'നീ കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി'

കീര്‍ത്തി സുരേഷിനും ആന്റണി തട്ടിലിനുമൊപ്പം ഐശ്വര്യ ലക്ഷ്മി/ ഐശ്വര്യ ലക്ഷ്മി | Photo: instagram/ aishwarya lakshmi
കീര്‍ത്തി സുരേഷിനും ആന്റണി തട്ടിലിനുമൊപ്പം ഐശ്വര്യ ലക്ഷ്മി/ ഐശ്വര്യ ലക്ഷ്മി | Photo: instagram/ aishwarya lakshmi

ഡിസംബര്‍ 12-നായിരുന്നു നടി കീര്‍ത്തി സുരേഷിന്റേയും ബിസിനസുകാരന്‍ ആന്റണി തട്ടിലിന്റേയും വിവാഹം. ഗോവയില്‍ നടന്ന വിവാഹത്തില്‍ വിജയ് ഉള്‍പ്പെടെ തെന്നിന്ത്യയിലെ നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ നടിമാരായ ഐശ്വര്യ ലക്ഷ്മിയും തൃഷയും കല്ല്യാണി പ്രിയദര്‍ശിനിയുമെല്ലാം വിവാഹത്തിനിടെയെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കീര്‍ത്തിയും ആന്റണിയുമായുള്ള സൗഹൃദം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് ഐശ്വര്യ ലക്ഷ്മിയുടെ പോസ്റ്റ്.

ജോലിത്തിരക്കുകള്‍ പറഞ്ഞ് വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതെങ്കില്‍ കീര്‍ത്തി തന്നെ കൊല്ലുമായിരുന്നുവെന്നും കല്ല്യാണ ദിവസംതന്നെ വധുവിനെ കൊലപാതകിയാക്കിയില്ലെന്നും തമാശരൂപത്തില്‍ ഐശ്വര്യ പങ്കുവെച്ച നീണ്ട കുറിപ്പില്‍ പറയുന്നു. 

ഇരുവരുടേയും വിവാഹം മനോഹരമായിരുന്നുവെന്നും ആ ദിവസത്തിന് സാക്ഷ്യം വഹിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. 'വൈകാരികമായ ആ നിമിഷങ്ങളും പാട്ടുമെല്ലാം മനോഹരമായിരുന്നു. വിവാഹത്തിന് നീ കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചപ്പോള്‍ ഞങ്ങളുടെയെല്ലാം കണ്ണുകള്‍ നിറഞ്ഞൊഴുകി. അത്രയും മനോഹരമായ ഓര്‍മകള്‍ സമ്മാനിച്ചതിന് നന്ദി. നിങ്ങള്‍ രണ്ട് പേരും ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചത് കണ്ടപ്പോള്‍ അളവില്ലാത്ത സന്തോഷം തോന്നി.'-ഐശ്വര്യ കുറിച്ചു. 

ഈ പോസ്റ്റിന് താഴെ 'ഐഷു, നിങ്ങള്‍ മനോഹരമായൊരു ഹൃദയത്തിന് ഉടമയാണ്' എന്ന് ആന്റണി കമന്റ് ചെയ്തിട്ടുണ്ട്. 'പോരുന്നോ എന്റെ കൂടെ' എന്ന് ഇതിന് ഐശ്വര്യ മറുപടിയും നല്‍കി. 

കടുംപിങ്ക് നിറത്തിലുള്ള കാഞ്ചീവരം സാരിയാണ് വിവാഹദിവസം ഐശ്വര്യ ധരിച്ചത്. ഗോള്‍ഡന്‍ കസവ് വരുന്ന സാരിയില്‍ ചെക്ക് ഡിസൈന്‍ നല്‍കിയിട്ടുണ്ട്. വലിയ ജിമിക്കി കമ്മലും ഹെവി വര്‍ക്ക് വരുന്ന വളകളുമാണ് ഇതിനൊപ്പം അണിഞ്ഞത്.
 

Content Highlights: aishwarya lakshmi shares keerthy sureshs wedding photos