68 വർഷമായി കൂട്ട് ഖാദി, ഹാഫ് സാരിയിലൂടെ തുടങ്ങിയ പ്രമോദിനി അമ്മയുടെ പ്രിയം

തിരുവനന്തപുരം: ‘‘സ്വരാജ് പോലെ ഖാദിയും നമ്മുടെ ജന്മാവകാശമാണ്. അതുമാത്രം ഉപയോഗിക്കുക എന്നത് നമ്മുടെ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന കടമയാണ്.’’ മഹാത്മാ ഗാന്ധിയുടെ ഈ വാക്കുകൾ അക്ഷരംപ്രതി അനുഷ്ഠിച്ച് ആറു പതിറ്റാണ്ടിലേറെയായി, 68 വർഷമായി നാലാഞ്ചിറ കളിയിൽവീട്ടിൽ പി.കെ. പ്രമോദിനി അമ്മ ഖാദിവസ്ത്രങ്ങൾ മാത്രമേ ധരിക്കാറുള്ളൂ.
ഖാദി തനിക്ക് ജീവശ്വാസമാണെന്നും അതല്ലാതെയുള്ള ഒരു വസ്ത്രത്തെക്കുറിച്ച് ചിന്തിക്കാൻ പോലും വയ്യെന്നും പറയുന്നു 83 വയസ്സുകാരിയായ ഈ അമ്മ.
എസ്എസ്എൽസി അവധിക്കാലം കഴിഞ്ഞ് കൂട്ടുകാരികളെല്ലാം കൂടി ഹാഫ് സാരി ധരിക്കാൻ തീരുമാനിച്ചതാണ് പ്രമോദിനി അമ്മയെ ഖാദിയുടെ ലോകത്തേക്കടുപ്പിച്ചത്. ഹാഫ് സാരി വേണമെന്നാവശ്യപ്പെട്ടപ്പോൾ അച്ഛൻ പരമേശ്വരൻ പിള്ള വാങ്ങി നൽകിയത് ഖദറിന്റെ വലിയ ഷാളായിരുന്നു.
അമ്മ കുഞ്ഞുലക്ഷ്മി അമ്മയോട് പരാതി പറഞ്ഞപ്പോൾ ഇത് കൊണ്ട് തൃപ്തിപ്പെടാൻ പറഞ്ഞു. അന്ന് ഈ ഷാളുമുടുത്ത് പോയപ്പോൾ കൂട്ടുകാരികൾ കളിയാക്കിയെങ്കിലും അത് ഖാദിയോട് തനിക്കുള്ള ആത്മബന്ധത്തിന്റെ തുടക്കമായിരുന്നുവെന്ന് പ്രമോദിനി അമ്മ പറയുന്നു.
ട്യൂഷനെടുത്ത് പണം സമ്പാദിച്ചതോടെ സ്വന്തമായി ഖാദി വസ്ത്രങ്ങൾ വാങ്ങാൻ തുടങ്ങി. എസ്എസ്എൽസി കഴിഞ്ഞ് ഒരു വർഷത്തോളം മധുര ഗാന്ധിഗ്രാമിലുൾപ്പെടെയായിരുന്നു തുടർപഠനം. ഇവിടത്തെ ജീവിതവും ഖാദിയെ സ്‌നേഹിക്കാൻ കാരണമായി.
പതിനേഴാം വയസ്സിൽ നാട്ടിൽ തിരികെയെത്തിയപ്പോൾ വിമോചന സമരം കൊടുമ്പിരിക്കൊണ്ടിരിക്കുകയായിരുന്നു. അന്ന് നാലണ മെമ്പർഷിപ്പെടുത്താണ് പ്രമോദിനി കോൺഗ്രസിൽ ചേർന്നത്.
പിന്നീട് സേവാദളിൽ ഉൾപ്പെടെ പ്രധാന ചുമതലകൾ വഹിക്കുകയും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ആയി പ്രവർത്തിക്കുകയും ചെയ്തു. കോൺഗ്രസ് രണ്ടായപ്പോൾ സംഘടന കോൺഗ്രസിൽ ചേർന്ന് പ്രവർത്തിച്ചു.
1972-ഓടെ പൂർണസമയ രാഷ്ട്രീയ പ്രവർത്തനം നിർത്തി. സംഘടനാ ജീവിതത്തിനിടെ പരിചയപ്പെട്ട കോൺഗ്രസ് നേതാവായ പി.ബാലകൃഷ്ണൻ നായരെയാണ് പ്രമോദിനി അമ്മ വിവാഹം ചെയ്തത്.ഇക്കാലമത്രയും, ഇപ്പോഴും വീട്ടിൽപ്പോലും ഖാദി വസ്ത്രങ്ങൾ മാത്രമാണ് ധരിക്കുന്നത്. ആകെയുള്ളയൊരു ദുഃഖം കല്യാണസാരി ഖാദിയല്ലായിരുന്നു എന്നതാണ്.
കല്യാണ ദിവസം മാത്രം ഉടുത്ത് ഇത് മാറ്റിെവച്ചു. പ്രമോദിനി അമ്മക്ക് എല്ലാവരും സമ്മാനമായും ഖാദി വസ്ത്രങ്ങൾ മാത്രമേ നൽകാറുള്ളൂ. തിരികെ അങ്ങോട്ട് വാങ്ങി നൽകുന്നതും ഖാദി തന്നെ.
മൂന്ന് പെൺമക്കളാണ് പ്രമോദിനി അമ്മക്ക്. ഭർത്താവിന്റെ മരണശേഷം രണ്ടാമത്തെ മകളോടും കുടുംബത്തോടുമൊപ്പമാണ് ഇപ്പോൾ താമസം.
Content Highlights: For 68 years, P.K. Pramodini Amma has worn only Khadi, inspired by Gandhi`s words