അമ്മ ചെയ്യുന്നത് ഗംഭീരമായ കാര്യങ്ങളാണെന്ന് ആരാധ്യ; അഭിമാനത്തോടെ ഐശ്വര്യ

ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും | Photo: PTI
ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും | Photo: PTI

കഴിഞ്ഞ ദിവസമാണ് ലോകസുന്ദരി ഐശ്വര്യ റായ് 50-ാം പിറന്നാള്‍ ആഘോഷിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ ഐശ്വര്യക്ക് പിറന്നാളാശംസകൾ നേര്‍ന്നു. ഭര്‍ത്താവും നടനുമായ അഭിഷേകും ഐശ്വര്യയ്ക്ക് ആശംസ നേര്‍ന്ന് ചിത്രം പങ്കുവെച്ചു.

ഇപ്പോഴിതാ അമ്മ വൃന്ദ റായിക്കും മകള്‍ ആരാധ്യയ്ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മൂന്നു പേരും ഒരുമിച്ച് കേക്ക് മുറിക്കുന്നതാണ് വീഡിയോയിലുള്ളത്. മൂന്ന് തലമുറകളുടെ സംഗമം എന്നാണ് ഈ വീഡിയോക്ക് താഴെ ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

അര്‍ബുദ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു ഈ ആഘോഷം. ഐശ്വര്യ കേക്ക് മുറിച്ച് അമ്മയ്ക്കും മകള്‍ക്കും നല്‍കി. കര്‍വാ ചൗത്ത് വ്രതം അനുഷ്ഠിച്ചതിനാല്‍ ഐശ്വര്യ കേക്ക് കഴിച്ചില്ല.

ആഘോഷത്തിന് ശേഷം അമ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആരാധ്യ സംസാരിച്ചു. 'അമ്മ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ കരുതുന്നു. ലോകത്തിന് സഹായകരമാകുന്ന കാര്യങ്ങളാണ് എന്റെ പ്രിയപ്പെട്ട അമ്മ ചെയ്യുന്നത്. നമുക്ക് ചുറ്റുമുള്ള എല്ലാവരേയും അമ്മ സഹായിക്കുന്നു. നിങ്ങള്‍ ചെയ്യുന്നത് ശരിക്കും ഗംഭീരമായ കാര്യങ്ങളാണെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു.' 

11-കാരിയുടെ ഈ വാക്കുകള്‍കേട്ട് ഐശ്വര്യയുടെ മുഖത്തെ സന്തോഷവും അഭിമാനവും വീഡിയോയില്‍ കാണാമായിരുന്നു. ആരാധ്യയുടെ പ്രസംഗം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഐശ്വര്യ വ്യക്തമാക്കി. 

വെള്ള ചിക്കന്‍കാരി സല്‍വാര്‍ സ്യൂട്ടാണ് പിറന്നാള്‍ ദിനത്തില്‍ ഐശ്വര്യ ധരിച്ചത്. നിയോണ്‍ പിങ്കും ഗോള്‍ഡനും നിറത്തിലുള്ള ബോര്‍ഡര്‍ സല്‍വാര്‍ സ്യൂട്ടിനെ കൂടുതല്‍ മനോഹരമാക്കി. നിറയെ എംബ്രോയ്ഡറി വര്‍ക്കുകള്‍ നിറഞ്ഞ ഹെവി ഷാളായിരുന്നു ഈ സല്‍വാര്‍ സ്യൂട്ടിന്റെ പ്രത്യേകത. അഴിച്ചിട്ട മുടിയും പിങ്ക് ഗ്ലോസി ചുണ്ടുകളും താരത്തെ കൂടുതല്‍ മനോഹരിയാക്കി.
 

Content Highlights: aaradhya bachchan leaves aishwarya rai in shock as she delivers her first ever speech in public