'ആ 4 വര്‍ഷം എന്റെ ഭാര്യ ജോലി ചെയ്ത് കുടുംബം നോക്കിയതില്‍ എനിക്കൊരു നാണക്കേടും തോന്നിയിട്ടില്ല'

അര്‍ഷാദ് വാര്‍സി ഭാര്യ മരിയ ഗൊരേത്തിക്കൊപ്പം | Photo: PTI/ANI
അര്‍ഷാദ് വാര്‍സി ഭാര്യ മരിയ ഗൊരേത്തിക്കൊപ്പം | Photo: PTI/ANI

ബോളിവുഡില്‍ സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയ നടനാണ് അര്‍ഷാദ് വാര്‍സി. എന്നാല്‍ കരിയറിന്റെ ഒരു ഘട്ടത്തില്‍ അര്‍ഷാദ് വാര്‍സി പ്രതിസന്ധിയില്‍ അകപ്പെട്ടുപോയിരുന്നു. മികച്ച കഥാപാത്രങ്ങളോ സിനിമയോ താരത്തെ തേടിവന്നിരുന്നില്ല. അന്ന് ആ സമയം പിന്നിട്ടത് എങ്ങനെയാണെന്നും ഭാര്യ മരിയ ഗൊരേത്തി തന്നെ പിന്തുണച്ചത് എങ്ങനെയാണെന്നും അര്‍ഷാദ് വാര്‍സി അടുത്തിടെ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

തന്റെ കുടുംബത്തിനുവേണ്ടി വേണ്ടത്ര സമ്പാദിക്കാതെ മരിച്ചുപോകുമോ എന്നതാണ് ഏറ്റവും വലിയ ഭയമെന്ന് അര്‍ഷാദ് വാര്‍സി പറയുന്നു. 'എന്റെ ഏറ്റവും വലിയ ഭയം പെട്ടെന്നൊരു ദിവസം മരിച്ചുപോകുന്നതാണ്. അത് മരണത്തെ ഭയക്കുന്നതുകൊണ്ടല്ല. എന്റെ കുടുംബത്തിന് വേണ്ടി ആവശ്യമായതൊന്നും കരുതിവയ്ക്കാതെ പോകുമോ എന്ന ഭയംകൊണ്ടാണ്. ഞാന്‍ അവര്‍ക്കുവേണ്ടി ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ എന്തുചെയ്യുമെന്ന് ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നു. അവര്‍ സുരക്ഷിതരാണെന്നും അവരുടെ ജീവിതം ഭദ്രമാണെന്നും എന്റെ കണ്ണുകൊണ്ട് കാണുന്നതുവരെ എനിക്ക് ആ ഭയമുണ്ടാകും. എല്ലാ മാതാപിതാക്കള്‍ക്കും ഇങ്ങനെത്തന്നെയാകും തോന്നുകയെന്ന് ഞാന്‍ കരുതുന്നു.' രാജ് ശമാനിയുടെ പോഡ്കാസ്റ്റ് ഷോയില്‍ അര്‍ഷാദ് പറയുന്നു.

ഒരുപാട് പ്രതിസന്ധികളിലൂടെ താന്‍ കടന്നുപോയതുകൊണ്ടാകാം ഈ ഭയം തന്നെ അലട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഒരു വലിയ സിനിമയ്ക്ക് ശേഷവും, വര്‍ഷങ്ങളോളം എനിക്ക് ജോലിയില്ലാതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ വെറുതെ ജീവിക്കുകയായിരുന്നു. ചുമരുകളിലേക്ക് നോക്കിയിരുന്ന്, ഭാര്യക്കും കുട്ടികള്‍ക്കും വേണ്ടി ഭക്ഷണം പാചകം ചെയ്ത്. ഒരുപാട് കഷ്ടപ്പാടുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ എന്റെ കരുത്തില്‍ ഞാന്‍ മുന്നോട്ടുപോയി. എന്റെ മക്കള്‍ക്കായി ഒരു സുഖപ്രദമായ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്തു. അവര്‍ എന്നെപ്പോലെ കരുത്തരല്ല.' അര്‍ഷാദ് പറയുന്നു.

