'അതിരപ്പിള്ളിയിൽ തൂങ്ങിക്കിടന്നത് അരമണിക്കൂർ'; നടുക്കുന്ന അനുഭവം പറഞ്ഞ് ഐശ്വര്യ റായ്‌യുടെ ഡ്യൂപ്പ്

#Lifestyle Desk
ഐശ്വര്യാ റായ്, സ്റ്റണ്ട് ഡബിൾ സനോബര്‍ പര്‍ദിവാല പങ്കുവെച്ച ദൃശ്യം
ഐശ്വര്യാ റായ്, സ്റ്റണ്ട് ഡബിൾ സനോബര്‍ പര്‍ദിവാല പങ്കുവെച്ച ദൃശ്യം

ശ്വര്യ റായ്, വിക്രം, അഭിഷേക് ബച്ചൻ, പൃഥ്വിരാജ് എന്നിവർ പ്രധാനവേഷങ്ങളിലെത്തി 2010-ൽ ഹിന്ദിയിലും തമിഴിലുമായി പുറത്തിറങ്ങിയ മണിരത്‌നം ചിത്രമായിരുന്നു ‘രാവൺ’. തൃശൂർ ജില്ലയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ഐശ്വര്യ റായ് അവതരിപ്പിച്ച നായികാ കഥാപാത്രം വെള്ളച്ചാട്ടത്തിന് മുകളിൽനിന്ന് താഴേക്ക് ചാടുന്ന രംഗം ചിത്രത്തിന്റെ അവസാനഭാഗത്തുണ്ട്. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ നടുക്കുന്ന അനുഭവം പങ്കുവെക്കുകയാണ് അന്ന് ഐശ്വര്യയുടെ ഡ്യൂപ്പായിരുന്ന സനോബർ പർദിവാല.

വലിയ അപകടത്തിൽ കലാശിക്കേണ്ടിയിരുന്ന സംഭവമായിരുന്നു അതെന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും സനോബർ പറയുന്നു. സോഷ്യൽ മീഡിയയിലാണ് അവർ പഴയ അനുഭവം പങ്കുവെച്ചത്. അന്നത്തെ അപകടത്തിന്റെ ദൃശ്യങ്ങളും അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

ചിത്രത്തിന്റെ ക്ലൈമാക്‌സിൽ, ഐശ്വര്യ റായ് അവതരിപ്പിച്ച രാഗിണി എന്ന കഥാപാത്രം കൊക്കയിലേക്ക് ചാടുന്നതാണ് ഉള്ളത്. ഏറെ അനായാസമായാണ് സ്‌ക്രീനിൽ ആ രംഗം തോന്നുക. എന്നാൽ, അപ്രതീക്ഷിതമായി ഉണ്ടായ സാങ്കേതിക പ്രശ്‌നം കാരണം വലിയൊരു അപകടത്തിന്റെ വക്കോളം താനെത്തിയെന്നാണ് അവർ പറഞ്ഞത്.

'150 അടി. മൂന്നര സെക്കൻഡ്. ഞാനൊരിക്കലും മറക്കാത്ത സ്റ്റണ്ട്. രാവണിലെ ഈ ക്ലിഫ് ജമ്പിനിടെയുണ്ടായ അപ്രതീക്ഷിതമായ സാങ്കേതികപ്രശ്‌നം കാരണം ഞാൻ 30 മിനിറ്റോളമാണ് വായുവിൽ തൂങ്ങിക്കിടന്നത്.' -സനോബർ പറഞ്ഞു. തുടർന്ന്, താൻ എങ്ങനെയാണ് ആ സമയത്തെ അതിജീവിച്ചതെന്നും അവർ വിശദീകരിച്ചു.

'സ്റ്റണ്ട് ജോലിയിൽ തയ്യാറെടുപ്പ് എന്നാൽ, ക്യാമറയ്ക്ക് മുന്നിൽ അത് എങ്ങനെ ചെയ്യാമെന്നത് മാത്രമല്ല, അപ്രതീക്ഷിതമായത് സംഭവിക്കുമ്പോൾ നിങ്ങൾ എന്ത് ചെയ്യുന്നു എന്നത് കൂടിയാണ്. ശാന്തമായിരിക്കുക. ശ്വാസം നിയന്ത്രിക്കുക. സുരക്ഷാസംവിധാനങ്ങളെ വിശ്വസിക്കുക. നിങ്ങളുടെ ഊർജം പാഴാക്കാതെ സംരക്ഷിക്കുക. അതാണ് ഞാൻ ചെയ്തത്. വലിയൊരു വെള്ളച്ചാട്ടത്തിനരികെ തൂങ്ങിക്കിടന്ന്, സാവധാനം ശ്വസിച്ച്, പൂർണമായും ശാന്തയായിരുന്നാണ് ഞാനതിനെ നേരിട്ടത്.' -സനോബർ തുടർന്നു.

'ചില സ്റ്റണ്ടുകൾ ശരീരത്തെ പരീക്ഷിക്കും. ചിലതാകട്ടെ മനസിനേയും. എന്നാൽ ഇത് രണ്ടിനേയും ഒന്നിച്ച് പരീക്ഷിച്ച ഒന്നായിരുന്നു.'– ഇതുകൂടി പറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിച്ചത്.

Content Highlights: Stunt woman Sanober Pardiwala, who acted as Aishwarya Rai's body double in Mani Ratnam's 2010 film Raavan, shared a terrifying experience from the shoot at Athirappilly waterfalls. A technical glitch left her hanging in the air for 30 minutes after a 150-foot cliff jump.