'ഹാജയുടേയും എന്റേയും മക്കള്‍ ഒരുമിച്ചു വളര്‍ന്നവര്‍, കുടുംബത്തിലെ കല്ല്യാണം നടന്നതുപോലെ തോന്നി'

താരസമ്പന്നമായി നടന്‍ അപ്പ ഹാജയുടെ മകളുടെ വിവാഹം. അടുത്ത സുഹൃത്തും നടനുമായ കൃഷ്ണ കുമാര്‍ കുടുംബസമേതം വിവാഹത്തിനെത്തി. നടിമാരായ ബീന ആന്റണി, തസ്‌നി ഖാന്‍, മായ വിശ്വനാഥ്, നടന്‍ സാദിഖ്, സംവിധായകന്‍ ഫാസില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വര്‍ഷങ്ങളായി സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് കൃഷ്ണ കുമാറും അപ്പ ഹാജയും. മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക, ഭാര്യ സിന്ധു എന്നിവര്‍ക്കൊപ്പമാണ് കൃഷ്ണ കുമാര്‍ വിവാഹത്തിനെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
കൃഷ്ണ കുമാറും സിന്ധു കൃഷ്ണയും അഹാനയും ചടങ്ങില്‍ നിന്നെടുത്ത ഗ്രൂപ്പ് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഹാജയുടേയും സൈനയുടേയും മകള്‍ നെച്ചുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കുടുംബത്തിലെ ഒരു കല്ല്യാണം നടന്നതു പോലെയാണ് തോന്നിയതെന്നും കൃഷ്ണ കുമാര്‍ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു. സന്തോഷങ്ങളും സങ്കടങ്ങളും ഒരുപാട് പങ്കുവെച്ചവരാണെന്നും തന്റെ കല്ല്യാണത്തിന് പോലും നിമിത്തമായ വ്യക്തിയാണ് ഹാജയെന്നും കൃഷ്ണ കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു. നെച്ചുവിനും നാസുക്കിനും സന്തുഷ്ടമായ കുടുംബജീവിതവും അദ്ദേഹം ആശംസിച്ചു.
'നാച്ചുവിന്റെ വിവാഹം' എന്ന ക്യാപ്ഷനോടെയാണ് സിന്ധു ചിത്രം പോസ്റ്റ് ചെയ്തത്. ബീന ആന്റണിയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. 'ഹാജ, കിച്ചു, ഞാനുമായി ബോണ്ടിങ് ഉണ്ടായിരുന്ന യഥാര്‍ഥ സുഹൃത്തുക്കള്‍. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം ഹാജയുടെ മകളുടെ വിവാഹത്തിന് ഞങ്ങള്‍ എല്ലാവരും ഒത്തുകൂടിയപ്പോള്‍. ഞങ്ങളുടെ മക്കളൊക്കെ വലുതായ ശേഷം എല്ലാവരേയും ഒന്നിച്ചുകണ്ടപ്പോള്‍ വല്ലാത്തൊരു ഫീലായിരുന്നു.' ബീന ചിത്രത്തിനൊപ്പം കുറിച്ചു.
നേരത്തെ അപ്പ ഹാജയ്‌ക്കൊപ്പമുള്ള പെരുന്നാള്‍ ആഘോഷത്തിന്റെ ഓര്‍മകള്‍ കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. പെരുന്നാള്‍ ദിനങ്ങളില്‍ ഹാജയ്‌ക്കൊപ്പമായിരിക്കും ഭക്ഷണം കഴിക്കുകയെന്നും ഷൂട്ടിലാണെങ്കിലും ഹാജയുടെ വക സ്‌പെഷല്‍ ഭക്ഷണം വീട്ടിലെത്തിക്കുമെന്നും കൃഷ്ണ കുമാര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരത്ത് കൃഷ്ണ കുമാര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ തൊട്ടടുത്ത ഫ്‌ളാറ്റിലെ ആളുടെ ബന്ധുവായിരുന്നു അപ്പ ഹാജ. 1988-ല്‍ പുറത്തിറങ്ങിയ കോക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലൂടേയാണ് അപ്പ ഹാജയുടെ സിനിമാ അരങ്ങേറ്റം. ഇന്‍ ഹരിഹര്‍ നഗറിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഒട്ടേറെ സിനിമകളുടെ ഭാഗമായി.
Content Highlights: actor appa haja daughter marriage krishna kumar with family