തങ്ങളുടെ മക്കള്‍ വളരുമ്പോള്‍ അവര്‍ക്ക് എത്രത്തോളം സൗകര്യങ്ങള്‍ നല്‍കണം എന്ന കാര്യത്തില്‍ ഭാര്യ മരിയ ഗൊരേത്തി തന്നോട് പലപ്പോഴും വിയോജിക്കാറുണ്ടെന്നും അര്‍ഷാദ് പറഞ്ഞു. യാത്ര ചെയ്യുമ്പോഴുള്ള ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ ഉള്‍പ്പെടെ തങ്ങളുടെ മക്കളായ സീക്കും സെനെയും അവര്‍ക്ക് ലഭിക്കുന്നതെല്ലാം സ്വന്തമായി സമ്പാദിക്കണമെന്നാണ് മരിയ ആഗ്രഹിക്കുന്നതെന്ന് അര്‍ഷാദ് പറയുന്നു. എന്നാല്‍ താന്‍ അതിനോട് പൂര്‍ണ്ണമായി യോജിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാനും മരിയയും ഞങ്ങളുടെ മക്കള്‍ക്ക് എന്ത് നല്‍കണം, അവര്‍ എന്താണ് അര്‍ഹിക്കുന്നത് എന്നതിനെക്കുറിച്ച് ഒരുപാട് വഴക്കിടാറുണ്ട്. ഉദാഹരണത്തിന് ഞങ്ങള്‍ യാത്ര ചെയ്യുമ്പോഴെല്ലാം ഞാന്‍ അവര്‍ക്കും ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയാണെന്ന് പറയും. അപ്പോള്‍ അവള്‍ ചോദിക്കും, 'എന്തിന്? അവര്‍ ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യാന്‍ അര്‍ഹരാണോ?' അവള്‍ പറഞ്ഞത് ശരിയാണ്. അവര്‍ അതെല്ലാം സ്വന്തമായി നേടിയെടുക്കണം. അവര്‍ പണത്തിന്റെ വില പഠിക്കേണ്ടതുണ്ട്. ആ സമയത്ത് ഞാന്‍ അവളോട് യോജിക്കും. എന്നിട്ട് ഞാന്‍ അവളോട് ചോദിക്കും, 'അവര്‍ ഒരു ബംഗ്ലാവില്‍ താമസിക്കുകയും മെഴ്സിഡസില്‍ കറങ്ങി നടക്കുകയും ചെയ്യുകയാണെങ്കില്‍ ഈ ആറ് മണിക്കൂര്‍ വിമാനയാത്രയില്‍ അവര്‍ എന്ത് പഠിക്കാനാണെന്ന്? നിങ്ങള്‍ അവരെ പണത്തിന്റെ വില പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റെല്ലാം കൂടി അവരില്‍ നിന്ന് എടുത്തുമാറ്റേണ്ടി വരും എന്നും അവളോട് പറയും.'-അര്‍ഷാദ് വാര്‍സി വ്യക്തമാക്കുന്നു.

ഭാര്യയാണ് തന്റെ ഏറ്റവും വലിയ പിന്തുണയെന്നും അര്‍ഷാദ് പറയുന്നു. 'മരിയ എന്ന വ്യക്തിയോടും അവള്‍ കുടുംബത്തെ ഒരുമിച്ച് നിര്‍ത്തുന്ന രീതിയോടും എനിക്ക് വലിയ ബഹുമാനമുണ്ട്. എനിക്ക് പിന്നില്‍ ശക്തയായ ഒരു സ്ത്രീ ഉണ്ടെന്ന് അറിയാവുന്നതുകൊണ്ടാണ് എനിക്ക് ഒരുപാട് റിസ്‌ക്കുകള്‍ എടുക്കാന്‍ കഴിയുന്നത്. നാളെ എനിക്ക് സിനിമയില്‍ അവസരം ലഭിക്കാതെ വന്നാല്‍ ആ മിടുക്കിയായ സ്ത്രീ കുടുംബത്തെ സംരക്ഷിച്ചുകൊള്ളും.നാല് വര്‍ഷം ഞാന്‍ ജോലി ചെയ്യാതിരുന്ന സമയം ഞാന്‍ ഓര്‍ക്കുന്നു. എന്റെ ഭാര്യ ജോലി ചെയ്ത് കുടുംബം നോക്കുന്നതില്‍ എനിക്ക് ഒരു നാണക്കേടും തോന്നിയിരുന്നില്ല.'-അര്‍ഷാദ് പറയുന്നു.

Content Highlights: actor arshad warsi recalls going through a lean period in his career and how his wife supported him