താമസത്തിനായി അൻ്റീലിയയിലെ 27-ാം നില തിരഞ്ഞെടുത്തതിൻ്റെ കാരണമിതാണ്- നിത അംബാനി

നിത അംബാനി, ആൻ്റീലിയ| ഫോട്ടോ: ANI, Instagram @antiliahouse
നിത അംബാനി, ആൻ്റീലിയ| ഫോട്ടോ: ANI, Instagram @antiliahouse

ലോകത്തെതന്നെ ഏറ്റവും വിലപിടിപ്പുള്ള വീട് എന്നറിയപ്പെടുന്ന ബിസിനസ് ഭീമന്‍ മുകേഷ് അംബാനിയുടേയും ബിസിനസുകാരി നിത അംബാനിയുടേയും മുംബൈയിലെ വസതിയായ അൻ്റീലിയ പല കാരണങ്ങള്‍ക്കൊണ്ടും പ്രസിദ്ധമാണ്. 15,000 കോടി രൂപ മൂല്യമുളള 27 നിലകളുള്ള വസതി പരിപാലിക്കാനായിമാത്രം ഓരോ വര്‍ഷവും 30 കോടി രൂപ അംബാനി കുടുംബം ചിലവാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

570 അടി ഉയരമുള്ള വസതിയുടെ 27-ാം നിലയിലാണ് മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കള്‍ അനന്ദ്, ആകാശ്, മരുമകള്‍ ശ്ലോക, കൊച്ചുമക്കളായ വേദ, പ്രിഥ്വി എന്നിവരടക്കം താമസിക്കുന്നത്. 400,000 ചതുരശ്ര അടി വിസ്തീരണമുള്ള വീടിന്റെ ഏറ്റവും മുകളിലെ നിലതന്നെ താമസിക്കാനായി കുടുംബം തിരഞ്ഞെടുത്തതിന്റെ കാരണം പങ്കുവെച്ചിരിക്കുകയാണ് നിത അംബാനി . 

49 കിടപ്പുമുറികളാണ് ഇവിടെയുള്ളത്. വലിയ ബോള്‍ റൂം, ഹെല്‍ത്ത് സ്പാ, നിരവധി സ്വിമ്മിങ് പൂളുകള്‍, സ്നോ റൂം, മൂന്ന് ഹെലിപാഡ്, ഒമ്പത് ഹൈ സ്പീഡ് ലിഫ്റ്റുകള്‍, ബഹുനില പാര്‍ക്കിങ് എന്നിവയും ഈ വസതിയിലുണ്ട്. 600 ജോലിക്കാരാണ് ഇവിടെയുള്ളത്. കെട്ടിടകത്തിനുള്ളില്‍തന്നെ ആഘോഷ പരിപാടികള്‍ ഉള്‍പ്പടെ നടത്താനാകുന്ന വലിയ മുറിയെയാണ് ബോള്‍ റൂം എന്ന് പറയുന്നത്.

ആനന്ദ് അംബാനിയുടെ വിവാഹ സമയത്തെ ആൻ്റീലിയ| ഫോട്ടോ: AP

50 സീറ്റുള്ള തിയേറ്ററാണ് ഇതിനുള്ളിലുള്ളത്. ഇത്രയധികം അത്യാഡംബര സൗകര്യങ്ങളുള്ളപ്പോഴും എന്തുകൊണ്ട് അംബാനി കുടുംബം 27-ാം നില തന്നെ  തിരഞ്ഞെടുത്തുന്നുവെന്ന് അടുത്തിടെ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിത അംബാനി പങ്കുവെച്ചത്. മുംബൈ നഗരത്തിന്റെ ഒച്ചപ്പാടുകളില്‍ നിന്ന് അകന്ന് സമാധാനമായി താമസിക്കാനാണ് ഇവിടം തിരഞ്ഞെടുത്തതെന്നാണ് നിത പറയുന്നത്. 

സ്വാഭാവിക സൂര്യപ്രകാശമാണ് ഈ നിലയുടെ പ്രധാനസവിശേഷത. വലിയ വെന്റിലേഷന്‍ സംവിധാനവും കൂടെച്ചേരുമ്പോള്‍ സൗകര്യപ്രദമായ ലിവിങ് ഏരിയ ഇവിടെ ലഭിക്കുന്നു. ഈ നിലയിലേക്ക് വളരെ പരിമിതമായ പ്രവേശനമേ മറ്റുള്ളവര്‍ക്ക് ഉള്ളൂ. എളുപ്പത്തില്‍ ആളുകളുടെ കണ്ണില്‍പ്പെടുന്നില്ലെന്നതാണ് 27-ാം നില കുടുംബത്തിന്റെ പ്രിയപ്പെട്ട ചോയ്സ് ആക്കുന്നത്. ഇവിടെനിന്നുള്ള അറബിക്കടലിലേക്കുള്ള കാഴ്ചയും മറ്റൊരു ആകര്‍ഷണമാണ്. 

Content Highlights: Antilia: Inside Mukesh Ambani`s Antilia