വീട്ടിൽ സ്നേക്ക് പ്ലാന്റ് വളര്‍ത്തും മുമ്പ് ഇക്കാര്യങ്ങളറിയാം

Photo: Canva
Photo: Canva

വീട്ടില്‍ ചെടികള്‍ വളര്‍ത്താന്‍ ആഗ്രഹമുള്ളവരാണോ? ഇഷ്ടത്തിനനുസരിച്ചാണ് ആളുകള്‍ വീട്ടില്‍ ചെടികള്‍ വളര്‍ത്തുന്നത്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ചെടികളില്‍ എല്ലാം വീട്ടില്‍ വളര്‍ത്താന്‍ പറ്റിയതാണോ അല്ലയോ എന്നതിനെ കുറിച്ച് അറിഞ്ഞശേഷമാണോ അങ്ങനെ ചെയ്യാറുള്ളത്? 

ഏറെപ്പേരും വീടിനകത്തും പുറത്തും സ്നേക്ക് പ്ലാന്റുകള്‍ വളര്‍ത്താറുണ്ട്. എന്നാല്‍ സ്നേക്ക് പ്ലാന്റിനെ കുറിച്ച് ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. അലങ്കാരച്ചെടിയായാണ് സ്നേക്ക് പ്ലാന്റിനെ പൊതുവെ വീടിനകത്ത് വളര്‍ത്തുന്നത്. 

സ്നേക്ക് പ്ലാന്റിന് വെള്ളമൊഴിക്കല്‍ 

മറ്റ് ചെടികളെപ്പോലെയല്ല. സ്നേക്ക് പ്ലാന്റിന് വെള്ളം വേണോ വേണ്ടയോ എന്ന് തിരിച്ചറിഞ്ഞ് അത് ചെയ്യാന്‍ ഇത്തിരി പ്രയാസമാണ്. കൃത്യമായ രീതിയില്‍ വെള്ളം കിട്ടിയാല്‍ മാത്രമേ ഈ ചെടി ശരിയായി വളരുകയുള്ളു. ഒരിക്കല്‍ വെള്ളമൊഴിച്ച് കഴിഞ്ഞാല്‍ ചട്ടിയിലെ മണ്ണ് ്ഉണങ്ങുന്നതുവരെ വെള്ളമൊഴിക്കരുത്. അമിതമായി വെള്ളം മൊഴിച്ചാല്‍ സ്നേക്ക് പ്ലാന്റ് പെട്ടെന്ന് ചീഞ്ഞുപോകും. 

ചെടിച്ചട്ടിയും മണ്ണും സ്നേക്ക് പ്ലാന്റും

അമിതമായി നനയ്ക്കുന്നത് മാത്രമല്ല, ശരിയായ മണ്ണ് തിരഞ്ഞെടുത്തില്ലെങ്കിലും അവ ചീഞ്ഞുപോകാം. വെള്ളംകെട്ടി നില്‍ക്കാത്ത നീര്‍നവാര്‍ച്ചയുള്ള മണ്ണ് തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ വെള്ളം കെട്ടിനിന്ന് വേര് ചീഞ്ഞുപോവുകയോ ഇലകൊഴിഞ്ഞുപോവുകയോ ചെയ്യും. 

സ്നേക്ക് പ്ലാന്റ് നടാന്‍ ചട്ടി തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വീടിനകത്ത് വളര്‍ത്തുമ്പോള്‍ മൂന്നടിവരെ ചെടിക്ക് ഉയരംവെക്കാം. പുറത്താണെങ്കില്‍ ഇതിലും കൂടിയ ഉയരത്തില്‍ വളരുന്നു. ചെറിയ സ്നേക്ക് പ്ലാന്റിന് ചെറിയ ചട്ടി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വലിയ ചട്ടിയില്‍ കൂടുതല്‍ മണ്ണും അതിലേക്ക് കൂടുതല്‍ വെള്ളവും ഒഴിച്ചാല്‍ ചെടി ചീഞ്ഞുപോകും. 

