'കല്യാണത്തിന് വന്നില്ല, ഹണിമൂണിനിടെ ഇറ്റലിയിലെ ഹോട്ടലിൽ രത്തൻ ടാറ്റ! ധൈര്യം സംഭരിച്ച് അടുത്തുപോയി'

റിതേഷ് ദേശ്മുഖും ജെനീലിയയും(ഇടത്ത്) രത്തന്‍ ടാറ്റ(വലത്ത്) | Photo: AFP & PTI
റിതേഷ് ദേശ്മുഖും ജെനീലിയയും(ഇടത്ത്) രത്തന്‍ ടാറ്റ(വലത്ത്) | Photo: AFP & PTI

രോ ഇന്ത്യക്കാരന്റെയും മനസ്സില്‍ പതിഞ്ഞ പേരാണ് രത്തന്‍ ടാറ്റ. പ്രമുഖ വ്യവസായി എന്നതിലുപരി ഒരു മനുഷ്യസ്‌നേഹിയെന്നനിലയിലും അത്രയേറെ പരിചിതമായിരുന്നു ആ പേര്. രത്തന്‍ ടാറ്റയുടെ വിയോഗവേളയിൽ അദ്ദേഹം ജീവിതത്തില്‍ നല്‍കിയ പ്രചോദനവും അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളും പലരും ഓര്‍ത്തെടുത്തിരുന്നു. സിനിമാമേഖലയിലെ പല പ്രമുഖരും അത്തരത്തിലുള്ള ഒട്ടേറെ ഓര്‍മകളാണ് പങ്കുവെച്ചത്. രത്തന്‍ ടാറ്റയെന്ന വലിയ മനുഷ്യന്‍ അദ്ദേഹത്തിന്റെ എളിമകൊണ്ട് അമ്പരിപ്പിച്ച അനുഭവമാണ് ബോളിവുഡ് നടനായ റിതേഷ് ദേശ്മുഖും സാമൂഹികമാധ്യത്തില്‍ പങ്കുവെച്ചിരിക്കുന്നത്. നടിയും ഭാര്യയുമായ ജെനീലിയക്കൊപ്പം റോമില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെയായിരുന്നു ആ മറക്കാനാവാത്ത കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. 

2012-ലായിരുന്നു ആ സംഭവം. റോമില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെ ഹോട്ടലിലെ അന്നത്തെ പ്രഭാതഭക്ഷണ വേള ഒരിക്കലും മറക്കാനാവാത്ത അനുഭവമാകുമെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ഭക്ഷണത്തിനിടെയാണ് ജെനീലിയ എന്നെ കൈകൊണ്ട് തട്ടിയത്. അപ്പോള്‍ ഏറെ പരിചിതമായ ഒരു രൂപത്തിനു നേർക്കായിരുന്നു അവളുടെ നോട്ടം. അത് രത്തന്‍ ടാറ്റയായിരുന്നു. എന്റെ അച്ഛനും അദ്ദേഹവും തമ്മില്‍ ഏറെ അടുപ്പമുണ്ടായിരുന്നു. അതിനാല്‍ ധൈര്യം സംഭരിച്ച് അദ്ദേഹത്തെ ഞാന്‍ സമീപിച്ചു.

പക്ഷേ, ഞാന്‍ അദ്ദേഹത്തെ സ്വയം പരിചയപ്പെടുത്തും മുന്‍പേ ഹലോ റിതേഷ് എന്ന് പറഞ്ഞ് ഊഷ്മളമായ പുഞ്ചിരിയോടെ അദ്ദേഹം എന്നെ സ്വാഗതം ചെയ്തു. ഒരു യാത്ര കാരണം വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിന് ക്ഷമാപണം നടത്തി. അത് എന്റെ ഹൃദയത്തില്‍ തൊട്ടു. തുടര്‍ന്ന് ഞാന്‍ ജെനീലിയ കൂടെയുണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അവളെ തിരക്കി. ജെനീലിയയെ നോക്കി അടുത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അവള്‍ കസേരയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ തുടങ്ങുന്നതിന് മുന്‍പേ അദ്ദേഹം ഒരുമടിയും കൂടാതെ തന്റെ കസേരയില്‍നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നീങ്ങി. സ്ത്രീയെ ഒരിക്കലും നടത്തിക്കാന്‍ പാടില്ലെന്നും എല്ലായ്‌പ്പോഴും അവര്‍ക്കരികിലേക്ക് പോയി ഹലോ പറയണമെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകള്‍ എന്നും എന്റെ ഓര്‍മയിലുണ്ട്. അന്നത്തെ കൂടിക്കാഴ്ചയിലൂടെ രത്തന്‍ ടാറ്റയുടെ മനുഷ്യത്വത്തിനും വിനയത്തിനും ഞാന്‍ ദൃക്‌സാക്ഷിയായി', റിതേഷ് പറഞ്ഞു.

വര്‍ഷങ്ങള്‍ കടന്നുപോയിട്ടും അന്നത്തെ ഓര്‍മകള്‍ ഇന്നും മനസ്സിലുണ്ടെന്നും കരുണയുടെയും ദയയുടെയും പ്രതീകമായി, ഒരു ഇതിഹാസമായി രത്തന്‍ ടാറ്റ എന്നും ഓര്‍മിക്കപ്പെടുമെന്നും നടന്‍ സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

Content Highlights: actor riteish deshmukha shares his meeting experience with ratan tata while honeymoon with genelia