സംശയത്തോടെയാണ് അക്കാര്യം വീക്ഷിച്ചത്. അന്ന് അത് എന്റെ ഭാവനയിൽ മെനഞ്ഞ കെട്ടുകഥയായിരുന്നില്ല. സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹ ചടങ്ങിൽ ഇരുവരും ഒന്നിച്ചെത്തിയതോടെ അത് സത്യമായി.
ഞാൻ ഈ വിഷയം അന്ന് വെളിപ്പെടുത്താനുള്ള കാരണം നടി പ്രിയാ രാമനും ഭർത്താവും വേർപിരിഞ്ഞതിനുശേഷം വീണ്ടും ഒന്നിച്ചതുകൊണ്ടാണ്. രഞ്ജിത്ത് വേറെ വിവാഹം ചെയ്ത് അത് വേർപിരിഞ്ഞ ശേഷമാണ് വീണ്ടും പ്രിയാ രാമനുമായി ഒന്നിക്കുന്നത്. എന്നാൽ പ്രിയനും ലിസിയും വിവാഹമോചനത്തിനുശേഷം മറ്റൊരു വിവാഹബന്ധത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. കുട്ടികളുടെ കാര്യത്തിൽ രണ്ടും പേരും ചേർന്നാണ് തീരുമാനങ്ങൾ എടുക്കുന്നതും. പ്രിയൻ ഇപ്പോൾ ഒരു അമ്മായിയപ്പനും മുത്തച്ഛനുമൊക്കെ ആയപ്പോഴാണ് ചിന്താഗതിക്ക് മാറ്റം വന്നതും ലിസിയോട് വീണ്ടും പ്രണയവും കരുതലും ഒക്കെ വന്നതും.
അന്ന് വിവാഹത്തിന് അവർ ഒന്നിച്ചാണ് ചെന്നൈയിൽ നിന്ന് ഫ്‌ളൈറ്റിൽ കൊച്ചിയിലെത്തിയത്. സിബി മലയിൽ ഇരുവരേയും ചേർത്തുനിർത്തി 'ഈ ഒത്തുചേരലിന് ഇവിടം വേദിയായതിൽ വളരെ സന്തോഷമുണ്ട്' എന്ന് പറയുകയും ചെയ്തു. അതിനുശേഷം ഇരുവരും ഒരുമിച്ച് ലിസിയുടെ അമ്മയെ കാണാൻ പോയി. കഴിഞ്ഞ മൂന്ന് വർഷമായി അമ്മ കിടപ്പുരോഗിയാണ്. പെരുമ്പാവൂരിലെ ഒരു ക്ലിനിക്കിലണ് അവർ ഇപ്പോഴുള്ളത്. ആളെ തിരിച്ചറിയാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണുള്ളത്. അമ്മയുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞ മൂന്ന് വർഷമായി നോക്കുന്നത് ലിസി തന്നെയാണ്. ദിവസവും ക്ലിനിക്കിൽ വിളിച്ച് വിവരങ്ങൾ അറിയുകയും അമ്മയുടെ ചെവിയിൽ ഫോൺ വെച്ച് കൊടുക്കുമ്പോൾ അമ്മ എന്ന് വിളിച്ച് ലിസി സംസാരിക്കുകയും ചെയ്യും. പക്ഷേ അമ്മയ്ക്ക് ലിസിയെ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണുള്ളത്. എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ലിസി ചെന്നൈയിൽ നിന്ന് രാവിലെ അമ്മയുടെ അരികിലെത്തും. വൈകുന്നേരം വരെ അമ്മയുടെ കാര്യങ്ങൾ നോക്കി കൂടെയുണ്ടാകും.
അത്യാധുനിക സൗകര്യങ്ങളുള്ള ക്ലിനിക്കിലാണ് അമ്മയെ കിടത്തിയിരിക്കുന്നത്. ഏറ്റവും നല്ല പരിചരണമാണ് ലഭിക്കുന്നത്. അതെല്ലാം പ്രിയേട്ടനും ഇഷ്ടപ്പെട്ടതായി ലിസി പറയുന്നു. വർഷങ്ങൾക്കുശേഷമാണ് പ്രിയൻ അമ്മയെ കാണുന്നത്. എന്നാൽ അമ്മ പ്രിയനെ തിരിച്ചറിഞ്ഞില്ല. അന്ന് അമ്മയെ കണ്ടതിനുശേഷം ഇരുവരും കൊച്ചിയിലേക്ക് മടങ്ങുകയും ചെയ്തു.