പൂക്കളില്ലാത്ത ചെടി

പൂക്കളില്ലാത്തതുകൊണ്ടുതന്നെ അത്ര ആകര്‍ഷണീയമല്ലാത്ത ചെടിയാണ് സ്നേക്ക് പ്ലാന്റുകള്‍. ചില അപൂര്‍വം സ്നേക്ക് പ്ലാന്റുകള്‍ മാത്രമാണ് പൂക്കുന്നത്. 

അമിത ചൂട് താങ്ങില്ല

അധികം ചൂടും തണുപ്പുമുള്ള സ്ഥലങ്ങളില്‍ സ്‌നേക്ക് പ്ലാന്റുകള്‍ വെക്കാതിരിക്കുക. ആഫ്രിക്കയാണ് ഈ ചെടിയുടെ ജന്മദേശം. അതുകൊണ്ടുതന്നെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. എങ്കിലും നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ കൂടുതല്‍ നേരം തുടര്‍ച്ചയായി 100 ഡിഗ്രി ഫാരൻഹീറ്റിന് (37.77 ഡിഗ്രി സെൽഷ്യസ്) മുകളിലുള്ള താപനിലയില്‍ ഇരുന്നാല്‍ അവയുടെ ആരോഗ്യത്തിന് ഭീഷണിയായേക്കാം. ഒരു സ്‌നേക്ക് പ്ലാന്റ് വീടിനുള്ളില്‍ വെക്കുമ്പോള്‍, താപനില 65 ഡിഗ്രി ഫാരൻഹീറ്റിനും 85 ഡിഗ്രി ഫാരൻഹീറ്റിനും (18-29 ഡിഗ്രി സെൽഷ്യസ്) ഇടയില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുക. താപനില അധികം വ്യതിയാനമില്ലാത്ത ഒരിടത്ത് സ്‌നേക്ക് പ്ലാന്റ് വെച്ചാല്‍ അവ ആരോഗ്യത്തോടെ ഇരിക്കും.

ഫംഗസ് ബാധ

സ്‌നേക്ക് പ്ലാന്റിനെ ശരിയായി പരിപാലിക്കുന്നത് കീടബാധയും ഫംഗസ് ബാധയും തടയാന്‍ സഹായിക്കും. ഈ ചെടിയില്‍ ഉണ്ടാകാവുന്ന ഒരുതരം ഫംഗസാണ് സൗത്തേണ്‍ ബ്ലൈറ്റ് (Southern blight). ഈ ഫംഗസ് പാടുകളായി വലുതാകുകയും പിന്നീട് ഇലകള്‍ തവിട്ടുനിറത്തിലോ ചാരനിറത്തിലോ മാറാന്‍ കാരണമാകുകയും ചെയ്യും. ചെടിയില്‍ സൗത്തേണ്‍ ബ്ലൈറ്റിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അത് പടരുന്നതിന് മുമ്പ് ബാധിച്ച ഇലകള്‍ വെട്ടിയൊഴിവാക്കാന്‍ ശ്രദ്ധിക്കുക. 

വിഷാംശമുണ്ട് സൂക്ഷിക്കുക

സ്‌നേക്ക് പ്ലാന്റ് മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും വിഷകരമായി കണക്കാക്കപ്പെടുന്നു. ഇലകളിലുള്ള സാപ്പോണിന്‍ രാസവസ്തുക്കള്‍ കഴിക്കുകയോ ചവയ്ക്കുകയോ ചെയ്താല്‍ വിഷബാധയേല്‍ക്കുന്നു. 

സ്‌നേക്ക് പ്ലാന്റുകള്‍ മനുഷ്യര്‍ക്ക് നേരിയ തോതില്‍ മാത്രം വിഷമുള്ളതായി കാണപ്പെടുന്നുണ്ടെങ്കിലും, നായ്ക്കളും പൂച്ചകളും ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് ഇവ കൂടുതല്‍ വിഷകരമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 
 

Content Highlights: How to care for snake plants