'കേരളത്തില്നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്ര,ഏത് ഫ്ളൈറ്റിലാണെന്ന് ചോദിച്ചു, KSRTCയിലാണെന്ന് പറഞ്ഞു'

എപ്പോഴും ലാളിത്യം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ആമിര് ഖാന്റെ മകന് ജുനൈദ് ഖാന്. സാധാരണക്കാരെപ്പോലെ ബസിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്യുന്ന ജുനൈദിന്റെ ചിത്രങ്ങള് സോഷ്യല് മീഡിയയില് പ്രചരിക്കാറുമുണ്ട്. കോടിക്കണക്കിന് രൂപയുടെ സമ്പത്തുണ്ടായിട്ടും ജുനൈദ് സ്വന്തമായി ഒരു കാര്പോലും വാങ്ങിയിട്ടില്ലെന്ന് ആരാധകര് ഈ ചിത്രങ്ങള്ക്ക് താഴെ കുറിച്ചിരുന്നു.
ജുനൈദിനോട് ഇക്കാര്യം പറഞ്ഞ് മടുത്തതാണെന്ന് ആമിര് ഖാനും പറയുന്നു. പുതിയ കാര് വാങ്ങിത്തരാമെന്ന് താന് പറഞ്ഞിട്ടും ജുനൈദ് അത് നിരസിച്ചുവെന്നും അവന്റേതായ ലോകത്താണ് മകന് ജീവിക്കുന്നതെന്നും ആമിര് വ്യക്തമാക്കുന്നു. താരപുത്രനാണെന്ന തരത്തിലല്ല ജുനൈദിനെ വളര്ത്തിയതെന്നും സാധാരണക്കാരന്റെ മകനെ പോലെയാണെന്നും അതിനാലാണ് അവന് ലാളിത്യത്തില് ജീവിക്കുന്നതെന്നും ആമിര് അഭിമുഖത്തില് പറയുന്നു.
'എന്റെ മൂന്നു മക്കളും വളരെ സെന്സിറ്റീവ് ആണ്. കോവിഡ് വ്യാപനത്തിന്റെ സമയത്ത് റീനയുടെ മാതാപിതാക്കള് ഒരുമിച്ച് കോവിഡ് പോസിറ്റീവായി. അവരോടൊപ്പം താമസിക്കാന് ജുനൈദ് സന്നദ്ധനായി. രണ്ടാഴ്ചയോളം ജുനൈദ് അവരെ തനിച്ചാണ് പരിചരിച്ചത്. അന്ന് ജോലിക്കാര് പോലും കൂട്ടിനില്ലായിരുന്നു. അന്ന് എനിക്ക് അഭിമാനം തോന്നി'- ആമിര് പറയുന്നു. 'ജുനൈദ് ഇതുവരെ ഒരു കാര് വാങ്ങിയിട്ടില്ല എന്നറിഞ്ഞാല് നിങ്ങള് ഞെട്ടും. അവന് രണ്ട് സിനിമകള് ചെയ്തു. അവന് പൊതുഗതാഗതമാണ് ഉപയോഗിക്കുന്നത്. ഒരു കാര് വാങ്ങാന് അവനോട് പറഞ്ഞു മടുത്തു. എന്റെ ഏതെങ്കിലും ഒരു കാര് എടുത്തോ എന്നും പറഞ്ഞു. അവന് പറയും, 'വേണ്ട അച്ഛാ, എനിക്ക് കാറിന്റെ ആവശ്യമില്ല, ഞാന് ഒരു ഓല ബുക്ക് ചെയ്യും'. ഒരിക്കല് അവന് കേരളത്തിലായിരുന്നപ്പോള് ഒരു സുഹൃത്തിന്റെ വിവാഹത്തില് പങ്കെടുക്കാന് ബെംഗളൂരുവില് പോകേണ്ടതായി വന്നു. ഏത് ഫ്ളൈറ്റിലാണ് പോകുന്നതെന്ന് ഞാന് ചോദിച്ചപ്പോള് അവന് പറഞ്ഞു, രാത്രിയുള്ള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് ബസ്സിലാണ് പോകുന്നതെന്ന്.'- അഭിമുഖത്തില് ആമിര് പറയുന്നു. എന്നാല് ജുനൈദ് പറഞ്ഞ സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് ബസ് കേരളത്തിന്റെയാണോ കര്ണാടകത്തിന്റെയാണോ എന്ന് ആമിര് അഭിമുഖത്തില് വ്യക്തമാക്കിയിട്ടില്ല.
ഒരിക്കല് ഓട്ടോയിലെത്തിയതുകൊണ്ട് യാഷ് രാജ് സ്റ്റുഡിയോയിലേക്ക് കയറ്റാതെ ജുനൈദിനെ തടഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. താന് അവരുടെ ഒരു സിനിമയിലെ നായകനാണെന്ന് അവിടുത്തെ സുരക്ഷാ ജീവനക്കാരനോട് പറയേണ്ടി വന്നു. ഈ സംഭവം ജുനൈദിന്റെ 'മഹാരാജ്' എന്ന സിനിമയിലെ സഹതാരം ജയ്ദീപ് അഹ്ലാവത്താണ് പങ്കുവെച്ചത്.
Content Highlights: aamir khan says junaid khan still uses public transport after two films