മക്കൾ രണ്ടു പേരും സ്റ്റേബിൾ ആയി കഴിഞ്ഞില്ലേ, ഇനി പ്രിയനുമായി ഒന്നിച്ചുള്ള ജീവിതം ആയിക്കൂടെ എന്ന് ഞാൻ ലിസിയോട് ഒരിക്കൽ ചോദിച്ചു. 'ഒന്നിച്ചാണ് ഇക്ക, ഇപ്പോൾ കുടുംബമായി സ്‌നേഹമായി തന്നെയാണ് മുന്നോട്ടു പോകുന്നത്. പരാതിയോ പരിഭവമോ വഴക്കോ ഒന്നുമില്ല. ഇനി ഇപ്പോൾ നിബന്ധനകളോ കരാറുകളോ ഒന്നുംതന്നെ വേണ്ട, സ്‌നേഹത്തോടെ തന്നെ നീങ്ങട്ടെ' എന്നായിരുന്നു അതിന് ലിസി പറഞ്ഞ മറുപടി. കരാറിലൊക്കെ ഒപ്പിട്ട് പുനർവിവാഹം കഴിച്ച് കഴിഞ്ഞാൽ വീണ്ടും വഴക്കുണ്ടാകുമോ എന്നൊരു പേടി ലിസിയുടെ ഉള്ളിലുണ്ട്. ആ ഭയം പ്രിയൻ മാറ്റിയെടുത്താൽ മാത്രമേ ബന്ധം പൂർണതയിൽ എത്തുകയുള്ളു. രണ്ട് ദിവസം മുമ്പ് പ്രിയദർശൻ എന്നെ വിളിച്ചിരുന്നു. എന്റെ നാക്ക് കരിനാക്കാണോ പൊൻനാക്കാണോ എന്ന് ചോദിച്ചു. ലിസിക്ക് പ്രിയനോടുള്ള ഇഷ്ടവും കരുതലും ഒക്കെ മനസിലാക്കി ഞാനാണല്ലോ ഇത് ആദ്യം പറഞ്ഞത് അതുകൊണ്ടായിരിക്കണം പ്രിയൻ എന്നോട് അങ്ങനെ ചോദിച്ചത്.
ഇപ്പോൾ പ്രിയനെ സംബന്ധിച്ച് കരുതലും സ്‌നേഹവും മാത്രമല്ല അദ്ദേഹം പ്രണയപരവശനും കൂടിയാണ്. വാക്കുകളിൽ നിറയെ ലിസിയോടുള്ള പ്രണയവും ഇഷ്ടവും തുളുമ്പി നിൽക്കുന്നു. പഴയതുപോലെ നല്ലൊരു കുടുംബജീവിതം പ്രിയന് നയിക്കണമെങ്കിൽ ലിസിയുടെ ഉള്ളിലുള്ള ഭയം മാറ്റിയെടുക്കേണ്ടതുണ്ട്. പ്രിയന് അതിന് കഴിയട്ടെ. ഇനിയുള്ള കാലം ഇണയായും തുണയായും പരസ്പരം സ്‌നേഹിച്ച് ഒന്നിച്ച് ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. പെണ്ണിന്റെ ഉടലറിയുമ്പോഴല്ല, ഉള്ളറിയുമ്പോഴാണ് ദാമ്പത്യത്തിൽ പൂക്കാലമുണ്ടാകുന്നത്. ആണിന്റെ കരുത്തറിയുമ്പോഴല്ല, കരുതൽ അറിയുമ്പോഴാണ് ഓരോ പെണ്ണും ജീവിക്കാൻ കൊതിക്കുന്നത്.'-ആലപ്പി അഷ്‌റഫ് വീഡിയോയിൽ പറയുന്നു.
Content Highlights: alleppy ashraf about lissy and priyadarshan relation