ഒരു നൂറ്റാണ്ടിലേറെ പഴക്കം, സത്യജിത് റായ്‌യുടെ തറവാട് വീട് പൊളിച്ചുനീക്കുന്നു; പ്രതികരിച്ച് മമത

സത്യജിത് റായ്‌, സത്യജിത് റായ്‌യുടെ തറവാട് വീട് | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്, VladAdiReturns/x.com
സത്യജിത് റായ്‌, സത്യജിത് റായ്‌യുടെ തറവാട് വീട് | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്, VladAdiReturns/x.com

ലോകപ്രശസ്ത ചലച്ചിത്രകാരന്‍ സത്യജിത് റായ്‌യുടെ ധാക്കയിലെ തറവാട് വീട് പൊളിച്ചുനീക്കാനൊരുങ്ങി അധികൃതര്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ചൊവ്വാഴ്ച ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. 

ധാക്കയിലെ ഹൊരികിഷോര്‍ റായ്‌ ചൗധരി റോഡിലുള്ള നൂറ്റാണ്ട് പഴക്കമുള്ള ഈ വീട് റായ്‌യുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോര്‍ റായ്‌ ചൗധരിയുടെതായിരുന്നു. ചരിത്രപ്രാധാന്യമുള്ള ഈ കെട്ടിടം പൊളിച്ചുനീക്കുന്ന പ്രവൃത്തികള്‍ ഇതിനകം ആരംഭിച്ചതായി പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് മമത ബാനര്‍ജി പറഞ്ഞു. 

'ഈ വാര്‍ത്ത അതീവ ദുഃഖകരമാണ്. ബംഗാളി സംസ്‌കാരത്തിന്റെ പ്രധാന വാഹകരാണ് റായ്‌ കുടുംബം. ബംഗാളിന്റെ നവോത്ഥാനത്തിന്റെ ഒരു നെടുംതൂണാണ് ഉപേന്ദ്ര കിഷോര്‍. അതിനാല്‍, ഈ വീട് ബംഗാളിന്റെ സാംസ്‌കാരിക ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു,' എക്‌സിലെ കുറിപ്പില്‍ മമത പറഞ്ഞു.

ഈ പൈതൃക ഭവനം സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് സര്‍ക്കാരിനോടും രാജ്യത്തെ എല്ലാ സുമനസ്സുകളോടും അഭ്യര്‍ഥിക്കുന്നുവെന്നും അവര്‍ കുറിച്ചു. ഈ വിഷയത്തില്‍ ഇടപെടണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോടും മമതാ ബാനര്‍ജി അഭ്യര്‍ഥിച്ചു. 

ഉപേന്ദ്ര കിഷോര്‍ റായ്‌ ചൗധരിയുടെ പുരാവസ്തു സ്മാരകമായ വീട് മുന്‍പ് മൈമെന്‍സിംഗ് ചില്‍ഡ്രന്‍സ് അക്കാദമിയായി ഉപയോഗിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി അധികാരികള്‍ അവഗണിച്ചതിനെ തുടര്‍ന്ന് ഇത് ജീര്‍ണാവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

'ഒരു പുതിയ സെമി-കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കാനാണ് ഇത് പൊളിച്ചുനീക്കുന്നതെന്ന്' ബംഗ്ലാദേശ് പ്രസിദ്ധീകരണമായ ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബംഗ്ലാദേശ് പുരാവസ്തു വകുപ്പിന്റെ കണക്കനുസരിച്ച്, ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഈ വീട്. 1947-ലെ വിഭജനത്തിന് ശേഷം ഈ സ്വത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലായി.

'കഴിഞ്ഞ 10 വര്‍ഷമായി വീട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ചില്‍ഡ്രന്‍സ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു വാടകക്കെട്ടിടത്തിലാണ് നടക്കുന്നത്,' ധാക്കയിലെ ചില്‍ഡ്രന്‍സ് അഫയേഴ്‌സ് ഓഫീസര്‍ എം.ഡി. മെഹദി സമാന്‍ ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു.

അക്കാദമി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി നിരവധി മുറികളുള്ള ഒരു സെമി-കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കുമെന്നും ആവശ്യമായ അനുമതികളോടെയാണ് പൊളിച്ചുനീക്കലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില്‍ഡ്രന്‍സ് അക്കാദമിയായി പ്രവര്‍ത്തിക്കവെ കുട്ടികള്‍ക്ക് അപകടസാധ്യതയുള്ളതിനാലാണ് കെട്ടിടം പൊളിച്ചുനീക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. 

Content Highlights: Satyajit Ray`s Ancestral Home Demolished