വർഷങ്ങളായി ദിവസം 18 മണിക്കൂർ ജോലി; ഒടുവിൽ ഏഴ് കോടി രൂപയുടെ വീട് സ്വന്തമാക്കി 26-കാരി | VIDEO

കഠിനാധ്വാനത്തിലൂടെ തന്റെ സ്വപ്‌നം എത്തിപ്പിടിച്ച ഒരു യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വർഷങ്ങളോളം ജോലി ചെയ്താണ് ഈ 26-കാരി സ്വപ്‌നത്തിലേക്ക് നടന്നടുത്തത്. ദിവസം 18 മണിക്കൂർ വരെയാണ് ഇവർ ജോലി ചെയ്തിരുന്നത്. സിങ്കപ്പൂർ സ്വദേശിനിയായ ക്രിസ് എന്ന യുവതിയാണ് പത്ത് ലക്ഷം സിങ്കപ്പൂർ ഡോളർ (ഏകദേശം ഏഴ് കോടി രൂപ) വിലവരുന്ന പടുകൂറ്റൻ വീട് സ്വന്തമാക്കിയിരിക്കുന്നത്.
മുഴുവൻ സമയ കണ്ടന്റ് ക്രിയേറ്ററാണ് ക്രിസ്. ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുമ്പോൾ പോലും താൻ ജോലി ചെയ്യാറുണ്ടെന്ന് ക്രിസ് പറയുന്നു. തന്റെ പുതിയ നേട്ടവും സോഷ്യൽ മീഡിയയിലൂടെയാണ് അവർ പങ്കുവെച്ചത്. വീട് വാങ്ങുന്ന കാര്യം താക്കോൽ ഏറ്റുവാങ്ങുന്ന ദിവസം വരെ കുടുംബത്തിൽ ആർക്കും അറിയില്ലായിരുന്നുവെന്നും ക്രിസ് പറയുന്നു.
'27 വയസിനുള്ളിൽ സ്വന്തം വീട് എന്നത് എനിക്ക് എല്ലായ്‌പ്പോഴുമുണ്ടായിരുന്ന സ്വപ്‌നമായിരുന്നു. ഇപ്പോഴിതാ, 2025-ന്റെ അവസാനം ഞാനത് നേടി.' -ക്രിസ് പറഞ്ഞു. 2,40,000 സിങ്കപ്പൂർ ഡോളറാണ് വീടിന്റെ ഡൗൺ പെയ്മന്റായി നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു.
തനിക്ക് 14 വയസുള്ളപ്പോൾ മുതൽ ജോലി തുടങ്ങിയതാണ്. 19-ാം വയസ് മുതൽ നിക്ഷേപിക്കാനും തുടങ്ങി. ചെറുപ്രായത്തിലേ സമ്പാദിക്കാൻ തുടങ്ങിയതും തന്റെ അച്ചടക്കവും സാമ്പത്തിക സ്ഥിരത കൈവരിക്കണമെന്ന അടങ്ങാത്ത ആഗ്രഹവുമാണ് വിജയത്തിന് പിന്നിൽ. കർശനമായ ബജറ്റായിരുന്നു തന്റേത്. ഓരോ ചെലവും നിരീക്ഷിക്കും. സമ്പാദ്യം വർധിപ്പിക്കാനായി വിലകുറഞ്ഞ ഭക്ഷണമാണ് കഴിച്ചിരുന്നതെന്നും ക്രിസ് പറഞ്ഞു.
സ്വതന്ത്രയായി ജീവിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ക്രിസ് എടുത്ത് പറഞ്ഞു. ഇത് തന്റെ അമ്മയാണ് തന്നെ പഠിപ്പിച്ചത്. സിങ്കപ്പൂരിൽ വീട് സ്വന്തമാക്കിയതിലൂടെ സുരക്ഷിതബോധം തോന്നുന്നുവെന്നും ക്രിസ് കൂട്ടിച്ചേർത്തു. നിരവധി പേരാണ് ക്രിസിനെ അഭിനന്ദിക്കുകയും ആശംസകളർപ്പിക്കുകയും ചെയ്തത്.
Content Highlights: 26-Year-Old Singapore Woman Buys $1 Million Home After Working 18 Hours a Day