അപ്പാർട്ട്‌മെന്റിൽ മുന്നൂറോളം പൂച്ചകൾ, പരാതിയിൽ ഉടമയ്ക്ക് നോട്ടീസ്

പ്രതീകാത്മക ചിത്രം | Photo: Gettyimages
പ്രതീകാത്മക ചിത്രം | Photo: Gettyimages

മുംബൈ: പുണെ നഗരത്തിലെ മാർവൽ ബോണ്ടി സൊസൈറ്റിയിലെ ഒൻപതാം നിലയിലെ അപ്പാർട്ട്‌മെന്റിൽ 300-ഓളം പൂച്ചകളെ കണ്ടെത്തി. അയൽവാസികളുടെ പരാതിയെത്തുടർന്ന് പുണെ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ദുർഗന്ധം വമിക്കുന്ന തരത്തിൽ പൂച്ചകളെ കണ്ടെത്തിയത്.

തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചകളെ ഏറ്റെടുത്ത് സംരക്ഷിക്കുന്നയാളാണ് ഫ്ലാറ്റുടമ. സാധാരണയായി പൂച്ചയെ പിടിച്ചു കൊണ്ടുവന്ന് ഭക്ഷണം നൽകി ആരോഗ്യം മെച്ചപ്പെടുമ്പോൾ തുറന്നുവിടാറാണ് പതിവ്. എന്നാൽ, എണ്ണം കൂടിയതോടെ ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇതോടെ, അയൽക്കാർ അധികൃതർക്ക് പരാതി നൽകി.

അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയാണ് അവിടെ കണ്ടതെന്ന് പുണെ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പൂച്ചകൾ കുമിഞ്ഞുകൂടി കിടക്കുകയായിരുന്നെന്ന് പരിശോധന നടത്തിയ കോർപ്പറേഷനിലെ ആരോഗ്യ ഇൻസ്പെക്ടർ നിലേഷ് ജഗ്‌ദേൽ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ പൂച്ചകളെയും മാറ്റാൻ ഫ്ലാറ്റുടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഉടമയുടെപേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Content Highlights: 300 cats in apartment complaint against flat owner