ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകി ഐശ്വര്യ റായ്; കൗതുകത്തോടെ നോക്കിനിൽക്കുന്ന മകൾ ആരാധ്യ, വീഡിയോ വൈറൽ

ബോളിവുഡ് താരവും മുൻ ലോകസുന്ദരിയുമായ ഐശ്വര്യാ റായ് കഴിഞ്ഞദിവസമാണ് കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റിലെത്തിയത്. നീലഗൗണിൽ മത്സ്യകന്യകയെ പോലെ അതീവസുന്ദരിയായാണ് താരം എത്തിയത്. അനിശ്ചിതത്വത്തിനൊടുവിൽ ഐശ്വര്യ റെഡ് കാർപ്പറ്റിലെത്തിയപ്പോൾ ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. പിന്നീട് മകൾ ആരാധ്യാ ബച്ചനൊപ്പവും ഐശ്വര്യ റെഡ് കാർപ്പറ്റിലെത്തി. ആരാധ്യയുടെ ആദ്യ റെഡ് കാർപ്പറ്റ് പ്രവേശമായിരുന്നു ഇത്.
ഇപ്പോഴിതാ കാനിൽ നിന്നുള്ള ഐശ്വര്യാ റായിയുടേയും മകൾ ആരാധ്യയുടേയും ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഐശ്വര്യ തന്റെ പ്രിയപ്പെട്ട ആരാധകരോട് സംസാരിക്കുന്നതും സെൽഫിക്ക് പോസ് ചെയ്യുന്നതും അവർക്ക് ഓട്ടോഗ്രാഫ് നൽകുന്നതുമെല്ലാമാണ് ദൃശ്യങ്ങളിലുള്ളത്. ആരാധകർക്ക് തന്റെ അമ്മയോടുള്ള സ്നേഹം കൗതുകത്തോടെ നോക്കുന്നതും അഭിമാനത്തോടെ പുഞ്ചിരിക്കുന്നതുമായ ആരാധ്യയേയും സമീപം കാണാം.
സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തത്. 'അമ്മയെ ഓർത്ത് ഏറെ അഭിമാനിക്കുന്ന, സന്തോഷിക്കുന്ന മകൾ' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'ആരാധ്യയെ കാണാൻ നല്ല ഭംഗിയുണ്ട്. അമ്മയെ പോലെ എളിമയുള്ള കുട്ടി' എന്ന് മറ്റൊരാൾ. 'ഈ പെൺകുട്ടി തന്റെ അമ്മയുടെ നേട്ടങ്ങളിൽ വളരെയധികം അഭിമാനിക്കുന്നു' എന്നായിരുന്നു മറ്റൊരു കമന്റ്.
Content Highlights: A heartwarming video of Bollywood icon Aishwarya Rai and her daughter Aaradhya Bachchan from the Cannes Film Festival has gone viral. The clip features Aishwarya, stunning in a blue mermaid gown, signing autographs, interacting with enthusiastic fans, and posing for selfies, while Aaradhya looks on with pride and admiration.